കാസർകോട്: കാസർകോട് റിപ്പബ്ലിക് ദിന പരേഡിൻ്റെ ഭാഗമായി മന്ത്രി അഹമ്മദ് ദേവർകോവിൽ ദേശീയപതാക ഉയർത്തിയത് തല തിരിച്ച്. വിദ്യാനഗർ സ്റ്റേഡിയത്തിൽ മന്ത്രിദേവർ കോവിൽ പതാക ഉയർത്തിയ ശേഷമാണ് പച്ച നിറം മുകളിലായി കാണപ്പെട്ടത്. തുടർന്ന് വീണ്ടും ഇറക്കി ശരിയായ ദിശയിൽ കെട്ടിയ ശേഷം ഉയർത്തുകയായിരുന്നു. മാധ്യമ പ്രവർത്തകരാണ് തെറ്റ് ചൂണ്ടിക്കാണിച്ചത്. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം ജില്ലാ പൊലിസ് മേധാവിയെ ചുമതലപ്പെടുത്തി. കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അവധിയിൽ പോയതിനാൽ എ.ഡി.എമ്മിനാണ് ചുമതല.
കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് കര്‍ശന നിയന്ത്രണങ്ങളോടെ ജില്ലയില്‍ ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ രാവിലെ ഒൻപതിന് നടന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ തുറമുഖം, പുരാവസ്തു, പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ദേശീയ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു. പരേഡിനെ അഭിസംബോധന ചെയ്തു.
ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന, ജില്ലാ കലക്ടറുടെ അധിക ചുമതല വഹിക്കുന്ന എ.ഡി.എം എ.കെ രമേന്ദ്രൻ എന്നിവർ പരേഡിനെ സല്യൂട്ട് ചെയ്തു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി, എം.എൽ.എമാരായ എ.കെ.എം അഷറഫ്, എൻ.എ നെല്ലിക്കുന്ന്, സി.എച്ച് കുഞ്ഞമ്പു. എം. രാജഗോപാലൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ എന്നിവർ പരേഡ് വീക്ഷിക്കാൻ എത്തിയിരുന്നു.
ഒരു മണിക്കൂര്‍ നീണ്ടുനിന്ന ആഘോഷത്തില്‍ ലോക്കൽ പൊലീസ്, വനിതാ പൊലീസ്, സായുധ പൊലീസ് എന്നിവയുടെ ഓരോ പ്ലറ്റുണും എക്സൈസിന്റെ ഒരു പ്ലാറ്റൂണും കെ.എ.പി നാലാം ബറ്റാലിയൻ ബാന്റ് വാദ്യ സംഘവും പങ്കെടുത്തു. ചന്തേര പൊലീസ് ഇൻസ്പെക്ടർ നാരായണനായിരുന്നു പരേഡ് കമാൻറർ. മാർച്ച് പാസ്റ്റ് കോവിഡ് സാഹചര്യത്തിൽ ഒഴിവാക്കിയിരുന്നു.
കോവിഡ് വ്യാപന സാഹചര്യമായതിനാല്‍ പരമാവധി പങ്കെടുക്കാന്‍ പറ്റുന്നവരുടെ എണ്ണം 50 ആക്കി ചുരുക്കിയതിനാൽ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമായിരുന്നു സ്‌റ്റേഡിയത്തിലേക്ക് പ്രവേശനം. ഇവരുടെ തിരിച്ചറിയല്‍ കാര്‍ഡ് പൊലീസ് പരിശോധനക്ക് വിധേയമാക്കി. 10 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മുനിസിപ്പല്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല സാംസ്കാരിക പരിപാടികളും പുരസ്ക്കാര വിതരണവും ഒഴിവാക്കി.
മെഡിക്കല്‍ സംഘത്തെ സ്റ്റേഡിയത്തില്‍ നിയോഗിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ മേൽനോട്ടത്തിൽ പൊലീസ് സംഘം സുരക്ഷ ഒരുക്കി എ.എസ്.പി പി. ഹരിഛന്ദ്ര നായിക് ഉൾ പ്പടെ ജില്ലയിലെ ഉന്നത പൊലീസുദ്യോഗസ്ഥരും ജില്ലാ തല ഉദ്യോഗസ്ഥരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.