കൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിലെ രണ്ട് പ്രതികൾ യു.എ.ഇയിൽ അറസ്റ്റിലായതായി എൻ.ഐ.എ. കേസിലെ മൂന്നും 10 ഉം പ്രതികളായ ഫൈസൽ ഫരീദ്, റബിൻസ് ഹമീദ് എന്നിവരെയാണ് ദുബൈ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് എൻ.ഐ.എ എറണാകുളം പ്രത്യേക കോടതിയെ അറിയിച്ചു. കേസിലെ എട്ട് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിലാണ് എൻ.ഐ.എ ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യ- യു.എ.ഇ സൗഹൃദം തകർക്കാൻ ശ്രമിച്ചതായി വിലയിരുത്തിയാണ് ഫൈസൽ ഫരീദിനെയും റബിൻസ് ഹമീദിനെയും അറസ്റ്റ് ചെയ്തതെന്ന് യു.എ.ഇ അധികൃതർ പറഞ്ഞതായും എൻ.ഐ.എ സത്യവാങ്മൂലത്തിൽ പറയുന്നു. കേസിലെ പ്രതികൾക്ക് കുറ്റകൃത്യത്തിലുള്ള പങ്ക് അക്കമിട്ട് വിവരിച്ചാണ് സത്യവാങ്മൂലം. ആറ് പ്രതികളെ ഇന്ത്യയിലെത്തിക്കാൻ ഇൻറർപോൾ സഹായം തേടിയതായും എൻ.ഐ.എ അറിയിച്ചു.
യു.എ.ഇയിൽനിന്ന് തെളിവുകൾ ലഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഹവാലാ ഇടപാടിലൂടെ പണം എത്തിയതും കള്ളക്കടത്ത് പണ ഇടപാട് നടന്നതും യു.എ.ഇയിലായതിനാൽ കൂടുതൽ വിവരങ്ങൾ അവിടെനിന്ന് ലഭിക്കേണ്ടതുണ്ട്. ഇതുവരെ ഇന്ത്യയിൽ നടത്തിയ അന്വേഷണത്തിെൻറ അടിസ്ഥാനത്തിൽ എൻ.ഐ.എ ഉദ്യോഗസ്ഥരുടെ അടുത്ത യു.എ.ഇ സന്ദർശനത്തിൽ കേസുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ശേഖരിക്കാൻ കഴിഞ്ഞേക്കുമെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്താന്‍ തെളിവുണ്ടോ എന്ന് കണ്ടെത്തുന്നതിന് കേസ് ഡയറി ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ചൊവ്വാഴ്ച ജാമ്യാപേക്ഷ പരിഗണിച്ചയുടൻ എൻ.ഐ.എ പ്രോസിക്യൂട്ടർ കേസ് ഡയറി ഹാജരാക്കി.
അതിനിടെ, കേസ് ഡയറി വിശദമായി പഠിക്കാൻ സാധിക്കാഞ്ഞതിനാല്‍ വാദം മാറ്റിവെക്കണമെന്ന് വിഡിയോ കോൺഫറൻസിലൂടെ ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറല്‍ പി.വിജയകുമാർ ആവശ്യപ്പെട്ടു. ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന വാദത്തില്‍ ഉറച്ചു നില്ക്കുന്നുണ്ടോ എന്ന കോടതി ചോദ്യത്തിന് ഇക്കാര്യത്തില്‍ വിശദമായി വാദം നടത്താമെന്നായിരുന്നു എ.എസ്.ജിയുടെ മറുപടി. തുടര്‍ന്ന് ഒരു മണിക്കൂറിനകം കേസ് ഡയറി വായിച്ചശേഷം തിരികെ നൽകാമെന്ന് കോടതി അറിയിച്ചു. ബുധനാഴ്ച വൈകീട്ട് മൂന്നിന് തുടർ വാദം കേൾക്കും.
റമീസും മുഹമ്മദ് ഷാഫിയുമാണ് കേസിലെ പ്രധാനികളെന്നും സത്യവാങ്മൂലത്തിലുണ്ട്. 20 തവണയായി 88.5 കിലോ സ്വർണം കൊണ്ടുവന്നതായി മുഹമ്മദ് ഷാഫി സമ്മതിച്ചു.
മുഹമ്മദ് ഷാഫിയുടെ ജാമ്യാപേക്ഷയും കോടതി പരിഗണനയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.