?????????? ???????? ????????????????

മനസ്സിലേക്ക് ആ ദിനം ഓടിക്കയറുന്നു. 1984 ജനുവരി. ഫിദല്‍ കാസ്ട്രോയുമായുള്ള എന്‍െറ ആദ്യത്തെയും അവസാനത്തെയും കൂടിക്കാഴ്ച. 12ാമത് ലോക യുവജനോത്സവത്തിന്‍െറ (മോസ്കോ) ഒന്നാം പ്രിപ്പറേറ്ററി കമ്മിറ്റി യോഗമായിരുന്നു ഹവാനയില്‍ നടന്നത്.

ലോക ജനാധിപത്യ യുവജന ഫെഡറേഷന്‍െറ (ഡബ്ള്യു.എഫ്.ഡി.വൈ) ഭാരവാഹി എന്നനിലയില്‍ ഞാന്‍ അതിന്‍െറ സംഘാടകരില്‍ ഒരാളായിരുന്നു. ഹവാനയിലെ ‘പാലസ് ഓഫ് കോണ്‍ഗ്രസ്’ ഹാളിലായിരുന്നു സമാപനച്ചടങ്ങ്. ഹാളിലേക്ക് ഫിദല്‍ കാസ്ട്രോ കടന്നുവന്നു. ആവേശം പൊട്ടിത്തെറിച്ച നിമിഷങ്ങള്‍. അവിടെ മുഴങ്ങിയ സ്പാനിഷ് മുദ്രാവാക്യം ഇപ്പോഴും കാതിലുണ്ട്. ‘‘ഫിദല്‍ ഫിദല്‍, യാങ്കികളെ തുരത്തൂ...’’ ഫിദല്‍ കൈകള്‍ വീശി. വീണ്ടും മുദ്രാവാക്യം മുഴങ്ങി, ‘‘ഞങ്ങള്‍ ഒരിക്കലും മുട്ടുകുത്തില്ല, സോഷ്യലിസം അല്ളെങ്കില്‍ മരണം’’.

ലോകം അന്ന് നക്ഷത്ര യുദ്ധത്തെക്കുറിച്ച് ചര്‍ച്ചചെയ്യുന്ന കാലമായിരുന്നു. അന്യഗോളങ്ങളില്‍ സൈനിക താവളം ഉണ്ടാക്കാനുള്ള അമേരിക്കന്‍ പദ്ധതി, ‘Strategic defence initiative’ ആണ് നക്ഷത്ര യുദ്ധമെന്ന് അറിയപ്പെട്ടത്. അതിനായി ചെലവഴിക്കുന്ന പണമുണ്ടെങ്കില്‍ ലോകത്തെ പകുതി മനുഷ്യരുടെ പട്ടിണി മാറ്റാന്‍ കഴിയുമെന്ന് അദ്ദേഹം സമര്‍ഥിച്ചു. സാമ്രാജ്യത്വം മാനവരാശിയുടെ ഒന്നാം നമ്പര്‍ ശത്രുവാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

അതിനുശേഷം ഓരത്തെ ചെറിയ മുറിയില്‍ ഞങ്ങളില്‍ ചിലരുമായി കൂടിക്കാഴ്ചക്ക് അല്‍പസമയം മാറ്റിവെച്ചു. ഓരോരുത്തരുടെയും അടുത്തുവന്ന് ആജാനുബാഹുവായ ആ വിപ്ളവ നായകന്‍ ഹസ്തദാനം ചെയ്തു. ബലിഷ്ഠമായ ആ കരങ്ങള്‍ക്കുള്ളില്‍ എന്‍െറ കൈ ഏതാനും നിമിഷം അമര്‍ന്നപ്പോള്‍ പ്രസരിച്ച ആ ചൂട് ഇപ്പോഴും അനുഭവപ്പെടുന്നതുപോലെ.

വിപ്ളവകാരികളെ സംബന്ധിച്ച പതിവു വിശേഷണങ്ങളില്‍ ഒതുങ്ങാത്ത വ്യക്തിത്വമാണ് ഫിദല്‍ കാസ്ട്രോ. സമ്പന്ന കുടുംബത്തിലെ ജനനം. വേദപുസ്തക അന്തരീക്ഷമുള്ള സ്കൂളിലെ പഠനം. അവിടെനിന്ന് ആര്‍ജിച്ച ക്രിസ്തുവിനോടുള്ള സ്നേഹം. അതില്‍നിന്ന് മുന്നോട്ടുനീങ്ങിയ നിലക്കാത്ത അന്വേഷണം.

ചുറ്റുപാടുമുള്ള കണ്ണീരിന്‍െറയും ദുരിതങ്ങളുടെയും പരിഹാരം തേടണമെന്ന അദമ്യമായ ദാഹം. ഭാരതീയ പൈതൃകത്തില്‍നിന്ന് നോക്കിയാല്‍ ശ്രീബുദ്ധനെപ്പോലെ ആയിരിക്കും അദ്ദേഹം കണ്ണീരിന്‍െറ കാരണങ്ങള്‍ തേടിയത്. ഫിദല്‍ തെരഞ്ഞെടുത്തത് വിപ്ളവത്തിന്‍െറ മാര്‍ഗമായിരുന്നു.

