കൊച്ചി: സംസ്ഥാനത്ത് ദിനംപ്രതി രജിസ്റ്റർ ചെയ്യുന്ന പോക്സോ കേസുകളുടെ എണ്ണം വർധിക്കുന്നതിനൊപ്പം കെട്ടിക്കിടക്കുന്ന കേസുകളും കൂടുന്നു. 2018 മുതൽ 2022 വരെയുള്ള വർഷങ്ങളിലായി ആകെ രജിസ്റ്റർ ചെയ്ത 10,580 കേസുകളിൽ 5,330 എണ്ണവും തീർപ്പാക്കാത്ത സാഹചര്യമാണുള്ളതെന്ന് സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയിൽ നിന്നുള്ള വിവരാവകാശ രേഖ വ്യക്തമാക്കുന്നു. ഈ അഞ്ചു വർഷത്തിനിടെ 599 കേസുകളിൽ മാത്രമാണ് പോക്സോ കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടത്.
വർഷം ചെല്ലുന്തോറും പോക്സോ കേസുകളുടെ എണ്ണം വർധിക്കുന്നുണ്ട്. ഈ വർഷം ജനുവരി ഒന്നു മുതൽ ജൂൺ 30 വരെ മാത്രം റിപ്പോർട്ട് ചെയ്തത് 2,233 കേസുകളാണ്. 2022ൽ ആകെ കേസുകളുടെ എണ്ണം 3,334 ആയിരുന്നു. ഈ വർഷത്തെ കേസുകളിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്-270. മലപ്പുറം ജില്ലയാണ് കേസുകളുടെ എണ്ണത്തിൽ രണ്ടാമത്-255. ഏറ്റവും കുറവ് കേസുകളുള്ളത് വയനാട് ജില്ലയിലാണ്-90.
എറണാകുളം- 230, കൊല്ലം-195, പത്തനംതിട്ട-91, ആലപ്പുഴ-122, കോട്ടയം-114, ഇടുക്കി-96, തൃശൂർ-169, പാലക്കാട്-170, കോഴിക്കോട്-191, കണ്ണൂർ-137, കാസർകോട്-96 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകൾ. റെയിൽവേ പൊലീസിൽ ഏഴ് കേസുകളും ഈ കാലയളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.