മലപ്പുറം: മൊറയൂർ പഞ്ചായത്തിലെ മിനി ഊട്ടി ഗ്ലാസ് ബ്രിഡ്ജ്ന് സമീപം തീപിടിത്തം. ഏകദേശം രണ്ട് ഏക്കറോളം വരുന്ന പറമ്പിലെ പുൽക്കാട് കത്തി നശിച്ചു. വ്യാഴാഴ്ച രാത്രി 7.30 ഓടെയാണ് സംഭവം.പറമ്പിലെ തെങ്ങിൻ തൈകളും റബർ തൈകളും കത്തി നശിച്ചു. വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയിൽ നിന്നാണ് തീപടർന്നതെന്നാണ് പ്രാഥമിക നിഗമനം.
ആദ്യം നാട്ടുകാർ തീ അണക്കാൻ ശ്രമിച്ചെങ്കിലും നിയന്ത്രണ വിധേയമാകാതെ വന്നതോടെ അഗ്നിരക്ഷ സേനയെ വിവരം അറിയിക്കുകയായിരുന്നു. മലപ്പുറം അഗ്നിരക്ഷ നിലയത്തിൽ നിന്നും ജീവനക്കാർ എത്തുമ്പോൾ തീ പടരുകയായിരുന്നു. കുത്തനെയുള്ള പറമ്പിൽ അഗ്നിരക്ഷ സേന റോഡിൽ നിന്നും താഴ്ചയിലേക്ക് കയറിൽ പിടിച്ചു ഇറങ്ങി നിന്നാണ് തീ അണച്ചത്.
മലപ്പുറത്തു നിന്നും രണ്ട് യൂനിറ്റും പ്രദേശത്തെ കുടിവെള്ള വിതരണ ടാങ്കറും ഉപയോഗിച്ച് രണ്ട് മണിക്കൂറോളം നീണ്ട പരിശ്രമത്തിലൂടെ എട്ട് ഡെലിവറി ഹോസ് ഉപയോഗിച്ചാണ് തീ പൂർണമായും അണച്ചത്. മൊറയൂർ പഞ്ചായത്ത് അംഗം എ.കെ. നവാസ്, മലപ്പുറം അഗ്നിരക്ഷ നിലയത്തിലെ സീനിയർ ഫയർ ഓഫിസർ കെ. സിയാദ്, ഫയർ ഓഫിസർമാരായ എൻ. ജംഷാദ്, മുഹമ്മദ് ഷഫീക്, കെ.സി. മുഹമ്മദ് ഫാരിസ്, എ.എസ്. പ്രദീപ്, അഫ്സൽ, ഹോം ഗാർഡ് വി. ബൈജു, സിവിൽ ഡിഫെൻസ് അംഗങ്ങൾ ആയ അജ്മൽ തൗഫീഖ്, സിദ്ദീഖ്, ഫഹദ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.