തിരുവനന്തപുരം: സംസ്ഥാന എൻജിനീയറിങ് പ്രവേശനത്തിന്റെ ഒന്നും രണ്ടും അലോട്ട്മെന്റുകളിലും ക്രമക്കേട് നടന്നതായി കണക്കുകൾ പുറത്ത്. മൂന്നാം അലോട്ട്മെന്റ് സംവരണ അട്ടിമറി നടന്നതായുള്ള ‘മാധ്യമം’ വാർത്തയെ തുടർന്ന് റദ്ദാക്കിയതിന് പിന്നാലെയാണ് ഒന്നും രണ്ടും അലോട്ട്മെന്റുകളിലും പിഴവ് സംഭവിച്ചതായി കണ്ടെത്തിയത്.
സംവരണ വിഭാഗങ്ങൾക്കുള്ള സീറ്റ് വിഹിതം നിശ്ചയിച്ചതിലാണ് (സീറ്റ് മെട്രിക്സ്) ഒന്നും രണ്ടും അലോട്ട്മെന്റുകളിൽ ക്രമക്കേട് നടന്നത്. സംവരണ വിഭാഗങ്ങൾക്ക് സീറ്റുകളുടെ എണ്ണത്തിൽ കുറവുവരുത്തിയാണ് ഒന്നും രണ്ടും അലോട്ട്മെന്റുകൾ നടത്തിയത്. സീറ്റ് ഡിമാൻഡ് ഏറെയുള്ള തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിലെ (സി.ഇ.ടി) ബ്രാഞ്ചുകളിൽ ഉൾപ്പെടെ സീറ്റ് വിഹിതം നിശ്ചയിച്ചതിൽ പിഴവുണ്ട്. സി.ഇ.ടിയിൽ ഇലക്ട്രിക്കൽ ആൻഡ് കമ്പ്യൂട്ടർ ബ്രാഞ്ചിൽ ആദ്യ രണ്ട് അലോട്ട്മെന്റുകളിലും 62 സീറ്റുകളിലേക്കായിരുന്നു അലോട്ട്മെന്റ്. എന്നാൽ, ഇതു മൂന്നാം അലോട്ട്മെന്റിൽ 66 സീറ്റുകളിലേക്കായി മാറി. ഒന്നാം അലോട്ട്മെന്റിൽ സ്റ്റേറ്റ് മെറിറ്റിലേക്ക് നീക്കിവെച്ചത് 31 സീറ്റുകളായിരുന്നെങ്കിൽ രണ്ടിൽ ഇത് 32 ആക്കി. മൂന്നാം അലോട്ട്മെന്റിൽ അതു വീണ്ടും മാറ്റി 33 ആക്കി. ഒന്നാം അലോട്ട്മെന്റിൽ വിശ്വകർമ വിഭാഗത്തിനും ധീവര വിഭാഗത്തിനും രണ്ടുവീതം സീറ്റ് നൽകിയപ്പോൾ രണ്ടാം അലോട്ട്മെന്റിൽ ഇതു രണ്ടും ഒന്നും ആയി മാറി. മൂന്നാം അലോട്ട്മെന്റിൽ വിശ്വകർമ വിഭാഗത്തിന്റെ സീറ്റ് വിഹിതം വീണ്ടും മൂന്നാക്കി. ആദ്യ രണ്ട് അലോട്ട്മെന്റുകളിലും വിശ്വകർമ വിഭാഗത്തിന് അർഹതപ്പെട്ട സീറ്റുകൾ എൻട്രൻസ് കമീഷണറേറ്റ് നിഷേധിച്ചെന്ന് വ്യക്തം. ആദ്യ രണ്ട് അലോട്ട്മെന്റുകളിലും എസ്.ടി വിഭാഗത്തിന് ഇതേ ബ്രാഞ്ചിൽ സീറ്റൊന്നും നൽകാതിരുന്നപ്പോൾ മൂന്നാം അലോട്ട്മെന്റിൽ ഒരു സീറ്റ് നൽകി.
‘മാധ്യമം’ വാർത്തയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സംവരണവിഭാഗങ്ങളുടെ സീറ്റ് വിഹിതം നിശ്ചയിക്കുന്നതിലും പ്രവേശന പരീക്ഷാ കമീഷണറേറ്റിന് പിഴച്ചെന്ന് വ്യക്തമായത്. തിരുവനന്തപുരം സി.ഇ.ടിയിൽ ഒന്നാം റൗണ്ടിൽ അലോട്ട്മെന്റ് നൽകിയത് 859 സീറ്റിലേക്കായിരുന്നെങ്കിൽ രണ്ടാം റൗണ്ടിൽ 858ഉം മൂന്നാം റൗണ്ടിൽ ഇത് 892ഉം ആക്കി മാറ്റി. മൊത്തം സീറ്റുകളുടെ എണ്ണവും അതിനനുസരിച്ച് മെട്രിക്സ് നിശ്ചയിക്കുന്നതിലുമുണ്ടായ പിഴവാണ് ഓരോ റൗണ്ടിലും സീറ്റിന്റെ എണ്ണം മാറിമറിയാൻ കാരണമായത്. സ്പോർട്സ് േക്വാട്ട സീറ്റ് നിശ്ചയിക്കുന്നതിലെ വീഴ്ച രണ്ടാം അലോട്ട്മെന്റിൽ പരിഹരിച്ചു. ആദ്യ അലോട്ട്മെന്റിൽ പിന്നാക്ക ഹിന്ദു വിഭാഗത്തിന് അർഹതപ്പെട്ട കമ്പ്യൂട്ടർ സയൻസ് ബ്രാഞ്ചിലെ സീറ്റ് നിഷേധിച്ചിരുന്നു. പരാതി ഉയർന്നതോടെ രണ്ടാം അലോട്ട്മെന്റിൽ തിരുത്തി.
സംവരണ വിഭാഗങ്ങൾക്കുള്ള സീറ്റ് ശതമാനം അടിസ്ഥാനപ്പെടുത്തിയാണ് സീറ്റ് മെട്രിക്സ് തയാറാക്കേണ്ടത്. ഇതിൽ ഗുരുതര വീഴ്ചയാണ് കമീഷണറേറ്റിലുള്ളവർക്ക് സംഭവിച്ചത്. എന്നിട്ടും ഉദ്യോഗസ്ഥർക്കെതിരെ നടപടിയില്ല. സീറ്റ് വിഹിതം വെട്ടിക്കുറക്കാൻ മെഡിക്കൽ പ്രവേശനത്തിലും മൂന്നാം അലോട്ട്മെന്റ് പ്രത്യേകം ഓപ്ഷൻ ക്ഷണിച്ച് നടത്താനുള്ള നീക്കം നടക്കുന്നതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.