രക്ഷപ്പെട്ട യാത്രക്കാരൻ പറയുന്നു: തൊട്ടുമുന്നിൽ വിമാനം പിളർന്നു; ഒരു നിമിഷം പതറി താഴേക്ക് ചാടി

ചാലിയം: നാടണയാൻ നിമിഷങ്ങൾ ബാക്കി നിൽക്കേ ഇറങ്ങാൻ വെമ്പൽ കൊള്ളുന്നതിനിടെ നടു പിളർന്ന വിമാനത്തിൽ നിന്ന് രക്ഷപ്പെട്ടതി​െൻറ നടുക്കം മാറാതെ ചാലിയം സ്വദേശി മലയിൽ മരക്കാട്ടിൽ സലീൽ. ദുബൈയിൽ അക്കൗണ്ടൻറാണീ 29കാരൻ. ഒന്നര വർഷത്തിന് ശേഷം നാട്ടിൽ വരു​േമ്പാഴാണ്​ ദുരന്തം.

വിമാനം നിർത്താൻ തുടങ്ങുന്നതിനിടെയാണ് സംഭവം. മധ്യഭാഗത്തായിരുന്നു സീറ്റ്. വൻ ശബ്ദത്തോടെ തൊട്ടു മുന്നിൽ വിമാനം പിളർന്നു മാറി. സീറ്റ് ബെൽറ്റിലായിരുന്നതിനാൽ തെറിച്ചു വീണില്ല.

ഒരു നിമിഷം സ്വബോധം നഷ്ടപ്പെട്ട പ്രതീതി. അടുത്ത മിനുറ്റിൽ തന്നെ തനിക്കൊന്നും സംഭവിച്ചിട്ടില്ലെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞു. വിമാനത്തി​െൻറ തുറന്നു കിടന്ന പകുതിയിലൂടെ എല്ലാം മറന്ന് താഴേക്ക് ചാടി. അപ്പോഴേക്കും നാട്ടുകാർ രക്ഷാപ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. ആരോ എത്തിച്ച കാറിൽ കയറ്റി കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പ്രത്യേക പരിക്കൊന്നുമില്ലാത്തതിനാൽ രാത്രി തന്നെ വീട്ടിലേക്ക് തിരിക്കും. വട്ടപ്പറമ്പ് മലയിൽ മരക്കാട്ടിൽ മൊയ്തീൻ കുട്ടിയുടെയും ആയിഷയുടെയും മകനാണ്. വിവാഹത്തിന് തയാറായിക്കൊണ്ടുള്ള വരവായിരുന്നു. കുടുംബത്തി​െൻറ കൈവശമുള്ള ഒഴിഞ്ഞ വീട് ക്വാറൻറീനിനായി ഒരുക്കി യാത്രക്കായി സുരക്ഷിതമായ ടാക്സി അയച്ച് ബന്ധുക്കൾ സലീലി​െൻറ വരവും പ്രതീക്ഷിച്ചിരിക്കുമ്പോഴായിരുന്നു ഞെട്ടിക്കുന്ന വാർത്ത. എങ്കിലും ഏറെ വൈകും മുമ്പ് തന്നെ താൻ സുരക്ഷിതനാണെന്ന് പിതാവിനെ വിളിച്ചറിയിക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.