മാനന്തവാടി: തൃശൂർ കുന്ദംകുളത്തെ കടയിൽ മോഷ്ടിക്കാന്‍ കയറി ഒന്നും ലഭിക്കാതെ നിരാശക്കുറിപ്പെഴുതിയ കള്ളൻ ഒടുവിൽ പിടിയിൽ. മാനന്തവാടി പൊലീസാണ് വൈറൽ കള്ളനെ പിടികൂടിയത്. മോഷ്ടിക്കാന്‍ കയറിയ കടയില്‍ നിന്നും ഒന്നും കിട്ടാതെ വന്നപ്പോള്‍ പൈസ ഇല്ലെങ്കില്‍ പിന്നെ എന്തിനാടാ ഡോര്‍ പൂട്ടിയിട്ടത്' എന്ന് കുറിപ്പെഴുതിവെച്ച കള്ളന്റെ വാർത്ത സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ വൈറലായിരുന്നു.
ഒടുവിൽ വൈറൽ കള്ളൻ വയനാട് പുല്‍പ്പള്ളി ഇരുളം കളിപറമ്പില്‍ വിശ്വരാജ് (40)നെ മാനന്തവാടി പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.എം.അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. വയനാട് ഉള്‍പ്പെടെ കേരളത്തിലെ നിരവധി ജില്ലകളില്‍ 53 ഓളം കേസുകളില്‍ പ്രതിയാണ് വിശ്വരാജ് .മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് തന്ത്രപരമായി പൊലീസ് ഇയാളെ പിടികൂടിയത്.
കഴിഞ്ഞ ദിവസം കല്‍പ്പറ്റയില്‍ വിശ്വരാജ് മോഷണശ്രമം നടത്തിയിരുന്നു. തുടര്‍ന്ന് വിശ്വരാജ് മാനന്തവാടിയിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിക്കുകയും നാട്ടുകാരുടെയും, ആശുപത്രി ജീവനക്കാരുടേയും, ഓട്ടോ ഡ്രൈവര്‍മാരുടെയും ,വ്യാപാരികളുടെയും സഹായത്തോടെ വിശ്വരാജ് വയനാട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയതായി കണ്ടെത്തുകയും ചെയ്തു.
തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ആശുപത്രി അധികൃതരുടെ അനുമതിയോടെ മാനന്തവാടി പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.എം.അബ്ദുള്‍ കരീമും സംഘവും വിശ്വരാജിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മാനന്തവാടി സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസില്ലാത്തതിനാല്‍ നിലവില്‍ കേസുള്ള കല്‍പ്പറ്റ പൊലീസിന് വിശ്വരാജിനെ കൈമാറുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.