വിനിയോഗമില്ലാത്ത പെർമനന്റ് അഡ്വാൻസ് തുക തിരിച്ചടക്കണമെന്ന് ധനകാര്യ റിപ്പോർട്ട്

കോഴിക്കോട് : സർക്കാർ ഓഫിസുകളിൽ വിനിയോഗമില്ലാത്ത പെർമനന്റ് അഡ്വാൻസ് തുക തിരിച്ചടക്കണമെന്ന് ധനകാര്യ റിപ്പോർട്ട്. വിവിധ സർക്കാർ ഓഫീസിലെ തലവൻമാർക്കും സർക്കാർ ഉദ്യോഗസ്ഥന്മാർക്കും അനുവദിച്ച വിനിയോഗമില്ലാതെ ഒരു വർഷത്തിലധികമായി നീക്കിയിരുപ്പായി സൂക്ഷിക്കുന്ന പെർമനന്റ് അഡ്വാൻസ് തുക ബന്ധപ്പെട്ട ശീർഷകത്തിൽ അടക്കുന്നതിന് സർക്കാർ തലത്തിൽ പൊതുനിർദേശം നൽകണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.

കേരള ഫിനാൻഷ്യൽ കോഡ് ആർട്ടിക്കിൾ 95(ഇ) പ്രകാരം ഒരു കാരണവശാലും പെർമനന്റ് അഡ്വാൻസ് അനാവശ്യമായി അനുവദിക്കാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഓഫീസുമായി ബന്ധപ്പെട്ട അപ്രതീക്ഷിതമായ ചെലവുകൾ വഹിക്കുന്നതിനാണ് സർക്കാർ ഉദ്യോഗസ്ഥന് പെർമനൻറ് അഡ്വാൻസ് (സ്ഥിരമായ മുൻകൂർ) അനുവദിക്കുന്നത്. വകുപ്പ് മേധാവിയുടെ പെർമനന്റ്റ് അഡ്വാൻസ് നിർണയിക്കുന്നതും അനുവദിക്കുന്നതും സർക്കാരാണ്.

പെർമനന്റ് അഡ്വാൻസ് ഇനത്തിൽ അനുവദിച്ച തുകയുടെ വിനിയോഗം സംബന്ധിച്ചാണ് പത്തനംതിട്ടയിലെ കലക്ടറേറ്റ് ഉൾപ്പെടെയുള്ള 24 സർക്കാർ ഓഫിസുകളിൽ പരിശോധന നടത്തിയത്. പല ഓഫീസുകളിലെങ്കിലും ഓഫീസ് തലവൻമാർക്ക് അനുവദിച്ചിട്ടുള്ള പെർമനന്റ്റ് അഡ്വാൻസ് തുക രണ്ടും മൂന്നും വർഷം കഴിഞ്ഞിട്ടും യാതൊരു വിനിയോഗവുമില്ലാതെ നീക്കിയിരിപ്പായി സൂക്ഷിച്ചിരിക്കുന്നുവെന്ന് പരിശോധനയിൽ കണ്ടെത്തി.

പത്തനംതിട്ടയിലെ ഒൻപത് ഓഫീസുകളിൽ പെർമനന്റ് അഡ്വാൻസ് അനുവദിച്ചിട്ടില്ലെന്നും നീക്കിയിരിപ്പില്ലെന്നും അറിയിച്ചു. കലക്ടറേറ്റ്, കോഴഞ്ചേരി, തിരുവല്ല, അടൂർ, മല്ലപ്പള്ളി, റാന്നി എന്നീ താലൂക്ക് ഓഫീസുകൾ തിരുവല്ല ആർ.ഡി.ഒ, ജില്ലാ സാമ്പത്തിക സ്ഥിതി വിവരകണക്ക് വകുപ്പ് പ്യൂട്ടി ഡയറക്ടർ ഓഫീസ്, ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയം, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, കോന്നി, മല്ലപ്പള്ളി, റാന്നി, കോഴഞ്ചേരി എന്നീ താലൂക്ക് സപ്ലൈ ഓഫീസുകൾ, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസ്, ജില്ലാ രജിസ്ട്രാർ (ജനറൽ) ഓഫീസ്, പത്തനംതിട്ട ജനറൽ ആശുപത്രി എന്നീ ഓഫീസുകൾക്ക് പെർമനൻറ് അഡ്വാൻസ് ഇനത്തിൽ തുകകൾ അനുവദിച്ചിട്ടുണ്ടെങ്കിലും തുക വിനിയോഗിച്ചിട്ടില്ല. അനുവദിച്ചിട്ടുള്ള തുകകൾ ക്യാഷ്‌ബുക്കിൽ നീക്കിയിരിപ്പായി തുടരുകയാണ്. പെർമൻറ് അഡ്വാൻസ് ഇനത്തിലുള്ള തുക ഈ ഓഫീസുകളിൽ നീക്കിയിരിപ്പായി സൂക്ഷിക്കേണ്ട ആവശ്യകതയില്ല.

സർക്കാർ ഓഫീസുകളിൽ നിയമാനുസൃത നടപടിക്രമങ്ങൾ പാലിച്ച് ബില്ലും പ്രൊസീഡിങ്ങും അടക്കമുള്ള രേഖകൾ എഴുതി തയാറാക്കി വിദൂരത്ത് സ്ഥിതി ചെയ്യുന്ന ട്രഷറിയിൽ സമർപ്പിച്ച് ബിൽ തുക പാസാക്കി ബന്ധപ്പെട്ടവർക്ക് കൈമാറുന്നതിന് ഉണ്ടാകുന്ന കാലവിളംബം പരിഗണിച്ചാണ് അത്യാവശ്യ ചെലവുകൾ വഹിക്കുന്നതിന് പല ഓഫീസുകൾക്കും (ഓഫീസ് തലവൻമാർക്കും) പെർമനന്റ് അഡ്വാൻസ് അനുവദിച്ചത്. കടലാസ് രഹിതവും പണരഹിതവുമായ ഓഫീസ് സംവിധാനത്തിലേക്ക് മാറുന്നതിനും ധനകാര്യ ഇടപാടുകളുടെ ആധുനികവൽക്കരണത്തിനും സംയോജിത ധനകാര്യ മാനേജ്മെന്റ്റ് സംവിധാനം എർപ്പെടുത്തിയിട്ടുള്ള സാഹചര്യമാണ് ഇന്നുള്ളത്. ഭൂരിഭാഗം സർക്കാർ ഓഫീസുകൾക്കും സമീപത്തായി തന്നെ ട്രഷറി സേവനം ലഭ്യമാണ്. അതിനാൽ പെർമനന്റ് അഡ്വാൻസ് അനുവദിക്കുന്നത് വകുപ്പ് തലവന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തണെന്നാണ് റിപ്പോർട്ട്. 

Tags:    
News Summary - Financial report for repayment of unutilized permanent advance amount

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.