2019ൽ ആഞ്ഞടിച്ച രാഹുൽ തരംഗത്തിന് സമാനമായ വിജയം തന്നെയാണ് ഇക്കുറിയും ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യു.ഡി.എഫിനുണ്ടായത്. അന്ന് 20ൽ 19 സീറ്റും നേടിയപ്പോൾ ഇക്കുറി ഒന്ന് കുറഞ്ഞ് 18 ആയെന്ന് മാത്രം. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും യു.ഡി.എഫ് പിന്നിൽ പോയിരുന്നു. എന്നാൽ, ലോക്സഭ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുകയെന്ന പതിവ് ഇക്കുറിയും തുടർന്നു. യു.ഡി.എഫ് വിജയത്തിന് പിന്നിലെ അഞ്ച് കാരണങ്ങൾ പരിശോധിക്കാം.
2019ൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയായിരുന്നു കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. അമേത്തിയോടൊപ്പം വയനാട്ടിൽ കൂടി രാഹുൽ മത്സരിച്ചതോടെ കേരളത്തിൽ രാഹുൽ തരംഗം ആഞ്ഞുവീശി. ദേശീയതലത്തിൽ തരംഗമുണ്ടായില്ലെങ്കിലും കേരളത്തിൽ 20ൽ 19 സീറ്റും യു.ഡി.എഫ് സ്വന്തമാക്കി. ഇടതുപക്ഷത്തിന്‍റെ ശക്തികേന്ദ്രങ്ങൾ പോലും യു.ഡി.എഫ് പിടിച്ചെടുത്തു. വയനാട്ടിൽ 4,31,770 വോട്ടിനാണ് രാഹുൽ വിജയിച്ചത്. ഇത്തവണയും രാഹുൽ വയനാട്ടിൽ മത്സരിച്ചു. എന്നാൽ, വയനാട്ടിൽ മത്സരിക്കുന്നുവെന്നതിനേക്കാൾ ദേശീയതലത്തിൽ ഇൻഡ്യ മുന്നണിക്ക് നേതൃത്വം നൽകുന്നുവെന്ന കാര്യമാണ് രാഹുലിനൊപ്പം ഇത്തവണയും നിൽക്കാൻ വോട്ടർമാരെ പ്രേരിപ്പിച്ചത്.
സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നതാണ് ലോക്സഭ തെരഞ്ഞെടുപ്പ് ഫലം. എൽ.ഡി.എഫിന് അനുകൂലമായി അസംബ്ലി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത പല മണ്ഡലങ്ങളും ഇത്തവണ യു.ഡി.എഫ് പക്ഷത്ത് ചാഞ്ഞതായി കാണാം. 110 നിയമസഭ സീറ്റുകളിൽ യു.ഡി.എഫാണ് മുന്നിലെത്തിയത്. അധികാരത്തിലുള്ള ഇടത് മുന്നണിക്ക് 140ൽ 18 നിയമസഭ മണ്ഡലങ്ങളിൽ മാത്രമാണ് മുന്നിലെത്താനായത്. യു.ഡി.എഫിന് അനുകൂലമായ മറ്റൊരു ശക്തമായ സാഹചര്യവും ഇല്ലാതിരുന്നിട്ടും വലിയ വിജയം സമ്മാനിച്ചതിൽ ഭരണവിരുദ്ധ വികാരം തെളിഞ്ഞുകാണാമെന്നാണ് വിലയിരുത്തൽ. പെർമിറ്റ് ഫീസ് വർധന, കരുവന്നൂർ ബാങ്ക് തട്ടിപ്പ്, സപ്ലൈകോയിൽ സാധനങ്ങളില്ലാത്തത് തുടങ്ങി വിവിധ വിഷയങ്ങൾ സർക്കാറിനെതിരെ ജനവികാരം ഉയർത്തി.
