കോട്ടയം: തിരുവാർപ്പിൽ സ്വകാര്യ ബസിന് മുന്നിൽ കൊടികുത്തി സി.ഐ.ടി.യു നടത്തിയ സമരം നാടകീയ സംഭവങ്ങൾക്കൊടുവിൽ പിൻവലിച്ചു.
ബസ് ഉടമക്ക് മർദനമേൽക്കുകയും സംഭവത്തിൽ സി.പി.എം ജില്ല കമ്മിറ്റി അംഗം അറസ്റ്റിലാകുകയും ചെയ്തു. ബസ് പൊലീസ് കസ്റ്റഡിയിലെടുത്ത് സമീപത്തെ പറമ്പിലേക്ക് മാറ്റി. കോട്ടയം-തിരുവാർപ്പ് റൂട്ടിൽ ഓടുന്ന ‘വെട്ടിക്കുളങ്ങര’ ബസിൽ ശമ്പളവർധന ആവശ്യപ്പെട്ട് സി.ഐ.ടി.യു കൊടികുത്തിയതിനെച്ചൊല്ലിയ തർക്കങ്ങൾക്കാണ് താൽക്കാലിക പരിഹാരമായത്.
തിങ്കളാഴ്ച ജില്ല ലേബർ ഓഫിസർ ഇരുവിഭാഗത്തെയും ചർച്ചക്കു വിളിച്ചിട്ടുണ്ട്. മന്ത്രി വി. ശിവൻകുട്ടി അഡീഷനൽ ലേബർ കമീഷണറോട് സമഗ്ര റിപ്പോർട്ട് തേടി.
ബസിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈകോടതി ഉത്തരവിട്ടെങ്കിലും കൊടി മാറ്റാൻ സി.ഐ.ടി.യു തയാറായില്ല. ഞായറാഴ്ച രാവിലെ കൊടിമാറ്റാൻ ശ്രമിച്ച ബസ് ഉടമ രാജ്മോഹനെ സി.പി.എം നേതാവ് മർദിക്കുകയായിരുന്നു. പൊലീസ് ഓടിയെത്തി ഇയാളെ പിടിച്ചുമാറ്റി. രാജ്മോഹനെ കുമരകം കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെത്തിച്ചു ചികിത്സ നൽകി. മർദിച്ചയാളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ കുമരകം സ്റ്റേഷൻ ഉപരോധിച്ചു. സി.പി.എം കോട്ടയം ജില്ല കമ്മിറ്റി അംഗം കെ.ആർ. അജയ്യുടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്. തുടർന്ന് ചർച്ചയിൽ ഉച്ചക്ക് രണ്ടോടെ ബസ് മാറ്റാൻ തീരുമാനമായി. ബി.ജെ.പി പ്രവർത്തകർ പ്രകടനമായി വന്ന് ബസെടുക്കുമെന്ന് അറിഞ്ഞതോടെ തടയുമെന്ന് പ്രഖ്യാപിച്ച് സി.പി.എം പ്രവർത്തകരും തമ്പടിച്ചു.
കോട്ടയം ഡിവൈ.എസ്.പി കെ.ജി. അനീഷിന്റെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തുണ്ടായിരുന്നു. സംഘർഷാവസ്ഥ ഉടലെടുത്തതോടെ ബി.ജെ.പി പ്രവർത്തകരോട് പ്രകടനം ഒഴിവാക്കാൻ ആവശ്യപ്പെട്ട പൊലീസ് ബസ് കസ്റ്റഡിയിലെടുത്തുമാറ്റാമെന്ന് അറിയിച്ചു. ഇതോടെ സി.ഐ.ടി.യു സമരം പിൻവലിച്ചു. തുടർന്ന് വൈകീട്ട് മൂന്നോടെ ബസിലെ കൊടികളും മുന്നിലെ സമരപ്പന്തലും നീക്കി.
കഴിഞ്ഞ 17നാണ് സി.ഐ.ടി.യു ബസിൽ കൊടികുത്തിയത്. അടുത്ത ദിവസം മുതൽ രാജ്മോഹൻ ബസിനു മുന്നിൽ ലോട്ടറിക്കച്ചവടവും ആരംഭിച്ചു. മുഖ്യമന്ത്രി ന്യൂയോർക്കിലെ ടൈം സ്ക്വയറിൽ പ്രവാസികളെ അഭിസംബോധന ചെയ്ത വേഷത്തെ അനുസ്മരിപ്പിക്കുന്ന വിധം കോട്ടും സ്യൂട്ടും ധരിച്ച് ഇരുമ്പുകസേരയിലിരുന്ന് ‘ടൈം സ്ക്വയർ ലക്കി സെന്റർ’ എന്ന് പേരിട്ടായിരുന്നു രാജ്മോഹന്റെ ലോട്ടറി വിൽപന. അതിനു പിന്നാലെയാണ് സി.ഐ.ടി.യു ബസിനു മുന്നിൽ പന്തൽ കെട്ടി സമരം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.