കട്ടപ്പന: ബിവറേജസ് കോർപറേഷന്റെ കട്ടപ്പനയിലുള്ള ഔട്ട്ലെറ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ഇന്നലെ രാത്രി 9 മണിക്ക് നടന്ന പരിശോധനയിൽ 85,000ത്തോളം രൂപ അനധികൃതമായി കണ്ടെത്തി. ഷോപ്പിലെ ജീവനക്കാരനായ അനീഷിന്റെ സ്കൂട്ടറിൽ നിന്നാണ് രൂപ കണ്ടെത്തിയത്.
ഷോപ്പിലെ ജീവനക്കാർക്ക് നൽകുവാനായി റബർ ബാൻഡിൽ പല കെട്ടുകളായി സൂക്ഷിച്ചിരിക്കുന്ന പണമാണ് അനീഷിന്റെ സ്കൂട്ടറിൽ നിന്നും കണ്ടെടുത്തത്. മദ്യ കമ്പനികൾ തങ്ങളുടെ ബ്രാൻഡുകളുടെ കച്ചവടം കൂട്ടുന്നതിനുവേണ്ടി ഷോപ്പിലെ ജീവനക്കാർക്ക് കൈക്കൂലിയായി നൽകുന്ന പണമാണിത്. കൂടാതെ ഷോപ്പിന്‍റെ ചുമതലയുള്ള ജയേഷ് അനികൃതമായി ഒരു ജീവനക്കാരനെ ഔട്ട് ലെറ്റിൽ നിയമിച്ചിരിക്കുന്നതായും അനധികൃത മദ്യ കച്ചവടത്തിനായും പണപ്പിരിവിനായും ഇയാളെ ഉപയോഗിച്ച് വരുന്നതായും കണ്ടെത്തി.
കോട്ടയം വിജിലൻസ് എസ്.പി വി.ജി വിനോദ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇടുക്കി വിജിലൻസ് യൂണിറ്റ് ഡി.വൈ.എസ്പി ഷാജു ജോസിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ കിരൺ എ.എസ്.ഐമാരായ ബേസിൽ, ഷിബു, എസ്.സി.പിഒമാരായ അഭിലാഷ്, റഷീദ് സന്ദീപ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.