ബേപ്പൂർ: ബേപ്പൂരിൽനിന്ന് ആഴക്കടൽ മത്സ്യബന്ധനത്തിനുപോയ യന്ത്രവത്കൃത ബോട്ടിൽ കപ്പലിടിച്ചതിനെത്തുടർന്ന് നാലുപേർക്ക് പരിക്ക്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബേപ്പൂർ സ്വദേശി കരയങ്ങാട് ഹൗസിൽ കെ. അലി അക്ബറിന്റെ ഉടമസ്ഥതയിലുള്ള 'അൽ നഈം' ബോട്ടിലാണ് കപ്പലിടിച്ചത്. കൊച്ചിയിലാണ് അപകടമുണ്ടായത്.
കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് ആറുമണിയോടെ ബേപ്പൂർ ഫിഷിങ് ഹാർബറിൽനിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ടതായിരുന്നു. കൊച്ചി തീരത്തിന് പടിഞ്ഞാറ് അറബിക്കടലിൽ 13 നോട്ടിക്കൽ മൈൽ പുറംകടലിൽ വ്യാഴാഴ്ച രാവിലെ ആറ് മണിയോടെയാണ് പിന്നിൽനിന്ന് വന്ന കപ്പൽ ബോട്ടിന്റെ അരികിലിടിച്ച് നിർത്താതെ പോയത്. 'ഗ്ലോബൽ പീക്ക്' എന്ന മലേഷ്യൻ കപ്പലാണ് ഇടിച്ചത്.
ഇടിയുടെ ആഘാതത്തിൽ ബോട്ടിലെ നാലു ജീവനക്കാർക്ക് തെന്നിവീണ് പരിക്കേറ്റു. ബോട്ടിന്റെ ഇരുമ്പ് പുറംചട്ടക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. സ്രാങ്ക് നൽകിയ സിഗ്നലുകളും ജോലിക്കാർ നൽകിയ മുന്നറിയിപ്പുകളും അവഗണിച്ചതാണ് കപ്പൽ ഇടിക്കാൻ കാരണമെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
അപകടം സംഭവിച്ച ബോട്ടിന്റെ തൊട്ടടുത്ത് മത്സ്യബന്ധനം നടത്തിയിരുന്ന 'അഹദ്' എന്ന ബോട്ടിന്റെ സഹായത്തോടെ വ്യാഴാഴ്ച വൈകീട്ട് ബേപ്പൂർ ഫിഷിങ് ഹാർബറിൽ എത്തിച്ചു. രണ്ട് തമിഴ്നാട് സ്വദേശികളും 11 പശ്ചിമ ബംഗാൾ സ്വദേശികളുമാണ് ജോലിക്കാർ. സ്രാങ്ക് ജെ. സിലുവായി ദാസി (48), എഡ്വിൻ ജോസഫ് സുരേഷ് (41) കന്യാകുമാരി, പശ്ചിമബംഗാൾ സ്വദേശികളായ ശങ്കർ ദാസ് (22), ഗോപാൽദാസ് (24), മൃദുൽദാസ് (33), കുദിരംദാസ് (31), ഉത്തംദാസ് (30), ജോയ് കൃഷ്ണദാസ് (36), ലിറ്റാൻ ദാസ് (43), പ്രേംകമൽദാസ് (36),സഞ്ജയ് ദാസ് (33), സുർജിത്ത് ദാസ് (30), പ്രേംലാൽ ദാസ് (31) എന്നിവരാണ് ജോലിക്കാർ. ബേപ്പൂർ തീരദേശ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കപ്പൽ കണ്ടെത്തി കടലിൽ കസ്റ്റഡിയിൽ നിർത്താൻ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.