വെള്ളൂർ കെ.പി.പി.എല്ലിലെ തീപിടിത്തം; അന്വേഷണ സംഘത്തെ നിയോഗിച്ചു

വെള്ളൂർ കെ.പി.പി.എല്ലിലെ തീപിടിത്തം; അന്വേഷണ സംഘത്തെ നിയോഗിച്ചു

കോട്ടയം: വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്റ്റ്‌സ് ലിമിറ്റഡിൽ വ്യാഴാഴ്ച വൈകീട്ടുണ്ടായ തീപിടിത്തം സംബന്ധിച്ച് അന്വേഷിക്കാൻ ​പ്രത്യേക സംഘത്തെ നിയോഗിച്ചു. പാലാ ആർ.ഡി.ഒ പി.ജി. രാജേന്ദ്രബാബു അന്വേഷണ ഉദ്യോഗസ്ഥനായും ജില്ലാ ഫയർ ഓഫിസർ, വൈക്കം ഡിവൈ.എസ്.പി, ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് ഇൻസ്‌പെക്ടർ, കെ.എസ്.ഇ.ബി പാലാ ഡെപ്യൂട്ടി ചീഫ് എൻജിനീയർ എന്നിവർ അംഗങ്ങളുമായ സംഘത്തെയാണ് ജില്ല കലക്ടർ വി. വിഗ്‌നേശ്വരി നിയോഗിച്ചത്. ഒക്‌ടോബർ 30നകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

സംസ്‌ഥാന സര്‍ക്കാറിന്റെ ഉടമസ്‌ഥതയിലുള്ള കെ.പി.പി.എല്ലിൽ വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് തീപിടിത്തമുണ്ടായത്. പേപ്പര്‍ മെഷിനില്‍ പേപ്പര്‍ അടിക്കുന്നത് മുതല്‍ റോളാക്കി പുറത്തേക്ക് വരുന്ന ഭാഗം വരെ കത്തിനശിച്ചിട്ടുണ്ട്. കമ്പനിയുടെ ഫയര്‍ യൂനിറ്റ്‌ പ്രവര്‍ത്തനരഹിതമായിരുന്നു. കടുത്തുരുത്തി, വൈക്കം, പിറവം തുടങ്ങിയ സ്‌ഥലങ്ങളില്‍ നിന്നെത്തിയ അഗ്നിരക്ഷ സേന ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്‌.

പേപ്പര്‍ അടിച്ച് പുറത്തേക്ക് വരുന്ന ഭാഗത്താണ്‌ ആദ്യം തീയും പുകയും കണ്ടത്‌. ഉടന്‍ ജീവനക്കാര്‍ അണക്കാന്‍ ശ്രമിച്ചെങ്കിലും തീയും പുകയും മൂലം അടുക്കാന്‍ കഴിഞ്ഞില്ല. മുക്കാല്‍ മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്‌. തീപിടിത്തത്തിന്റെ കാരണം വ്യക്‌തമായിട്ടില്ല. കോടികളുടെ നഷ്‌ടമാണ് കണക്കാക്കുന്നത്‌. 

Tags:    
News Summary - Fire at Vellore KPPL; An investigation team was appointed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.