കൊച്ചി: സർക്കാർ രൂപം നൽകിയ സിനിമാ നയരൂപവത്കരണ സമിതി പ്രഥമയോഗം കൊച്ചിയിൽ ചേർന്നു. സമിതി അധ്യക്ഷൻ ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ. കരുൺ, കൺവീനർ മിനി ആൻറണി, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ തുടങ്ങിയവർ പങ്കെടുത്തു.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെയും ചലച്ചിത്ര മേഖലയിൽ സർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്ന പരിപാടികളുടെയും ഭാഗമായാണ് സമിതിക്ക് രൂപം നൽകിയത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായിട്ടായിരുന്നു ആദ്യ ചർച്ച. പ്രാരംഭ ചർച്ചകളാണ് ഇപ്പോൾ നടത്തുന്നതെന്ന് ഷാജി എൻ. കരുൺ പറഞ്ഞു. അമ്മ ഉൾപ്പെടെ എല്ലാ സംഘടനകളുമായും യോഗം ചേരും. സിനിമ കോൺക്ലേവ് ഉടൻ നടത്തുന്നതിന് പ്രായോഗിക പ്രശ്നങ്ങളുണ്ട്. അത് മാറ്റിവെക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യും. സിനിമ കോൺക്ലേവിന്റെ തീയതി തീരുമാനിച്ചിട്ടില്ലെന്ന് പ്രേംകുമാർ അറിയിച്ചു. സിനിമയിലെ എല്ലാ സംഘടനകളെയും കൂട്ടിയോജിപ്പിച്ച് എല്ലാ വിരുദ്ധ ശബ്ദങ്ങളെയും ഉൾക്കൊണ്ട് ജനാധിപത്യപരമായിട്ടായിരിക്കും മുന്നോട്ടുപോകുക.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ജനുവരിയോടെയെങ്കിലും സിനിമ നയരൂപവത്കരണം നടത്തണമെന്നാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതിന്റെ ആദ്യപടിയെന്നോണമാണ് യോഗം ചേർന്നത്.
കൊച്ചി: സിനിമ നയരൂപവത്കരണ സമിതി യോഗത്തിൽ പ്രതിഷേധവുമായി മാക്ട ഫെഡറേഷൻ ഭാരവാഹികൾ. മാക്ട പ്രതിനിധികളെയും ഉൾപ്പെടുത്തുക, സംവിധായകൻ ബി. ഉണ്ണികൃഷ്ണനെ സമിതിയിൽനിന്ന് ഒഴിവാക്കുക എന്നീ ആവശ്യങ്ങളുയർത്തിയാണ് പ്രസിഡൻറ് ബൈജു കൊട്ടാരക്കര, ജനറൽ സെക്രട്ടറി അജ്മൽ ശ്രീകണ്ഠാപുരം എന്നിവർ പ്രതിഷേധം അറിയിച്ചത്.
ആരോപണവിധേയനായ ഒരാളെയിരുത്തി സിനിമ നയരൂപവത്കരണം എങ്ങനെ സാധ്യമാകുമെന്ന് ബൈജു കൊട്ടാരക്കര ചോദിച്ചു. പ്രൊഡ്യൂസർമാരെയും ഡിസ്ട്രിബ്യൂട്ടർമാരെയും മാത്രമാണ് യോഗത്തിൽ വിളിച്ചതെന്നാണ് പറയുന്നത്. അങ്ങനെയെങ്കിൽ ഉണ്ണികൃഷ്ണൻ എങ്ങനെയാണ് എത്തിയത്. ഇനിയുള്ള യോഗങ്ങളിൽ തങ്ങളെ ഉൾപ്പെടുത്തിയില്ലെങ്കിൽ എല്ലാ സിനിമാ സെറ്റിലേക്കും മാക്ട മാർച്ച് നടത്തും. വിഷയത്തിൽ സർക്കാറിനും മന്ത്രിക്കും സമിതി അധ്യക്ഷൻ ഷാജി എൻ. കരുണിനും കത്തയച്ചിട്ടുണ്ട്. മാക്ടയെ കൂട്ടാതെ കോൺക്ലേവ് നടത്താമെന്നോ നയരൂപവത്കരണ സമിതി ചേരാമെന്നോ കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.