ആറ്റിങ്ങൽ: അഞ്ചുതെങ്ങിൽ മണ്ണെണ്ണ വിൽപന കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ രണ്ടുപേർക്ക് പൊള്ളലേറ്റു. അഞ്ചുതെങ്ങ് കൊച്ചുമേത്തൻ കടവ് കുന്നുംപുറത്ത് വീട്ടിൽ പത്രോസ് (58), മകൻ ജിജോ (21) എന്നിവർക്കാണ് പൊള്ളലേറ്റത്. അഞ്ചുതെങ്ങ് കൊച്ചുമേത്തൻ കടവിൽ പഴയ എസ്.കെ ആശുപത്രിക്ക് സമീപം തിങ്കളാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. പത്രോസിന്റെ വീടിനോട് ചേർന്ന് മണ്ണെണ്ണ, ഓയിൽ ഗ്യാസ് എന്നിവയുടെ അനധികൃത വിൽപന കേന്ദ്രം പ്രവർത്തിച്ചിരുന്നു. ഇവിടെയാണ് തീപിടിത്തമുണ്ടായത്.
വീടിന്റെ മുൻഭാഗത്ത് സൂക്ഷിച്ചിരുന്ന ക്യാനിൽനിന്ന് ഓയിൽ പകരുന്നതിനിടെ കൈയിൽ തീ പടർന്നതായാണ് പറയപ്പെടുന്നത്. തീ കെടുത്താനുള്ള ശ്രമത്തിനിടെ പത്രോസിനും മകൻ ജിജോക്കും പൊള്ളലേൽക്കുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ തീ ആളിപ്പടർന്നു. വലിയ ശബ്ദത്തോടെ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു. തീയും പുകയും അന്തരീക്ഷത്തിൽ നിറഞ്ഞു. കടയ്ക്കുമുന്നിൽ പാർക്ക് ചെയ്തിരുന്ന രണ്ട് ഇരുചക്ര വാഹനങ്ങളിൽ ഒന്ന് പൂർണമായും മറ്റൊന്ന് ഭാഗികമായും കത്തിനശിച്ചു. വീടിനും സാരമായ കേടുപാടുണ്ടായി.
രക്ഷാസംഘത്തിന്റെ സമയോചിത ഇടപെടൽ കൂടുതൽ അപകടം ഉണ്ടാകുന്നത് ഒഴിവാക്കി. അടുത്തടുത്ത് വീടുകളുള്ള തീരദേശ മേഖലയിലാണ് അപകടമുണ്ടായത്. സമീപവീടുകളിൽനിന്ന് ജനങ്ങൾ പുറത്തേക്ക് ഓടി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ കടൽത്തീരത്ത് അഭയംതേടി. അഗ്നി രക്ഷാസേന എത്തി തീ നിയന്ത്രണവിധേയമാക്കിയ ശേഷമാണ് ജനങ്ങളുടെ ആശങ്ക ഒഴിഞ്ഞത്. അഞ്ചുതെങ്ങ് പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.