തിരുവനന്തപുരം: പനി നിയന്ത്രണവിധേയമെന്ന് ആരോഗ്യവകുപ്പും മന്ത്രിയും നിലപാട് ആവർത്തിക്കുേമ്പാഴും സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണവും മരണവും കുതിക്കുന്നു. 11 മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ അഞ്ച് പനിമരണം കൂടി ശനിയാഴ്ച റിപ്പോർട്ട് ചെയ്തു. ഡെങ്കിപ്പനി ബാധിച്ച് മൂന്നുപേരും പനി ബാധിച്ച് രണ്ടുപേരുമാണ് മരിച്ചത്. തിരുവനന്തപുരം വേളി സ്വദേശി ശ്യാമളയും (55), മലപ്പുറം തൃക്കലങ്ങോട്ട് 11 മാസം പ്രായമുള്ള കുഞ്ഞുമാണ് പനി ബാധിച്ച് മരിച്ചത്. തിരുവനന്തപുരം വെഞ്ഞാറമൂട് ആലന്തറ സ്വദേശി അഭിഷേക് ശരത് (21), കൊല്ലം പേരയം സ്വദേശി അൽഫോൺസ (60), മലപ്പുറം അങ്ങാടിപ്പുറം സ്വദേശി നബീസ (75) എന്നിവരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത്. നെടുമങ്ങാട് ഹീരാ എന്‍ജിനീയറിങ് കോളജിലെ നാലാംവര്‍ഷ ഐ.ടി വിദ്യാർഥിയാണ് അഭിഷേക് ശരത്.
അതേസമയം, 26,868 പേരാണ് ശനിയാഴ്ച വിവിധ ആശുപത്രികളില്‍ പനിക്ക് ചികിത്സ തേടിയത്. ശനിയാഴ്ച മാത്രം 216 പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചു. ഒരുദിവസം ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഈ സീസണില്‍ ആദ്യമാണ്. ഇതില്‍ 74 പേര് തിരുവനന്തപുരം ജില്ലയിലും 56 പേര് കൊല്ലം ജില്ലയിലുമാണ്.
ഡെങ്കിപ്പനി ലക്ഷണങ്ങളുമായി 885 പേരും ചികിത്സതേടി. പതിവിലും വിപരീതമായി എച്ച്1എന്‍1 കണക്കും വർധിച്ചു. ശനിയാഴ്ച 35 പേർക്കാണ് എച്ച്1എൻ1 സ്ഥിരീകരിച്ചത്. കൊല്ലത്ത് 10 പേർക്കും എറണാകുളത്ത് എട്ടുപേർക്കും കാസർകോട്ട് അഞ്ചുപേർക്കും ഉൾപ്പെടെ 35 പേർക്കാണ് എച്ച്1എൻ1 കണ്ടെത്തിയത്. എലിപ്പനി 10 പേര്‍ക്കും മലേറിയ നാലുപേര്‍ക്കും ഹെപ്പൈറ്ററ്റിസ് എ അഞ്ചുപേർക്കും ചിക്കന്‍പോക്സ് 50 പേര്‍ക്കും സ്ഥിരീകരിച്ചു. എലിപ്പനി ലക്ഷണങ്ങളുമായി 16 പേരും ചകിത്സതേടി.
പനിബാധയെ തുടര്‍ന്ന് ബുധനാഴ്ച ഏറ്റവും കൂടുതലാളുകള്‍ ചികിത്സ തേടിയത് മലപ്പുറം ജില്ലയിലാണ്. 4423 പേരാണ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെത്തിയത്. തിരുവനന്തപുരം ജില്ലക്കാണ് പനിബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനം. 3633 പേരാണ് ജില്ലയില്‍ ചികിത്സ തേടിയത്. തീരദേശ പ്രദേശങ്ങള്‍ക്കൊപ്പം ജില്ലയിലെ മലയോര മേഖലയിലും ഡെങ്കി പടരുന്നതായാണ് റിപ്പോര്‍ട്ട്. ജില്ലകളിലെ പനിബാധിതരുടെ എണ്ണം, ബ്രാക്കറ്റില്‍ ഡെങ്കി ബാധിതര്‍: തിരുവനന്തപുരം 3633 (74), കൊല്ലം 2014 (56), പത്തനംതിട്ട 728 (0), ഇടുക്കി 510 (ഏഴ്), കോട്ടയം 1273 (നാല്), ആലപ്പുഴ 1308 (ആറ്), എറണാകുളം 1423 (0), തൃശൂര്‍ 1952 (15), പാലക്കാട് 2850 (0), മലപ്പുറം 4423 (0), കോഴിക്കോട് 2851 (45), വയനാട് 975 (അഞ്ച്), കണ്ണൂര്‍ 1934 (0), കാസര്‍കോട് 994 (നാല്).
ഈ വര്‍ഷം ഇതുവരെ 15 ലക്ഷം പേര്‍ക്കാണ് പനി ബാധിച്ചത്. ജൂണില്‍ മാത്രം 5.25 ലക്ഷം പേര് ആശുപത്രിയിലെത്തി. 9104 പേര്‍ക്കാണ് ഈ വര്‍ഷം ഇതുവരെ ഡെങ്കി പിടിപെട്ടത്. ഈ മാസം മാത്രം 4145 പേര് ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.