പ്രതീകാത്മക ചിത്രം

മാവേലിക്കരയിൽ ബാറ്ററി വിഴുങ്ങിയ അഞ്ചുവയസ്സുകാരൻ അത്യാസന്ന നിലയിലായി; 40 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം സുഖംപ്രാപിച്ചു

തിരുവല്ല: ബട്ടൺ ബാറ്ററി വിഴുങ്ങി അത്യാസന്ന നിലയിലായ അഞ്ചുവയസ്സുകാരൻ നീണ്ട ചികിത്സകക്കൊടുവിൽ ജീവിതത്തിലേക്ക് മടങ്ങിയെത്തി. മാവേലിക്കര കുറത്തിക്കാട് ചരുവിള പുത്തൻവീട്ടിൽ ബിജു - സീനു ദമ്പതികളുടെ ഇളയമകൻ നകുൽ ആണ് 40 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം ഇന്നലെ വീട്ടിലേക്ക് മടങ്ങിയത്.

വയറുവേദനയും രക്തം ഛർദ്ദിക്കുകയും ചെയ്തതിനെ തുടർന്ന് ആലപ്പുഴയിലെ മൂന്ന് ആശുപത്രികളിൽ മാറിമാറി ചികിത്സിച്ചെങ്കിലും രോഗം ഭേദമായില്ല. തുടർന്നാണ് രക്തസമ്മർദ്ദം കുറഞ്ഞ് അവശനിലയിൽ കുട്ടിയെ കഴിഞ്ഞമാസം 19ന് തിരുവല്ല ബിലീവേഴ്‌സ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. ഇവിടെ നടത്തിയ നെഞ്ചിന്റെ എക്സ്റേയിൽ നാണയം പോലുള്ള വസ്തു ഉള്ളിലുണ്ടെന്ന് കണ്ടെത്തി. തുടർന്ന് വിശദമായ പരിശോധനയിലാണ് ബട്ടൺ ബാറ്ററി അന്നനാളത്തിൽ കുടുങ്ങിയതായി ബോധ്യപ്പെട്ടത്.

നകുൽ ഡോക്ടർമാർക്കൊപ്പം

ദ്രവിച്ചുതുടങ്ങിയ ബാറ്ററിയിലെ രാസവസ്തുമൂലം അന്നനാളത്തിനും ഹൃദയരക്ത മഹാധമനിക്കും വ്രണം ഉണ്ടായതായി ബോധ്യപ്പെട്ടതോടെ അടിയന്തിര ശസ്ത്രക്രിയ നടത്തി ബാറ്ററി പുറത്തെടുത്തു. ഇതിനിടെ വൃക്കയുടെയും കരളിന്റെയും പാൻക്രിയാസിന്റെയും പ്രവർത്തനം തകരാറിലായി. വൃക്കയുടെ പ്രവർത്തനം സാവധാനം മെച്ചപ്പെട്ടു. എന്നാൽ കരളിന്റെയും പാൻക്രിയാസിന്റെയും പ്രവർത്തനം നേരെയാക്കാൻ അൽപം ദിവസമെടുത്തു. ചികിത്സയിൽ വിവിധ വിഭാഗങ്ങൾ കൈകോർത്തു. അ‍ഞ്ച് ദിവസങ്ങൾക്ക് ശേഷം നകുലിനെ വെന്റിലേറ്ററിൽ നിന്നും മാറ്റി.

ആറാം ദിവസം എൻഡോസ്കോപ്പി പരിശോധന നടത്തുകയും ട്യൂബിലൂടെ ഭക്ഷണം കൊടുക്കാൻ തുടങ്ങുകയും ചെയ്തു. എന്നാൽ അപ്രതീക്ഷിതമായി പതിമൂന്നാം ദിവസം കുഞ്ഞിന് രക്തസമ്മർദ്ദം കുറയുകയും സന്നി ഉണ്ടാവുകയും ചെയ്തു. ബാറ്ററിയിൽ രാസവസ്തു കൂടുതൽ വ്രണങ്ങൾ ഉണ്ടാക്കിയതായി ബോധ്യപ്പെട്ടതോടെ വീണ്ടും ശസ്ത്രക്രിയ നടത്തി പ്രശ്നം പരിഹരിക്കുകയായിരുന്നു.

എൻഡോസ്കോപ്പി പരിശോധന ചെയ്തു ട്യൂബിലൂടെ ഭക്ഷണം നൽകി. രണ്ടാം ശസ്ത്രക്രിയ കഴിഞ്ഞു ദ്രാവകരൂപത്തിലുള്ള ഭക്ഷണം നകുലിന് നൽകിത്തുടങ്ങി. ആരോഗ്യം വീണ്ടെടുത്തതോടെ ഇന്നലെ മാതാപിതാക്കൾക്കൊപ്പം വീട്ടിലേക്കു മടങ്ങി.

ബട്ടൺ ബാറ്ററി വിഴുങ്ങി ഇപ്രകാരം ഗുരുതരാവസ്ഥയിലായവർ ജീവിതത്തിലേക്ക് തിരിച്ചു വരുന്നത് അപൂർവമാണ്. അത്രമാത്രം ഗുരുതരവും സങ്കീർണവുമാണ് പ്രസ്തുത ചികിത്സയും ശസ്ത്രക്രിയയും പരിചരണവും.

ശിശു ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. ജോൺ വല്യത്താൻ, ശിശുരോഗവിഭാഗം മേധാവി ഡോ. ജിജോ ജോസഫിൻ, ശിശുരോഗ ഇന്റൻസിവിസ്റ്റ് ഡോ. ശിൽപ ഏബ്രഹാം, ഡോ. കണ്ണൻ നായർ, ഡോ. സജിത്ത് സുലൈമാൻ, ഡോ. ബെൻസൻ ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നകുലിന്റെ പരിചരണം ഏറ്റെടുത്ത് നടത്തിയത്.

വൃക്കരോഗം, കരൾ രോഗം, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ, ഡയറ്ററി, നഴ്സിംഗ് എന്നീ വിഭാഗങ്ങളുടെ സംയുക്ത പരിശ്രമത്തിലാണ് കുട്ടി ആരോഗ്യം വീണ്ടെടുത്തത്.

Tags:    
News Summary - Five-year-old boy in critical condition after swallowing battery; recovered after 40 days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.