തിരുവനന്തപുരം: ഓണക്കാലത്ത് നാടണയാൻ കാത്തിരുന്നവരെ വെട്ടിലാക്കി യാത്രാപ്രതിസന്ധി. തിരക്ക് കണക്കിലെടുത്ത് പ്രഖ്യാപിച്ച സ്പെഷൽ ട്രെയിനുകൾ ഇതിനകം നിറഞ്ഞതും സ്വകാര്യ ബസുകൾ നിരക്ക് കുത്തനെ ഉയർത്തിയതുമാണ് യാത്രക്കാരെ വലക്കുന്നത്. കൂടുതൽ സ്പെഷൽ ട്രെയിനുകൾ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. മംഗളൂരു-കൊല്ലം, എറണാകുളം-ബംഗളൂരു, കൊല്ലം-താംബരം റൂട്ടുകളിലായി 13 സ്പെഷൽ ട്രെയിനുകളാണ് ഇതുവരെ പ്രഖ്യാപിച്ചത്.
മറ്റു നഗരങ്ങളെ അപേക്ഷിച്ച് ബംഗളൂരുവിൽനിന്ന് കേരളത്തിലേക്കാണ് യാത്രക്കാരുടെ തിരക്ക് ഏറെയുള്ളത്. കേരളത്തിന് പുറത്ത് മലയാളികൾ ഏറ്റവുമധികമുള്ള നഗരങ്ങളിലൊന്നാണ് ബംഗളൂരു. ഇവരിൽ കുറച്ചുപേർ മാത്രം ഉത്സവസീസണുകളിൽ നാട്ടിലേക്ക് വന്നുപോകുന്നവരാണ്. ഇവർക്ക് പോലും യാത്രാസൗകര്യമില്ലാത്ത നിലയാണിപ്പോൾ. കൊല്ലത്തുനിന്ന് എറണാകുളത്തേക്കും തിരിച്ചും അനുവദിച്ചത് നാല് സ്പെഷൽ ട്രെയിനുകൾ മാത്രം.
ഡൽഹി, ചെന്നൈ, മംഗളൂരു എന്നിവിടങ്ങളിൽനിന്ന് ട്രെയിനുകളിൽ കേരളത്തിലേക്ക് ടിക്കറ്റ് കിട്ടാനില്ല. ഓണാവധിക്ക് നാട്ടിലെത്താന്‍ സ്ഥിരം ട്രെയിനുകളിൽ രണ്ടു മാസംമുമ്പ് ബുക്ക് ചെയ്തെങ്കിലും മിക്കവരും വെയിറ്റിങ് ലിസ്റ്റിലാണ്. റിസർവേഷൻ നേരത്തേ അവസാനിപ്പിക്കുകയും ലാഭമേറിയ തത്കാൽ കച്ചവടത്തിനായി ടിക്കറ്റ് പൂഴ്ത്തിവെക്കുന്നതായും റെയിൽവേക്കെതിരെ നേരത്തേ മുതൽ ആക്ഷേപമുണ്ട്.
തിരുവനന്തപുരം: ഉത്രാടത്തലേന്നായ 13ന് മംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള മലബാർ ട്രെയിനിൽ 315 ആണ് വെയിറ്റിങ് ലിസ്റ്റ്. മാവേലിയിൽ 276 ഉം ഏറനാടിൽ 216ഉം പരശുറാമിൽ 217ഉം തിരുവനന്തപുരം എക്സ്പ്രസിൽ 196ഉം ആണ് സ്ലീപ്പറിലെ വെയിറ്റിങ് ലിസ്റ്റ് നില. ഓണക്കാലത്തെ യാത്രാദുരിതം മുതലെടുത്ത് മൂന്നിരട്ടി നിരക്ക് കൂട്ടി സ്വകാര്യബസുകൾ യാത്രക്കാരെ പിഴിയാനുള്ള തയാറെടുപ്പിലാണ്. ട്രെയിൻ ടിക്കറ്റുകളുടെ ലഭ്യതക്കുറവാണ് സ്വകാര്യബസുകാർക്ക് കൊള്ളക്ക് വഴിയൊരുക്കുന്നത്. കേരളത്തിൽനിന്ന് ഏറ്റവും കൂടുതൽ സ്വകാര്യ ബസുകൾ സർവിസ് നടത്തുന്നത് ബംഗളൂരുവിലേക്കാണ്. സെപ്റ്റംബർ എട്ടിന് തിരുവനന്തപുരം- ബംഗളൂരു യാത്ര നിരക്ക് 1799 രൂപയാണ്. എന്നാൽ, ഉത്രാടത്തലേന്നായ സെപ്റ്റംബർ 13ന് ഇതേ റൂട്ടിൽ 4799 രൂപയാണ് നിരക്ക്. സെപ്റ്റംബർ 10 മുതൽ ചാർജ് കൂട്ടും. സെപ്റ്റംബർ 10ന് 1999 രൂപയും 11ന് 2999 രൂപയും 12ന് 3499 രൂപയുമായാണ് നിരക്ക് വർധിപ്പിച്ചത്. ഓണം കഴിഞ്ഞുള്ള ദിവസങ്ങളിലും ഉയർന്ന നിരക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.