ഡോ. വന്ദന

രോഗിയുടെ ആക്രമണത്തിൽ ഡോക്ടർ കൊല്ലപ്പെടുന്നത് ആദ്യം

തിരുവനന്തപുരം: രോഗിയുടെ ആക്രമണത്തിൽ ഡോക്ടർ കൊല്ലപ്പെടുന്നത് കേരളത്തിൽ ഇതാദ്യം. ആരോഗ്യപ്രവർത്തകർ ആക്രമിക്കപ്പെടുകയും പരിക്കേൽക്കുകയും ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കാറുണ്ടെങ്കിലും ഇത്തരമൊന്ന് ആദ്യ സംഭവമാണെന്നതിനാൽ ഞെട്ടലിലാണ് സംസ്ഥാനത്തിന്‍റെ ആരോഗ്യമേഖല. ആഴ്ചയിൽ ഒരു ആരോഗ്യപ്രവർത്തകനെങ്കിലും ആക്രമിക്കപ്പെടുന്നുണ്ടെന്നാണ് ഐ.എം.എയുടെ കണക്ക്. കഴിഞ്ഞ ഒരു വർഷത്തിനിടെ ആരോഗ്യപ്രവർത്തകർക്കു നേരെ 137 ആക്രമണങ്ങളുണ്ടായി എന്നാണ് കണക്ക്.

കഴിഞ്ഞയാഴ്ച തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിലുണ്ടായ സംഭവമാണ് ആക്രമണങ്ങളിൽ ഏറ്റവും ഒടുവിലത്തേത്. തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ പരിശോധനക്കെത്തിച്ച പ്രതിയും സഹോദരനും ഡോക്ടറെ ൈകയേറ്റം ചെയ്യുകയായിരുന്നു. 2021 ആഗസ്റ്റിൽ ഇതേ ആശുപത്രിയിൽ ഡോക്ടർക്ക് നേരെ രണ്ടംഗ സംഘത്തിന്‍റെ ആക്രമണവുമുണ്ടായിരുന്നു. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ സീനിയർ കാർഡിയോളജിസ്റ്റിനെ ചികിത്സയിലുള്ള യുവതിയുടെ ബന്ധുക്കൾ മർദിച്ചത് ഈ മാർച്ച് നാലിലാണ്. മാർച്ച് 23ന് കായംകുളം താലൂക്ക് ആശുപത്രിയിൽ ജീവനക്കാർക്ക് നേരെ രോഗിയുടെ ആക്രമണമുണ്ടായതാണ് മറ്റൊരു സംഭവം.

മാർച്ച് 31ന് ചെങ്ങന്നൂർ ജില്ല ആശുപത്രിയിൽ ഗർഭിണിയായ ഡോക്ടറെ രോഗി ആക്രമിച്ചു. 2022 ജൂണിൽ കൊല്ലം നീണ്ടകരയിൽ ഡോക്ടർക്കും നഴ്സിനും നേരെ യുവാക്കളുടെ ആക്രമണം. കോഴിക്കോട് മെഡിക്കൽ കോളജിൽ ഒരു സംഘം സുരക്ഷാ ജീവനക്കാരെ ആക്രമിച്ചത് 2022 ആഗസ്റ്റിൽ. 2022 സെപ്റ്റംബറിൽ കായംകുളം താലൂക്ക് ആശുപത്രിയിലും ജീവനക്കാർ ആക്രമണത്തിനിരയായി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിത ഡോക്ടറെ രോഗിയുടെ ഭർത്താവ് ചവിട്ടിവീഴ്ത്തിയ സംഭവമുണ്ടായത് 2022 നവംബറിലും.

നിരവധി ആക്രമണങ്ങൾ ഉണ്ടായിട്ടും നടപടിയെടുക്കാത്തതിനെ തുടർന്ന് ഡോക്ടർമാരുടെ സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. 

Tags:    
News Summary - First the doctor is killed by the patient

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.