സി​ദ്ദീ​ഖ്​ കാ​പ്പൻ

ഒടുവിൽ നീതിയുടെ വെളിച്ചം പുലരുന്നു -സിദ്ദീഖ് കാപ്പൻ വിഷയത്തിൽ ​കേരള പത്രപ്രവർത്തക യൂനിയൻ മുൻ പ്രസിഡന്റ് കെ.പി. റെജി

യു.പി ജയിലിൽ തടവിൽ കഴിഞ്ഞ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് ജാമ്യം നൽകിയ സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് കേരള പത്രപ്രവർത്തക യൂനിയൻ മുൻ പ്രസിഡന്റ് കെ.പി. റെജി. കാപ്പന്റെ ഭാര്യ റൈഹാനത്തും കേരള പത്രപ്രവർത്തക യൂനിയനും രണ്ടു വർഷമായി തുടരുന്ന പോരാട്ടത്തിന്റെ ഇടക്കാല വിജയമാണിതെന്നാണ് കെ.പി. റെജി ഫേസ്ബുക്കിൽ എഴുതിയത്. കള്ളക്കേസുകൾ ചവറ്റുകുട്ടയിൽ തള്ളുന്നതു വരെ പോരാട്ടം തുടരണമെന്നും കെ.പി. റെജി ആഹ്വാനം ചെയ്യുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

''ഒടുവിൽ നീതിയുടെ വെളിച്ചം പുലരുന്നു. യു.പി പോലീസ് നിരത്തിയ കപട ന്യായങ്ങൾ എല്ലാം തള്ളി സിദ്ദീഖ് കാപ്പന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരിക്കുന്നു. റൈഹാനത്ത് കാപ്പനും കേരള പത്രപ്രവർത്തക യൂണിയനും രണ്ടു വർഷമായി തുടരുന്ന പോരാട്ടത്തിന്റെ ഇടക്കാല വിജയം. കള്ളക്കേസ് അപ്പാടെ കോടതി ചവറ്റുകുട്ടയിൽ തള്ളുന്നത് വരെ ഈ പോരാട്ടം തുടരേണ്ടതുണ്ട്.

പത്രപ്രവർത്തക യൂണിയനെ സംബന്ധിച്ചിടത്തോളം ഈ രണ്ടു വർഷം വിശ്രമമില്ലാത്ത നിരന്തര അധ്വാനത്തിന്റെയും കഠിന സമ്മർദങ്ങളുടെയും കാലമായിരുന്നു. 2020 ഒക്ടോബർ അഞ്ചിന് ഹാഥരാസിലേക്കുള്ള യാത്രക്കിടെ കാപ്പൻ അറസ്റ്റിലായ വിവരം പുറത്തുവന്ന രാത്രി മുതൽ തുടങ്ങിയതാണ് നിയമവഴികളും ഭരണ-രാഷ്ട്രീയ-ഉദ്യോഗസ്ഥ തല സമ്മർദങ്ങളുമായി യൂണിയന്റെ പോരാട്ടം. പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി, കേന്ദ്ര വാർത്താ വിതരണ മന്ത്രി, യൂ.പി-കേരള മുഖ്യമന്ത്രിമാർ, കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ, ഇരു സംസ്‌ഥാനങ്ങളിലെയും പോലീസ് മേധാവികൾ, കേരളത്തിൽനിന്നുള്ള 30 പാർലമെന്റ് അംഗങ്ങൾ എന്നിവർക്കൊപ്പം എല്ലാ ദേശീയ പാർട്ടികളുടെയും ദേശീയ അധ്യക്ഷൻമാർ, സി.പി.എം, സി.പി.ഐ ജനറൽ സെക്രട്ടറിമാർ, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവർക്കെല്ലാം ഒക്ടോബർ ആറിന് പുലർച്ചേക്കു മുമ്പേ നിവേദനങ്ങൾ അയച്ചു കൊണ്ടായിരുന്നു തുടക്കം.

