വിഴിഞ്ഞം പൊലീസ്​ സ്​റ്റേഷൻ ആക്രമണം: പൊലീസിനെ ബന്ദിയാക്കിയെന്ന് എഫ്.ഐ.ആർ

തിരുവനന്തപുരം: കസ്റ്റഡിയിലെടുത്തവരെ വിട്ടുകിട്ടണമെന്നും സമരത്തിൽ പങ്കെടുക്കാത്ത ആളുകളെ കള്ളക്കേസിൽ കുടുക്കിയെന്നും ആരോപിച്ച് സമരസമിതി പ്രവർത്തകർ ​വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമിച്ചതിൽ 3000 പേർക്കെതിരെ കേസെടുത്തു. സമരക്കാർ പൊലീസിനെ ബന്ദിയാക്കിയെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.

മാരകായുധങ്ങളുമായി പൊലീസിനെ ആക്രമിച്ചു. കസ്റ്റഡിയിലെടുത്തവരെ വിട്ടില്ലെങ്കിൽ സ്റ്റേഷന് അകത്തിട്ട് പൊലീസിനെ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി. 85 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും എഫ്.ഐ.ആറിലുണ്ട്.

കഴിഞ്ഞദിവസം സമരപ്പന്തലിന്​ സമീപമുണ്ടായ സംഘർഷത്തിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്ന അഞ്ച് പേരെയും വിടണമെന്നും വൈദികരടക്കമുള്ളവർക്കെതിരെ ചുമത്തിയ കള്ളക്കേസ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ്​ ഇന്നലെ രാത്രി സമരക്കാർ സ്റ്റേഷൻ വളഞ്ഞത്. സ്ത്രീകളടക്കം ആയിരക്കണക്കിന് വരുന്ന സമരക്കാർ വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ വളഞ്ഞത്. സ്റ്റേഷൻ വളപ്പിലുണ്ടായിരുന്ന രണ്ട് പൊലീസ് ജീപ്പുകൾ അടക്കം നാല് പൊലീസ് വാഹനങ്ങൾ തകർത്ത സമരക്കാർ പൊലീസുകാരെയും മാധ്യമപ്രവർത്തകരെയും മർദിച്ചു. സ്റ്റേഷനിലെ ഷെഡും തകർത്തു.


സ്റ്റേഷനുമുന്നിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ച പ്രതിഷേധക്കാർ അതിലെ തടിക്കഷണങ്ങൾ കൊണ്ട് പൊലീസുകാരെ ആക്രമിച്ചു. പരിക്ക് പറ്റിയ പൊലീസ് ഉദ്യോഗസ്ഥർ ഉൾ​െപ്പടെ പൊലീസ് സ്റ്റേഷനുള്ളിൽ കയറി ഗ്രിൽ അടച്ചിട്ടാണ് രക്ഷപ്പെട്ടത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ കരമന പൊലീസ് സ്റ്റേഷനിലെ ജീപ്പും തകർത്തു. തുടർന്ന് വിഴിഞ്ഞം സ്റ്റേഷനുള്ളിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് ജീപ്പുകൾ അടിച്ചുതകർത്തു. പരിക്ക് പറ്റിയ പൊലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയിൽ എത്തിക്കാൻ സ്ഥലത്ത് എത്തിയ 108 ആംബുലൻസും തടഞ്ഞു. സംഭവസ്ഥലത്തേക്ക് മാധ്യമപ്രവർത്തകരെയും സമരക്കാർ പ്രവേശിപ്പിച്ചില്ല.

ആക്രമണത്തെ തുടർന്ന്​ സമരാനുകൂലികൾക്ക്​ നേരെ രാത്രിയോടെ പൊലീസ്​ ലാത്തിച്ചാർജും കണ്ണീർവാതകവും പ്രയോഗിച്ചു. മൂന്ന് മണിക്കൂറോളം പ്രതിഷേധക്കാരുടെ നിയന്ത്രണത്തിലായിരുന്നു പൊലീസ് സ്റ്റേഷൻ പരിസരം. രാത്രി ഒമ്പതുമണിയോടെ പ്രതിഷേധക്കാരുമായി ചർച്ച നടത്താൻ സിറ്റി പൊലീസ് കമീഷണർ സ്പർജൻ കുമാർ സ്ഥലത്ത് എത്തിയതിനുപിന്നാലെയാണ് ലാത്തിച്ചാർജ് നടത്തിയത്. പ്രതിഷേധക്കാരെ തുരത്താൻ പൊലീസ് പലതവണ കണ്ണീർവാതകം പ്രയോഗിച്ചു. പ്രതിഷേധക്കാരുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റ്​ സ്റ്റേഷനുള്ളിൽ അഭയം തേടിയ ഒമ്പത്​ പൊലീസുകാരെ ആശുപത്രിയിലേക്ക് മാറ്റാൻ പൊലീസ് പല തവണ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാർ അനുവദിച്ചില്ല.


ഇതിനിടയിൽ സംഭവം മൊബൈലിൽ ചിത്രീകരിക്കുകയായിരുന്ന എ.സി.വിയുടെ പ്രാദേശിക ലേഖകൻ ഷെരീഫ് എം. ജോർജിനെ പ്രതിഷേധക്കാർ മർദിക്കുകയും ഇദ്ദേഹത്തിന്‍റെ മൊബൈൽ നശിപ്പിക്കുകയും ചെയ്തു. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയ ഷെരീഫിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ ഏതാനും പൊലീസുകാരെ ഏറെ പണിപ്പെട്ട്​ മെഡിക്കൽ കോളജ്​ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും എത്തിച്ചിട്ടുണ്ട്​.

സംയമനം പാലിക്കാൻ ആഭ്യന്തരവകുപ്പിന്‍റെ നിർദേശം

പൊലീസിനോട് സംയമനം പാലിക്കാനാണ് ആഭ്യന്തരവകുപ്പിന്‍റെ നിർദേശം. തിരുവനന്തപുരം സിറ്റിയിലും തീരപ്രദേശങ്ങളിലെ സ്റ്റേഷനുകളിലും ജാഗ്രത പാലിക്കാൻ സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകിയിട്ടുണ്ട്. വർഗീയസംഘർഷത്തിന്​ ചില ശക്തികൾ കോപ്പുകൂട്ടുന്നുണ്ടെന്ന രഹസ്യാന്വേഷണവിഭാഗം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. അവധിയിലുള്ള ഉന്നത ഉദ്യോഗസ്ഥരടക്കം തിരികെ ജോലിയിൽ പ്രവേശിക്കാനും ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയാറായിരിക്കണമെന്നും നിർദേശമുണ്ട്. വിഴിഞ്ഞത്ത് തീരദേശത്തും ഹാർബറിലും മറ്റിടങ്ങളിലുമായി വൻ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. 

Tags:    
News Summary - FIR in vizhinjam protesters police station attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.