വിചാരണ വേളയില്‍ സേച്ഛാധിപത്യ കോടതിയുടെ പ്രതിക്കൂട്ടില്‍നിന്ന് ഫിദല്‍ പ്രഖ്യാപിച്ചു: ‘ചരിത്രം എന്നെ കുറ്റക്കാരനല്ളെന്ന് വിധിക്കും’. തുടര്‍ന്നാണ് മുട്ടുകുത്താത്ത നിശ്ചയദാര്‍ഢ്യത്തിന്‍െറയും വിപ്ളവ പ്രവര്‍ത്തനത്തിന്‍െറയും ഒടുവില്‍ അര്‍ജന്‍റീനിയന്‍ തീരത്തുനിന്ന് ആ കൊച്ചുകപ്പല്‍ വിപ്ളവകാരികളെയും വഹിച്ച് ക്യൂബയിലേക്ക് പുറപ്പെട്ടത്. ആ കപ്പലിന്‍െറ പേര് ഗ്രാന്മ എന്നായിരുന്നു. പിന്നീട് ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രത്തിന്‍െറ പേര് അതായി മാറി. ‘ഒന്നുകില്‍ വിജയം, അല്ളെങ്കില്‍ മരണം’ എന്നതായിരുന്നു ആ പടയാളികളുടെ പ്രതിജ്ഞ. പുറപ്പെട്ടവരില്‍ പകുതിയോളം പേര്‍ പോരാട്ടപഥങ്ങളില്‍ മരിച്ചുവീണെങ്കിലും 1959 ജനുവരി ഒന്നിന് ക്യൂബന്‍ വിപ്ളവം വിജയിച്ചു.

വിപ്ളവപൂര്‍വ ക്യൂബയില്‍ തലസ്ഥാനമായ ഹവാന വേശ്യകളുടെയും കൂട്ടിക്കൊടുപ്പുകാരുടെയും നഗരമായിരുന്നു. കടലുകള്‍ താണ്ടി കോടീശ്വരന്മാര്‍ ചൂതാട്ടത്തിനും വ്യഭിചാരത്തിനും വേണ്ടി വന്നിറങ്ങുന്ന സ്ഥലം. കരീബിയന്‍ തീരത്തെ ആ നാടിന്‍െറ മുഖച്ഛായ വിപ്ളവം തിരുത്തിക്കുറിച്ചു. ആരെയും അതിശയിപ്പിക്കുന്ന വേഗത്തില്‍ ആരോഗ്യ-വിദ്യാഭ്യാസ-കാര്‍ഷിക രംഗങ്ങളില്‍ ക്യൂബ മുന്നേറി. അമേരിക്കയെ അതിശയിപ്പിച്ച് ആയുര്‍ദൈര്‍ഘ്യത്തില്‍ ഒന്നാം സ്ഥാനത്തേക്ക് ക്യൂബ കുതിച്ചുയര്‍ന്നു. ഒരൊറ്റ ആള്‍ പോലും നിരക്ഷരനായി ഇല്ലാത്ത രാജ്യമായി മുന്നേറി. അചഞ്ചലനായ പടനായകനെപ്പോലെ ഫിദല്‍ കാസ്ട്രോ നിലകൊണ്ടു.

ചേരിചേരാ പ്രസ്ഥാനത്തിന് സാമ്രാജ്യത്വ വിരുദ്ധ ഉള്ളടക്കം നല്‍കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് അദ്വിതീയമാണ്. മൂന്നാം ലോകരാജ്യങ്ങളുടെ കടങ്ങള്‍ക്ക് മൊറട്ടോറിയം വേണമെന്ന് ഐ.എം.എഫിനോടും ലോകബാങ്കിനോടും പ്രഖ്യാപിക്കുമ്പോള്‍ കാസ്ട്രോയോടൊപ്പം ഇന്ദിര ഗാന്ധിയും നിലകൊണ്ടു എന്നത് ഇന്ത്യന്‍ ജനതക്ക് മറക്കാനാവില്ല. ‘ഈ കടം തിരിച്ചടക്കാനുമാവില്ല, പിരിച്ചെടുക്കാനുമാവില്ല’ -കാസ്ട്രോ പറഞ്ഞു. വിപ്ളവ പ്രസ്ഥാനത്തിന്‍െറ ഒരുഘട്ടത്തില്‍ ഏതൊരാളും നായക സ്ഥാനത്തുനിന്ന് സ്വയം വിരമിക്കണമെന്നത് അദ്ദേഹത്തിന്‍െറ സ്വന്തം നിശ്ചയമായിരുന്നു. വിരമിക്കല്‍ പ്രഖ്യാപിച്ച് എഴുതിയ ഗ്രാന്മയിലെ ലേഖനത്തില്‍ കാസ്ട്രോ പറഞ്ഞു: ‘ഞാന്‍ ആശയങ്ങളുടെ പടയാളിയായി തുടരും’. അന്ത്യശ്വാസം വരെയും അദ്ദേഹം ആ വാക്കുകള്‍ അക്ഷരംപ്രതി പാലിച്ചു.

 

Tags:    
News Summary - fidal, how beautiful word

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-22 01:43 GMT