ലഖ്നോ: ഭർത്താവിന്‍റെ രണ്ടാംവിവാഹം അസാധുവാക്കണമെന്ന് ആവശ്യപ്പെടാൻ ആദ്യ ഭാര്യക്ക് അവകാശമുണ്ടെന്ന് അലഹബാദ് ഹൈകോടതി. 1955ലെ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 11 പ്രകാരം ഭർത്താവിന്‍റെ രണ്ടാം വിവാഹം അസാധുവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യ ഭാര്യ നൽകിയ അപേക്ഷ നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി.
ഭർത്താവിന്‍റെ രണ്ടാം വിവാഹം അസാധുവാക്കണമെന്നാവശ്യപ്പെട്ട് പ്രതിമ സിങ് എന്ന സ്ത്രീയാണ് ഹരജി നൽകിയത്. പ്രതിമ സിങ്ങിന്‍റെ ഭർത്താവാണ് രാഘവേന്ദ്ര സിങ്. എന്നാൽ, ഇരുവരും തമ്മിൽ സ്വരച്ചേർച്ചയില്ലാതായതോടെ രാഘവേന്ദ്ര സിങ് വിവാഹമോചനം ആവശ്യപ്പെട്ട് കുടുംബകോടതിയെ സമീപിച്ചു. എന്നാൽ, വിവാഹമോചനത്തിന് തയാറല്ലെന്നും ഭർത്താവിന്‍റെ കൂടെ അദ്ദേഹത്തിന്‍റെ വീട്ടിൽ കഴിയാൻ തയാറാണെന്നും പ്രതിമ സിങ് അറിയിച്ചു. ഇതോടെ വിവാഹമോചന ആവശ്യം കോടതി തള്ളി.
പ്രതിമ സിങ് ഭർത്താവിന്‍റെ വീട്ടിലെത്തിയപ്പോഴാണ് രാഘവേന്ദ്ര സിങ് ഗരിമ സിങ് എന്ന സ്ത്രീയെ വിവാഹം ചെയ്തതായി അറിയുന്നത്. ഇതിനെതിരെ പ്രതിമ കേസ് നൽകി. ഇക്കാലയളവിനിടെ രാഘവേന്ദ്ര സിങ് മരിച്ചു.
രണ്ടാം വിവാഹത്തിന് സാധുതയില്ലെന്ന് ആവശ്യപ്പെടാൻ ഒന്നാം ഭാര്യക്ക് അവകാശമില്ലെന്ന വാദമാണ് ഗരിമ സിങ് ഉയർത്തിയത്. എന്നാൽ, ആദ്യ ഭാര്യക്ക് അനുകൂലമായിട്ടായിരുന്നു കുടുംബകോടതി വിധി. തുടർന്ന് രണ്ടാം ഭാര്യ ഹൈകോടതിയെ സമീപിച്ചപ്പോഴാണ് ഈ വിധി ഹൈകോടതിയും ശരിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.