തിരുവനന്തപുരം: സാമ്പത്തിക വർഷം അവസാനിക്കാൻ നാലുമാസം ശേഷിക്കെ, അതിരൂക്ഷമായ പ്രതിസന്ധി മറികടക്കാൻ കൂടുതൽ കടമെടുപ്പ് സാധ്യത തേടി സംസ്ഥാനം.
4000 കോടി രൂപ ആവശ്യപ്പെട്ടതിൽ 2000 കോടിക്ക് ഇതിനകം കേന്ദ്രാനുമതി ലഭിച്ചു കഴിഞ്ഞു. വൈദ്യുതി രംഗത്തെ പരിഷ്കരണമുയർത്തി അധിക കടമെടുപ്പിനും നടപടികൾ വേഗത്തിലാക്കും. നിലവിൽ കൈക്കൊണ്ട പരിഷ്കരണം കൊണ്ടുതന്നെ അധിക കടമെടുപ്പിന് കഴിയുമെന്നാണ് വിലയിരുത്തൽ.
1500 കോടി രൂപയുടെ കടപ്പത്രത്തിന്റെ പണം ലഭിക്കുന്നതോടെ അടുത്ത മാസത്തെ ശമ്പള-പെൻഷൻ വിതരണം സുഗമമാകും. സാമ്പത്തിക വർഷാവസാനത്തിൽ പദ്ധതി ചെലവുകൾ കൂടും. അതിന് പണം കണ്ടെത്തണം. നിലവിൽ വിനിയോഗം 40 ശതമാനത്തിനടുത്ത് മാത്രമാണ്. അതുതന്നെ കഴിഞ്ഞ വർഷം അവസാനം ട്രഷറി ക്യൂവിലുണ്ടായിരുന്ന ബില്ലുകളുടെ പണം കൊടുത്ത തുകയും ചേർത്താണ്.
38629.19 കോടിയുടെ പദ്ധതിയാണ് ഇക്കുറി. 8258 കോടിയുടെ തദ്ദേശ പദ്ധതിയിൽ വിനിയോഗം 40.09 കോടിയേ ആയുള്ളൂ. കേന്ദ്ര സഹായ പദ്ധതിയിൽ വരുന്ന 8259 കോടിയിൽ 40.61ശതമാനമേ വിനിയോഗമുള്ളൂ. സാമ്പത്തിക സ്ഥിതി മോശമായിരിക്കെ, ഇക്കുറിയും വാർഷിക പദ്ധതി ലക്ഷ്യം നേടാനിടയില്ല. പദ്ധതി വെട്ടിക്കുറക്കാനിടയില്ലെങ്കിലും കടുത്ത നിയന്ത്രണം ഇതിനകം കൊണ്ടുവന്നിട്ടുണ്ട്.
ട്രഷറി നിയന്ത്രണം അതിരൂക്ഷമാണ്. ഇത് ഇക്കൊല്ലം മുഴുവൻ തുടരാനാണ് സാധ്യത. അതേസമയം സാമ്പത്തിക പ്രതിസന്ധിക്കിടെ, അടുത്ത വർഷത്തെ ബജറ്റ് തയാറാക്കാനുള്ള നടപടി ധനവകുപ്പ് ആരംഭിച്ചിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പ് വരുന്നതിനാൽ ഇക്കുറി ബജറ്റ് നേരത്തേ അവതരിപ്പിക്കും.
വൈദ്യുതി മേഖലയിലെ പരിഷ്കരണങ്ങൾ നടത്തിയാൽ അധിക കടമെടുപ്പിന് അനുമതി നേരത്തേ കേന്ദ്രം വാഗ്ദാനം ചെയ്തിരുന്നു. നിലവിൽ മേഖലയിൽ കൈക്കൊണ്ട പരിഷ്കരണങ്ങൾ തന്നെ അധിക കടമെടുപ്പിന് മതിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം സ്മാർട്ട് മീറ്റർ പദ്ധതിയിൽ ടോട്ടക്സ് മാതൃക നടപ്പാക്കുന്നതിനോട് കേരളത്തിൽ എതിർപ്പുണ്ട്. ജീവനക്കാരുടെ സംഘടനകൾ ഇതിനെതിരെ സമരപാതയിലായപ്പോൾ സർക്കാറും ഏറക്കുറെ അതിനോട് യോജിച്ചു. മറ്റ് പരിഷ്കാര നടപടികൾ കൊണ്ട് കടമെടുപ്പ് യോഗ്യത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.
സാമ്പത്തിക വിഷയത്തിൽ കേന്ദ്രവും സംസ്ഥാനവും തമ്മിൽ പോര് തുടരുകയാണ്. 57,400 കേന്ദ്രം വെട്ടിക്കുറച്ചെന്നും അതാണ് പ്രതിസന്ധിക്കിടയാക്കിയതെന്നുമാണ് സംസ്ഥാനത്തിന്റെ വാദം. കേരളത്തിന്റെ വാദങ്ങൾ അപ്പാടെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ തള്ളിക്കളഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി കെ.എൻ. ബാലഗോപാലും ഇതിന് മറുപടി നൽകിയെങ്കിലും കേന്ദ്രമന്ത്രിയുടെ കണക്കുകൾ ഖണ്ഡിക്കുന്നതായില്ല. കേന്ദ്ര വിഹിതം കിട്ടിയില്ലെന്നത് തെറ്റായ പ്രചാരണമാണെന്നുപറഞ്ഞ കേന്ദ്ര ധനമന്ത്രി ഒക്ടോബർ വരെയുള്ള സംസ്ഥാനത്തിന്റെ അപേക്ഷകളിൽ കൃത്യമായ തുക അനുവദിച്ചെന്നും വെളിപ്പെടുത്തി.
കേന്ദ്രമന്ത്രി കേരളത്തിൽ വന്ന് വസ്തുതകൾ മറച്ചുവെച്ച് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. സൗജന്യമോ ഔദാര്യമോ വേണമെന്നല്ല ആവശ്യപ്പെടുന്നത്. ശത്രുതപരമായ നിലപാട് പാടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.