തിരുവല്ല: ഇരവിപേരൂര്‍ പൊയ്കയിൽ ശ്രീകുമാരഗുരു ജയന്തിയാഘോഷങ്ങളോട് അനുബന്ധിച്ച് നടന്ന ആചാരവെടിക്കിടെ വെടിപ്പുരക്ക് തീപിടിച്ച് കരാറുകാരായ ദമ്പതികള്‍ മരിച്ചു. ഏഴുപേര്‍ക്ക് ഗുരുതര പൊള്ളലേറ്റു. ആലപ്പുഴ ഹരിപ്പാട് കാര്‍ത്തികപ്പള്ളി മഹാദേവികാട് മാധവന്‍ചിറ കിഴക്കതില്‍ ഗുരുദാസ് (45), ഭാര്യ ആശ (സുഷമ -35) എന്നിവരാണ് മരിച്ചത്.
ആശയുടെ സഹോദരനായ വള്ളംകുളം നന്നൂര്‍ മേമനയില്‍ പ്രഭാകരന് (64), കോട്ടയം ചിറക്കടവം സ്വദേശി ലീലാമണി (49) എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിേക്കറ്റ നെയ്യാറ്റിന്‍കര ഒറ്റശേഖരമംഗലം ശിവമന്ദിരത്തില്‍ സ്വര്‍ണമ്മ (69), മകള്‍ നെയ്യാറ്റിന്‍കര കുമാരവിലാസത്തില് വിജയകുമാരി (45), ഏഴംകുളം പുതുമല നെല്ലിക്കാമുരുപ്പില് തേജസ് (26), ചങ്ങനാശ്ശേരി മുതലപ്ര പ്രദീപ് (29), അമ്പലപ്പാട്ട് സ്വദേശി അഭിജിത്ത് (33) എന്നിവരെ കുമ്പനാട് ഫെലോഷിപ് മിഷന് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. പ്രത്യക്ഷരക്ഷ ദൈവസഭ (പി.ആർ.ഡി.എസ്) സ്ഥാപകൻ പൊയ്കയിൽ ശ്രീകുമാരഗുരുവിെൻറ 140ാമത് ജന്മദിന ആഘോഷങ്ങള്‍ക്കായി സഭ ആസ്ഥാന മന്ദിര വളപ്പിൽ വെടിവഴിപാടിന് സൗകര്യമേര്‍പ്പെടുത്തിയിരുന്നു. താൽക്കാലിക ഷെഡില്‍ ആചാരവെടി നടത്തുന്നതിനിടെ കരിമരുന്ന് സൂക്ഷിച്ചിരുന്ന തകരപ്പാട്ടക്ക് തീപിടിച്ചതോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തെ തുടര്‍ന്ന് 10 മീറ്റര്‍ അകലേക്ക് ഗുരുദാസ് തെറിച്ചുവീണു. ഇയാളുടെ വലത് കാലും കൈയും അറ്റുപോയി. സമീപ വീടുകളുടെയും ആസ്ഥാനമന്ദിരത്തിെൻറയും അഗ്നിരക്ഷ സേനയുടെ വാഹനത്തിെൻറയും ചില്ലുകൾ തകര്‍ന്നു. 100 മീറ്റര്‍ ചുറ്റളവിലാണ് നാശം വിതച്ചത്.
വെടിവഴിപാടിന് അനുമതി നല്‍കിയിരുന്നില്ലെന്ന് ജില്ല ഭരണകൂടവും റവന്യൂ അധികൃതരും അറിയിച്ചു. എന്നാൽ, വെടിവഴിപാട് ആചാരത്തിെൻറ ഭാഗമല്ലെന്നും ഒരാളെ വെടിവഴിപാട് നടത്താന്‍ അനുവദിക്കുക മാത്രമാണ് ചെയ്തതെന്നും പി.ആർ.ഡി.എസ് ഭാരവാഹികള്‍ പറഞ്ഞു. ശനിയാഴ്ച വൈകീട്ടത്തെ കരിമരുന്ന് പ്രയോഗത്തിന് അനുമതി ലഭിച്ചിരുന്നു. അപകടത്തിൽ ദുരുഹതയുണ്ടെന്ന് പി.ആർ.ഡി.എസ് ഭാരവാഹികള്‍ ആരോപിച്ചു. ചെറിയ കതിനയില്‍ വളരെ ചെറിയ അളവില്‍ വെടിമരുന്ന് ശേഖരിച്ചാലും ഇത്ര വലിയ സ്ഫോടനമുണ്ടാകുമോ എന്നത് അന്വേഷിക്കണമെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.