ദേശീയതലത്തിൽ ബി.ജെ.പി മുന്നണിയെ നേരിടുന്ന തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകൾ നിർണായകമായിരുന്നു. എന്നാൽ, ന്യൂനപക്ഷ വോട്ടുകൾ തങ്ങൾക്ക് ലഭിക്കുമെന്ന സി.പി.എമ്മിന്റെ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയേറ്റു. മുസ്ലിം സമുദായത്തിൽനിന്ന് നേരത്തേ നിരുപാധിക പിന്തുണ ലഭിച്ചവരുടെ വോട്ട് സമാഹരിക്കാൻ പോലും ഇത്തവണ സി.പി.എമ്മിനായില്ല. സാമുദായിക ബന്ധമുള്ള ദേശീയ, അന്താരാഷ്ട്ര വിഷയങ്ങളിൽ ശക്തമായ പ്രതികരണം നടത്തുകയും സംസ്ഥാന ഭരണത്തിൽ മുസ്ലിം വികാരം മാനിക്കാതിരിക്കുകയും ചെയ്യുന്ന നിലപാടിനെതിരായ പ്രതികരണമാണ് തെരഞ്ഞെടുപ്പിൽ നിഴലിച്ചതെന്ന് വിലയിരുത്തപ്പെടുന്നു. സമസ്തയും മുസ്ലിം ലീഗും തമ്മിലെ പ്രശ്നങ്ങളിൽ മുതലെടുപ്പിനുള്ള പാർട്ടി ശ്രമം ഗുണത്തേക്കാളേറെ ദോഷം ചെയ്തെന്നാണ് പൊന്നാനിയിലെ അബ്ദുസ്സമദ് സമദാനിയുടെ ഭൂരിപക്ഷം വ്യക്തമാക്കുന്നത്.
ഇത്തവണ ഇടതുമുന്നണിക്ക് സ്ഥാനാർഥി നിർണയത്തിൽ വീഴ്ചയുണ്ടായതായാണ് വിലയിരുത്തൽ. മികച്ച സ്ഥാനാർഥികളെ നിർത്തിയ മണ്ഡലങ്ങളിൽ അതിലും മികച്ചവരെ ഇറക്കാനും യു.ഡി.എഫിനായി. യു.ഡി.എഫിന്‍റെ സിറ്റിങ് എം.പിമാർക്കെതിരെ പലയിടത്തും കാര്യമായ വിമർശനം ഉയർന്നിരുന്നു. എന്നിട്ടും, സ്ഥാനാർഥി നിർണയത്തിലൂടെ അത് മുതലാക്കാൻ ഇടതിന് കഴിഞ്ഞില്ല. പാലക്കാട് വി.കെ. ശ്രീകണ്ഠനെതിരെ എ. വിജയരാഘവനെ മത്സരിപ്പിച്ചതും കോഴിക്കോട് എം.കെ. രാഘവനെതിരെ എളമരം കരീമിനെ മത്സരിപ്പിച്ചതും മികച്ച തീരുമാനമായിരുന്നില്ല. എറണാകുളത്ത് കെ.ജെ. ഷൈൻ, കണ്ണൂരിൽ എം.വി. ജയരാജൻ, കാസർകോട് എം.വി. ബാലകൃഷ്ണൻ എന്നിവരും പിന്നിൽപോയി. വടകര പിടിക്കാൻ കെ.കെ. ശൈലജയെ ഇറക്കിയെങ്കിലും ഷാഫി പറമ്പിലിനെ കൊണ്ടുവന്ന് യു.ഡി.എഫ് വിജയം നിലനിർത്തി. അതേസമയം, ആലത്തൂരിൽ കെ. രാധാകൃഷ്ണനെ ഇറക്കി വിജയം നേടുകയും ചെയ്തു.
ബി.ജെ.പി വിരുദ്ധ വോട്ടുകൾ യു.ഡി.എഫിന് അനുകൂലമായി ഏകീകരിച്ചുവെന്ന് തെരഞ്ഞെടുപ്പ് ഫലത്തിൽ കാണാം. ദേശീയതലത്തിൽ ബി.ജെ.പിക്കെതിരെ കോൺഗ്രസ് സ്വീകരിച്ച ശക്തമായ നിലപാടുകൾ കേരളത്തിലെ ഫാഷിസ്റ്റ് വിരുദ്ധ വോട്ടുകൾ കോൺഗ്രസിന് നേടിക്കൊടുത്തു. ഇതോടൊപ്പം, ഇൻഡ്യ സഖ്യത്തിൽ കോൺഗ്രസും ഇടതുപക്ഷവും ഒന്നിച്ചാണെന്നതും ഒരു കാരണമായി. സഖ്യമായി ബി.ജെ.പിയെ നേരിടുമ്പോൾ ഇടതിനേക്കാൾ പരിഗണന വോട്ടർമാർ കോൺഗ്രസിന് നൽകി. അതേസമയം, ഇൻഡ്യ സഖ്യത്തിൽ നിൽക്കുമ്പോഴും കോൺഗ്രസിനേയും രാഹുൽ ഗാന്ധിയെയും രൂക്ഷമായി വിമർശിച്ച മുഖ്യമന്ത്രിയുടേത് ഉൾപ്പെടെയുള്ള നിലപാടുകളും വോട്ടർമാരെ യു.ഡി.എഫിന് അനുകൂലമായി ചിന്തിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.