തിരുവനന്തപുരത്ത്​ ആക്രി ഗോഡൗണിൽ വൻ തീപിടിത്തം, 10 ലക്ഷത്തിന്‍റെ നഷ്ടം -വിഡിയോ

തിരുവനന്തപുരം: കരമന കിള്ളിപ്പാലത്ത് പി.ആർ.എസ് ആശുപത്രിക്ക് സമീപം വൻ തീപിടിത്തം. ബണ്ട്റോഡിൽ പ്രവർത്തിക്കുന്ന ആക്രി ഗോഡൗണിലാണ് തിങ്കളാഴ്ച ഉച്ചക്ക് 11.30 ഓടെ തീപടർന്നത്. ഗോഡൗണിൽ നിന്നുള്ള തീ സമീപത്തുള്ള വീടുകളിലേക്കും കെട്ടിടങ്ങളിലേക്കും തെങ്ങുകളിലേക്കും ഇലക്ട്രിക്പോസ്റ്റിലേക്കും പടർന്നതോടെ ഫയർഫോഴ്​സും നാട്ടുകാരും ഇടപെട്ട് സമീപവാസികളെ അടിയന്തരമായി ഒഴിപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. 20 ഫയർഫോഴ്സ് യൂനിറ്റുകൾ മൂന്ന് മണിക്കൂർ നടത്തിയ പരിശ്രമങ്ങൾക്കൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്.

നാലരയോടെ തീ പൂർണമായി അണച്ചു. ഗോഡൗൺ പൂർണമായി കത്തി നശിച്ചു. ഏകദേശം 10 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതാണ് പ്രാഥമിക വിവരം. സമീപത്തെ മൂന്നുവീടുകളുടെ വാതിലുകളും ജനലുകളും കട്ടിളയും കത്തി നശിച്ചു. ഗോഡൗണിന് സമീപത്തെ ഇലക്ട്രിക് ലൈനിൽ നിന്ന്​ ഉച്ചയോടെ സ്പാർക്ക് ഉണ്ടായതായും ഇതിൽ നിന്നുള്ള തീപ്പൊരി ഗോഡൗണിലെ ചവറുകൂനയിലേക്ക് വീണതാകാം അപകടകാരണമെന്നുമാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ 20 വർഷമായി കരമനയിൽ ആക്രി വ്യാപാരം നടത്തുന്ന പൂന്തുറ സ്വദേശി സുൽഫിയു​േടതാണ് ഗോഡൗൺ.


ഒഴിഞ്ഞ പെയിൻറ് ബക്കറ്റ്, പെയിൻറ് കാനുകൾ, വാഹനങ്ങളുടെ ഡീസൽ ഫിൽറ്ററുകൾ, പ്ലാസ്റ്റിക് ബക്കറ്റ്, പഴയ ടയറുകൾ, സ്​പ്രേക്കുപ്പികൾ, ടാർ ബാരലുകൾ അടക്കം ഇലക്ട്രിക് പോസ്റ്റി‍െൻറ അതേ ഉയരത്തിലാണ് നിക്ഷേപിച്ചിരുന്നത്. ഇതും തീപിടിത്തത്തിന് കാരണമായതായി ഫയർഫോഴ്സ് പറയുന്നു. 11.30ഓടെ തീപടർന്നെങ്കിലും തുടക്കത്തിൽ ഗോഡൗണിലെ തൊഴിലാളികളെ ഉപയോഗിച്ച് തീകെടുത്താനായിരുന്നു ശ്രമം. എന്നാൽ സ്പ്രേ കുപ്പികളിലടക്കം ആൽക്കഹോൾ ഗ്യാസ് അവശേഷിച്ചതിന്‍റെ ഭാഗമായി വലിയ പൊട്ടിത്തെറികൾ ഗോഡൗണിൽ നിന്ന് ഉണ്ടായതോടെയാണ് 12 മണിയോടെ വിവരം ഫയർഫോഴ്​സിനെ അറിയിക്കുന്നത്.

Full View

ഫയർഫോഴ്സ് എത്തുമ്പോൾ ഗോഡൗണിന് ചുറ്റും തീപടർന്നിരുന്നു. തുടർന്ന് ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നും 20 ഫയർയൂനിറ്റ് വാഹനങ്ങളും തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 12,000 ലിറ്റർ ശേഷിയുള്ള പാന്തറും 11000 ലിറ്റർ ശേഷിയുള്ള ഫയർഫോഴ്സിന്‍റെ വാട്ടർ ബൗസറും പൊലീസിന്‍റെ ജലപീരങ്കി വരുണും ഉപയോഗിച്ചാണ് അഞ്ച് മണിക്കൂർകൊണ്ട് തീ പൂർണമായി കെടുത്തിയത്. ഗോഡൗണിന് ലൈസൻസ് ഇല്ലെന്ന് കോർപറേഷ‍​െൻറ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കരമന പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - fire accident near tvm prs hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.