പ്രഥമ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; കേരള ജ്യോതി എം.ടി. വാസുദേവൻ നായർക്ക്

തിരുവനന്തപുരം: വിവിധ മേഖലകളിലെ സമഗ്ര സംഭാവനകൾക്ക് കേന്ദ്രത്തിന്‍റെ പത്മ പുരസ്‌കാര മാതൃകയിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പ്രഥമ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളത്തിന്‍റെ അഭിമാനമായ എം.ടി. വാസുദേവൻ നായർക്ക് കേരള ജ്യോതി പുരസ്‌കാരം നൽകും.

ഓംചേരി എൻ.എൻ. പിള്ള, ടി. മാധവമേനോൻ, മമ്മൂട്ടി എന്നിവർ കേരള പ്രഭ പുരസ്‌കാരത്തിനും ഡോ.സത്യഭാമദാസ് ബിജു (ഡോ. ബിജു), ഗോപിനാഥ് മുതുകാട്, കാനായി കുഞ്ഞിരാമൻ, കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, എം.പി. പരമേശ്വരൻ, വൈക്കം വിജയലക്ഷ്മി എന്നിവർ കേരളശ്രീ പുരസ്‌കാരത്തിനും അർഹരായി.

സാഹിത്യരംഗത്തെ സംഭാവന പരിഗണിച്ചാണ് എം.ടിക്ക് പുരസ്കാരം. ഓംചേരി എൻ.എൻ. പിള്ളയെ കല, നാടകം, സാമൂഹിക സേവനം, പൊതുപ്രവർത്തനം എന്നിവയിൽനിന്നും ടി. മാധവമേനോനെ സിവിൽ സർവിസ്, സാമൂഹിക സേവനം എന്നിവയിൽനിന്നും മമ്മൂട്ടിയെ കലാമേഖലയിൽനിന്നുമാണ് പരിഗണിച്ചത്.

പാലക്കാട് ജില്ലയുടെ രണ്ടാമത് കലക്ടറായിരുന്ന മാധവമേനോൻ ആദിവാസി സമൂഹത്തിനായി ഇടപെട്ടിരുന്ന വ്യക്തികൂടിയാണ്. കേരളശ്രീ പുരസ്കാരത്തിന് അർഹമായ ഡോ. സത്യഭാമദാസ് ബിജു ഉഭയജീവി ഗവേഷകനാണ്.

സാമൂഹിക സേവനം, കല എന്നിവയിലെ സംഭാവനകൾ പരിഗണിച്ച് മാന്ത്രികൻ ഗോപിനാഥ് മുതുകാടിനെയും കലാരംഗത്തെ സംഭാവനകൾ പരിഗണിച്ച് ശിൽപി കാനായി കുഞ്ഞിരാമനെയും പുരസ്കാരത്തിന് പരിഗണിച്ചു.

പ്രമുഖ വ്യവസായിയാണ് പുരസ്കാരം ലഭിച്ച കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി. ആണവ ശാസ്ത്രജ്ഞൻ, ശാസ്ത്രപ്രചാരകൻ, വൈജ്ഞാനിക സാഹിത്യകാരൻ തുടങ്ങിയ നിലകളിൽ പ്രശസ്തനാണ് എം.പി. പരമേശ്വരൻ. സംഗീതജ്ഞയും ഗായികയുമാണ് വൈക്കം വിജയലക്ഷ്മി.

പ്രാഥമിക, ദ്വിതീയ പരിശോധന സമിതി, അവാർഡ് സമിതി എന്നിങ്ങനെ മൂന്നുതലങ്ങളിലായാണ് പുരസ്‌കാര നിർണയം നടന്നത്. ദ്വിതീയ പരിശോധന സമിതി സമർപ്പിച്ച ശിപാർശകൾ അടൂർ ഗോപാലകൃഷ്ണൻ, ടി.കെ.എ. നായർ, ഡോ. ഖദീജ മുംതാസ് എന്നിവരടങ്ങുന്ന സമിതി പരിശോധിച്ചാണ് സർക്കാറിന് നാമനിർദേശം നൽകിയത്.

Tags:    
News Summary - First Kerala Awards Announced; Kerala Jyoti M.T. Vasudevan Nair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT