കോഴിക്കോട്: സമസ്തയിലെ ഇരുവിഭാഗങ്ങൾ തമ്മിലെ ചേരിപ്പോര് അവസാനിപ്പിക്കാൻ 10 ദിവസങ്ങൾക്കകം പ്രത്യേക മുശാവറ യോഗം ചേരുമെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. കോഴിക്കോട് സമസ്ത ആസ്ഥാനത്ത് ചേർന്ന മുശാവറ യോഗത്തിന് ശേഷം ജിഫ്രി തങ്ങൾ തന്നെയാണ് ഇക്കാര്യം മാധ്യമപ്രവർത്തകരെ അറിയിച്ചത്. സി.ഐ.സിയുമായി സമസ്തക്ക് ഒരു ബന്ധവുമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി.ഐ.സി പ്രശ്നം പരിഹരിക്കാൻ നിയോഗിച്ച സമിതിയുടെ ഒമ്പതിന തീരുമാനങ്ങൾ സി.ഐ.സി നടപ്പാക്കിയിട്ടില്ല. മാത്രവുമല്ല, പുറത്താക്കിയ ഹക്കീം ഫൈസി ആദൃശ്ശേരിയെ വീണ്ടും ജന. സെക്രട്ടറിയാക്കുകയും ചെയ്തതതിനാൽ സി.ഐ.സിയുമായി ഒരു ബന്ധവും വേണ്ടതില്ലെന്ന് മുശാവറ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. സമസ്തയിലെ ലീഗ് അനുകൂല വിഭാഗവും വിരുദ്ധ വിഭാഗവും ചേരിതിരിഞ്ഞ് ആരോപണ, പ്രത്യാരോപണങ്ങൾ ഉന്നയിക്കുകയും സമാന്തര സംവിധാനത്തിലൂടെ മുന്നോട്ട് പോവുകയും ചെയ്ത സാഹചര്യത്തിലാണ് മുശാവറ ചേർന്നത്. രണ്ട് വിഭാഗത്തിൽപെട്ടവരുടെയും പരാതികൾ മുശാവറക്ക് മുന്നിൽ വന്നെങ്കിലും പരിഹാര ഫോർമുല ഉരുത്തിരിയാത്തതിനാലാണ് ഇതിനായി പ്രത്യേക മുശാവറ കൂടാൻ തീരുമാനിച്ചതെന്ന് അറിയുന്നു. സാദിഖലി തങ്ങളെ അപമാനിച്ച ഉമർ ഫൈസി മുക്കത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യത്തിൽനിന്ന് പിറകോട്ടില്ലെന്ന സന്ദേശമാണ് ലീഗ് അനുകൂല വിഭാഗം സമസ്ത നേതൃത്വത്തിന് നൽകിയത്. എന്നാൽ, ഉമർ ഫൈസി മുക്കത്തിന്‍റെ സാന്നിധ്യത്തിൽ ചേരുന്ന മുശാവറ യോഗത്തിൽ അദ്ദേഹത്തിനെതിരായ പരാതി ചർച്ച ചെയ്യാനാകില്ലെന്നും അദ്ദേഹത്തെ മാറ്റിനിർത്തി ചർച്ചചെയ്യണമെന്ന ആവശ്യവും ലീഗ് അനുകൂല വിഭാഗം ഉന്നയിച്ചിരുന്നു. ഇക്കാര്യത്തിൽ നേതൃത്വത്തിന് സമവായത്തിലെത്താൻ സാധിച്ചിരുന്നില്ല. അതേസമയം, ‘സമസ്ത ആദർശ സംരക്ഷണ സമിതി’ എന്ന പുതിയ വേദി രൂപവത്കരിച്ചവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന ആവശ്യം മറുവിഭാഗവും നേതൃത്വത്തിന്‍റെ മുന്നിൽ വെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.