1. കാണാതായ വിഷ്ണുജിത്ത് 2. വിഷ്ണുജിത്ത് ബസിൽ കയറുന്നതിന്‍റെ സി.സി.ടി.വി ദൃശ്യം

പ്രതിശ്രുത വരന്‍റെ തിരോധാനം: വിഷ്ണുജിത്ത് കോയമ്പത്തൂരിലേക്ക് ബസ് കയറിയെന്ന് പൊലീസ്; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

മലപ്പുറം: മങ്കട സ്വദേശിയായ പ്രതിശ്രുത വരന്‍റെ തിരോധാനത്തിൽ പുതിയ കണ്ടെത്തലുമായി പൊലീസ്. വിവാഹാവശ്യത്തിനുള്ള പണത്തിനായി പാലക്കാട്ടെ സുഹൃത്തിന്‍റെ അടുത്തേക്ക്​ പോയ വിഷ്ണുജിത്ത് അവിടെനിന്ന് കോയമ്പത്തൂരിലേക്ക് പോയതായി പൊലീസ് കണ്ടെത്തി. കോയമ്പത്തൂരിലേക്ക് പോകാൻ വിഷ്ണുജിത്ത് കെ.എസ്.ആർ.ടി.സി ബസിൽ കയറുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഇതേതുടർന്ന് വിഷ്ണുജിത്തിനായുള്ള അന്വേഷണം പൊലീസ് കോയമ്പത്തൂരിലേക്ക് വ്യാപിപ്പിച്ചു.

പ്രതിശ്രുത വരനായ മങ്കട പള്ളിപ്പുറം കുറന്തല വീട്ടിൽ വിഷ്ണുജിത്തിനെ (30) അഞ്ച് ദിവസമായി കാണാനില്ലെന്ന​ പരാതിയുമായി കഴിഞ്ഞ ദിവസമാണ് ബന്ധുക്കൾ രംഗത്തെത്തിയത്. തിരോധാനത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു. വിവാഹാവശ്യത്തിനുള്ള പണത്തിനായി പാലക്കാട്ടെ സുഹൃത്തിന്‍റെ അടുത്തേക്ക്​ സെപ്റ്റംബർ നാലിന്​ രാവിലെ ആറോടെ വിഷ്ണുജിത്ത് പോയതാണ്​. ബസിലായിരുന്നു യാത്ര.

രാത്രി 8.10നാണ്​ അവസാനമായി വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ടത്​. തുടർന്ന്​ ​ഫോൺ സ്വിച്ച്​ ഓഫ്​ ആയി. ഞായറാഴ്​ചയായിരുന്നു വിഷ്​ണുജിത്തിന്‍റെ വിവാഹം നടക്കേണ്ടിയിരുന്നത്. ഒരു ലക്ഷത്തോളം രൂപ സുഹൃത്തിൽ നിന്ന് വാങ്ങി തിരികെ മടങ്ങുമെന്നാണ് വീട്ടുകാരെ ഫോണിൽ അറിയിച്ചത്​. കഞ്ചിക്കോട്​ നിന്നാണ്​ വിഷ്ണുജിത്തിന്‍റെ ഫോൺ സ്വിച്ച്​ ഓഫ്​ ആ​യതെന്ന്​ പൊലീസ്​ കണ്ടെത്തിയിട്ടുണ്ട്​.

പാലക്കാട്​ ഐസ്​ക്രീം കമ്പനി ജീവനക്കാരനായ വിഷ്​ണുജിത്തിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട്​ മലപ്പുറം പൊലീസ് ആണ്​ കേസ്​ രജിസ്റ്റർ ചെയ്തത്​. രണ്ട് സംഘങ്ങളായി തിരിഞ്ഞ് യുവാവിനായി പൊലീസ് തിരച്ചിൽ ആ​രംഭിച്ചിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങളും ഫോൺ കോൾ വിവരങ്ങളും ശേഖരിച്ചു വരികയാണ്. കുറച്ചു വിവരങ്ങൾ പൊലീസിന്​ ലഭിച്ചിട്ടുണ്ടെന്നും അധികം വൈകാതെ കണ്ടെത്താനാവുമെന്നാണ്​ പ്രതീക്ഷയെന്നും എസ്​.പി എസ്. ശശിധരൻ അറിയിച്ചു.

Tags:    
News Summary - Fiancé's disappearance: Police say Vishnujith boarded a bus to Coimbatore; CCTV footage is out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.