പുതുപ്പള്ളി (കോട്ടയം): കേരളം കണ്ട ഏറ്റവും വലിയ ജനകീയ നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ. ഉമ്മൻ ചാണ്ടി അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി അങ്കണത്തിൽ സംഘടിപ്പിച്ച ഉമ്മൻചാണ്ടി ഒന്നാം ചരമവാർഷികാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്കൊപ്പം നിന്ന് അവരുടെ കണ്ണീരൊപ്പിയ നേതാവായിരുന്നു ഉമ്മൻചാണ്ടി. ജനങ്ങളിൽ കരുണയുടെ രൂപത്തിൽ ഉമ്മൻചാണ്ടി പ്രതിഫലിച്ചു. സാങ്കേതിക വിദ്യകളിലുൾപ്പെടെ അദ്ദേഹത്തിന് ദീർഘവീക്ഷണമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് നടപ്പാക്കിയ പല പദ്ധതികളും അത് വ്യക്തമാക്കുന്നതാണെന്നും ഗവർണർ കൂട്ടിച്ചേർത്തു. ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന സ്പോർട്സ് അരീന, സ്കോളർഷിപ്പ് പദ്ധതികൾ എന്നിവയുടെ ഉദ്ഘാടനവും ‘മലയാളികളുടെ കുഞ്ഞൂഞ്ഞ്’ എന്ന ഡോക്യുമെന്ററിയുടെ പ്രകാശനവും ഗവർണർ നിർവഹിച്ചു.
പുരുഷാരത്തിന്റെ നടുവിൽനിന്നിരുന്ന ക്രിസ്തുവിനെ പോലെയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അനുസ്മരിച്ചു. ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അധ്യക്ഷത വഹിച്ചു. സിറോ മലബാര്‍ സഭ അധ്യക്ഷൻ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ശശി തരൂര്‍ എം.പി, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, സ്വാമി മോക്ഷവ്രതാനന്ദ, ജില്ല പഞ്ചായത്തംഗം രാധാ.വി.നായര്‍, എസ്.എന്‍.ഡി.പി യോഗം ചങ്ങനാശ്ശേരി യൂനിയന്‍ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്മാന് ജോഷി ഫിലിപ്പ്, ചാണ്ടി ഉമ്മന്‍ എം.എല്‍.എ എന്നിവർ സംസാരിച്ചു.
ചാണ്ടി ഉമ്മൻ എം.എൽ.എ ചെയർമാനായ ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ ഉദ്ഘാടനവും ഗവർണർ നിർവഹിച്ചു. ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പുതുപ്പള്ളിയിലെ 1000 വിദ്യാർഥികൾക്ക് നൽകുന്ന വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണവും കൂരോപ്പടയിൽ 50 സെന്റിൽ നിർമ്മിച്ച ഉമ്മൻ ചാണ്ടി സ്പോർട്സ് അരീന ഗോൾ ഫുട്ബാൾ ടർഫിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. രാവിലെ ഏഴിന് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ ഒന്നാംചരമവാർഷികത്തിന്റെ ഭാഗമായി കുർബാന നടന്നു. തുടർന്ന് ഉമ്മൻ ചാണ്ടിയുടെ കബറിടത്തിൽ ധൂപപ്രാർഥനയും നടന്നു. വൈകീട്ട് കോട്ടയം ഡി.സി.സിയുടെ നേതൃത്വത്തിൽ കോട്ടയം മാമ്മൻ മാപ്പിള ഹാളിലും അനുസ്മരണ സമ്മേളനം നടന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ അധ്യക്ഷത വഹിച്ചു.
പുതുപ്പള്ളിയിലെ കബറിടത്തിലും അനുസ്മരണ പരിപാടിയിലും പങ്കെടുക്കാൻ വൻ ജനക്കൂട്ടമെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.