കാസർകോട്: ചെറിയ സമ്മാനങ്ങൾ വല്ലതും ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച ശേഷം കൈയിലിരുന്ന ലോട്ടറി ടിക്കറ്റ് നിരാശയോടെ കീറിയെറിയുമ്പോൾ കാസർകോട് നെല്ലിക്കട്ടയിലെ ഓട്ടോ ഡ്രൈവറായ ചെങ്കള സ്വദേശി മൻസൂറലി കരുതിയിരുന്നില്ല, വിചാരിച്ചതിനെക്കാൾ വലിയ സമ്മാനം തനിക്കുണ്ടായിരുന്നുവെന്നത്. അഞ്ച് ലക്ഷം സമ്മാനം അടിച്ചത് അറിയിക്കാൻ ലോട്ടറി ഏജന്‍റ് എത്തിയപ്പോഴാണ് മൻസൂറലി വിവരമറിയുന്നത്. പിന്നെ, സുഹൃത്തുക്കളുടെ സഹായത്തോടെ ടിക്കറ്റ് കഷണങ്ങൾ പെറുക്കിക്കൂട്ടി. സമ്മാനം ലഭിക്കുമെന്നുള്ള പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുകയാണ് മൻസൂറലി.
പതിവായി ലോട്ടറിയെടുക്കുന്നയാളാണ് മൻസൂറലി. ഇതുവരെ പരമാവധി 5000 രൂപ വരെ സമ്മാനം ലഭിച്ചിട്ടുണ്ട്. 19ാം തിയതി നറുക്കെടുത്ത വിൻ-വിൻ ലോട്ടറി ഫലത്തിലും മൻസൂറലി പരിശോധിച്ചത് അയ്യായിരമോ അഞ്ഞൂറോ ലഭിച്ചിട്ടുണ്ടോയെന്നായിരുന്നു. ഇല്ലെന്ന് കണ്ടതോടെ ടിക്കറ്റ് കീറിയെറിഞ്ഞു.
പിന്നീട്, ലോട്ടറി വിറ്റ ഏജന്‍റ് തേടിയെത്തി വിവരം അറിയിച്ചപ്പോഴാണ് താൻ കീറിയെറിഞ്ഞ ടിക്കറ്റിന് രണ്ടാംസമ്മാനമായ അഞ്ച് ലക്ഷം അടിച്ചിരുന്നതായി അറിഞ്ഞത്. ഇതോടെ സ്റ്റാൻഡിലെ സുഹൃത്തുക്കളായ ഡ്രൈവർമാരെയും കൂട്ടി ടിക്കറ്റ് കഷണങ്ങൾ പെറുക്കിയെടുക്കുകയായിരുന്നു.
പ്രവാസിയായിരുന്ന മൻസൂറലി രണ്ടു വർഷം മുമ്പാണ് നാട്ടിലെത്തി ഓട്ടോ ഓടിക്കാൻ തുടങ്ങിയത്. തേടിയെത്തിയ ഭാഗ്യത്തെ കീറിയെറിഞ്ഞതിന്‍റെ സങ്കടത്തിലാണ് ഇദ്ദേഹം.
സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറുമായി എൻ.എ നെല്ലിക്കുന്ന് എം.എൽ.എ വഴി ബന്ധപ്പെടുന്നുണ്ട്. സമ്മാനം കിട്ടുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് മൻസൂർ അലി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.