പിന്നീടങ്ങോട്ട് ദീർഘമായ നിയമ പോരാട്ട ത്തിന്റെയും നേതൃ തല ഇടപെടലുകൾക്ക് വേണ്ടിയുള്ള നിരന്തര ശ്രമങ്ങളുടെയും നാളുകൾ ആയിരുന്നു. ഒപ്പം പ്രതിഷേധങ്ങളും വിവിധ കാമ്പയിനുകളും. പറക്കമുറ്റാത്ത കുഞ്ഞുങ്ങളുമായി ചങ്ക് പൊടിയുന്ന വേദനയോടെ റൈഹാനത്ത് കാപ്പൻ നയിച്ച നിയമ യുദ്ധത്തിൽ ഒരണു പോലും വിടാതെ കേരള പത്രപ്രവർത്തക യൂണിയൻ ഒപ്പം തന്നെയോ മുന്നിൽ തന്നെയോ ഉണ്ടായിരുന്നു.

ഇതിനിടെ യൂണിയൻ നേരിട്ട വ്യാജ പ്രചാരണങ്ങളും ആരോപണങ്ങളും ഒട്ടനവധി ആയിരുന്നു. യൂണിയനെ തന്നെ തീവ്രവാദ സംഘടനയായി മുദ്രകുത്താൻ ആയിരുന്നു ചില താൽപ്പര കക്ഷികളുടെ ശ്രമം.

യൂണിയൻ നേതാക്കളെ പോലും തീവ്രവാദികളാക്കാനും കേസിൽ കുടുക്കാനും ഇക്കൂട്ടർ അത്യധ്വാനമാണ് നടത്തിയത്. ഈ ഇരുണ്ട ദിനങ്ങൾക്കൊടുവിൽ തെളിയുന്ന നീതിയുടെ പ്രകാശം അതുകൊണ്ടു തന്നെ പ്രതീക്ഷാനിർഭരമാണ്. ആക്ഷേപങ്ങളുടെ കൂരമ്പുകൾക്കിടയിലും നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ഒരു മനസ്സായി അണിനിരന്ന യൂണിയന്റെ മുഴുവൻ സഹപ്രവർത്തകർക്കും ഹൃദയാഭിവാദ്യങ്ങൾ...സഹനത്തിന്റെയും പോരാട്ടത്തിന്റെയും ഉദാത്ത മാതൃകയായി മുന്നിൽനിന്ന റൈഹാനത്ത് കാപ്പനോട് ഐക്യദാർഢ്യപെടുന്നു..

പ്രിയപ്പെട്ട സിദ്ദീഖ്..നിങ്ങളാണ് പോരാളി. യൂ.പി പൊലീസിന്റെ മൃഗതുല്യമായ സമീപനങ്ങളെയും കൊടിയ പീഡന മുറകളെയും അതിജീവിച്ചു രണ്ടു വർഷം പിടിച്ചുനിൽക്കാൻ കഴിഞ്ഞതുതന്നെ നീതിയുടെ വിജയം ആണ്.

കടുത്ത രോഗാവസ്‌ഥയിലും അത്യാവശ്യ മരുന്ന് പോലും നൽകാതെ ആണ് പോലീസ് കാപ്പനെ തടങ്കലിൽ ഇട്ടിരുന്നത്. മാധ്യമ സ്വാതന്ത്ര്യത്തിന്റെ കടയ്ക്കൽ കത്തിവെക്കാനും പൗരാവകാശങ്ങൾ ധ്വസിക്കാനും ഭരണകൂടം നടത്തിയ ആസൂത്രിത ശ്രമങ്ങളാണ് ഈ പോരാട്ടത്തിൽ തകർന്നുവീഴുന്നത്. എല്ലാ വെല്ലുവിളി കളുടെയും കൂരിരുളി നോടുവിൽ നീതിയുടെ പ്രകാശം പുലരുമെന്നതിന്റെ ശുഭസൂചനയാണ് ഇത്. അതിനായി കാത്തിരിക്കുകയാണ് ജനാധിപത്യത്തിലും മാധ്യമ സ്വാതന്ത്ര്യത്തിലും പൗരാവകാശങ്ങളിലും പ്രതീക്ഷ അർപ്പിക്കുന്ന ഓരോ മനുഷ്യനും...​''

Full View


Tags:    
News Summary - Finally, the light of justice is dawning -K.P. reji on Siddique Kappan issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.