കൊച്ചി: കാക്കനാട് ഫ്ലാറ്റ് കൊലപാതകത്തിന് പിന്നില്‍ ലഹരി ഇടപാടിലെ സാമ്പത്തിക തര്‍ക്കമെന്ന് പൊലീസ്. ഫ്ലാറ്റില്‍ ലഹരി വിൽപനയും ഉപയോഗവും നടന്നിരുന്നതായി സിറ്റി പൊലീസ് കമീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു. കൊലപാതകത്തിനുശേഷം തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതായും വ്യക്തമായിട്ടുണ്ട്.
മുഖ്യപ്രതി അര്‍ഷദിനെ കസ്റ്റഡിയില്‍ ലഭിച്ചാലേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ. പ്രതികളുടെ ഫോണ്‍കാളുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. കൊലപാതകത്തിന് കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് ലഹരിവിൽപന വ്യാപകമാണെന്ന പരാതി ഉയർന്നതിന്റെ പശ്ചാത്തലത്തില്‍ കൊച്ചി നഗരത്തിലെയടക്കം ഫ്ലാറ്റുകളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി.
സ്ഥിരം താമസക്കാര്‍ക്ക് പുറമേ പുറത്തുനിന്ന് എത്തുന്നവരെ നിരീക്ഷിക്കുക, രജിസ്റ്റര്‍ സൂക്ഷിക്കുക, സി.സി.ടി.വി സ്ഥാപിക്കുക തുടങ്ങിയ നിർദേശങ്ങൾ റെസിഡന്റ് അസോസിയേഷനുകള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇവ കൃത്യമായി പാലിക്കാത്ത ഉടമകള്‍ക്കെതിരെ പ്രേരണക്കുറ്റം ചുമത്തും. അസ്വാഭാവിക നടപടികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടും അറിയിക്കാത്ത ഫ്ലാറ്റുടമകൾക്കെതിരെ കേസെടുക്കുമെന്നും കമീഷണര്‍ പറഞ്ഞു.
അർഷദിനെ ചൊവ്വാഴ്ച കൊച്ചിയിലെത്തിക്കും
കാക്കനാട്: ഇടച്ചിറ ഫ്ലാറ്റിലെ കൊലപാതക കേസിൽ അറസ്റ്റിലായ പ്രതി അർഷദിനെ ചൊവ്വാഴ്ച കൊച്ചിയിലെത്തിക്കുമെന്ന് പൊലീസ്. കാസർകോട് എം.ഡി.എം.എ കേസിൽ റിമാൻഡിലായ ഇയാളെ പ്രത്യേക അപേക്ഷ നൽകിയാണ് കൊച്ചിയിലേക്ക് കൊണ്ടുവരുന്നത്. അതേസമയം ഇയാളോടൊപ്പം പിടികൂടിയ സുഹൃത്ത് അശ്വന്തിനെ തൽക്കാലം കസ്റ്റഡിയിൽ വാങ്ങേണ്ടെന്നാണ് തീരുമാനം. കൊലപാതകവുമായി ഇയാൾക്ക് ബന്ധമില്ലെന്ന പ്രാഥമിക നിഗമനത്തെ തുടർന്നാണിത്. അറസ്റ്റ് നടപടികൾ നേരത്തേ തന്നെ പൂർത്തിയായതിനാൽ അർഷദിനെ നേരിട്ട് കാക്കനാട് കോടതിയിൽ ഹാജരാക്കും. അതിനുശേഷം കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകും. ചോദ്യം ചെയ്യലിന് പത്തംഗ സംഘത്തെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ചൊവ്വാഴ്ചയാണ് ഇടച്ചിറ ഒക്സോണിയ ഫ്ലാറ്റിലെ താമസക്കാരനായ സജീവ് കൃഷ്ണയെ ഫ്ലാറ്റിലെ പൈപ്പ് ഡക്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഒളിവിൽ പോയ അർഷദിനെ കാസർകോട് നിന്നാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.