കൊണ്ടോട്ടി: സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളിലും യാത്രക്കാരുടെ എണ്ണത്തിൽ വർധന. ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് മൂന്നിടത്തുമായി 14.50 ശതമാനം വർധനയുണ്ട്. 2016-17 സാമ്പത്തിക വർഷത്തിൽ കോഴിക്കോട്, നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്തവരുെട എണ്ണം 1.54 കോടിയാണ്. മുൻവർഷം 1.35 കോടി പേരാണ് യാത്ര ചെയ്തത്. മുൻവർഷത്തെ അപേക്ഷിച്ച് ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ വൻകുതിപ്പാണ് ഇത്തവണ.
യാത്ര ചെയ്തവരിൽ 89.55 ലക്ഷം പേരും നെടുമ്പാശ്ശേരിയാണ് തെരഞ്ഞെടുത്തത്. 2015-16ൽ 77.49 ലക്ഷം പേരാണ് സഞ്ചരിച്ചത്. ഇത്തവണ ആെക യാത്രക്കാരിൽ 50 ലക്ഷവും അന്താരാഷ്ട്ര യാത്രക്കാരാണ്. മുൻവർഷം 46.53 ലക്ഷം പേരായിരുന്നു അന്താരാഷ്ട്ര യാത്രക്കാർ. വർധന 7.4 ശതമാനം. ആഭ്യന്തര യാത്രക്കാർ 27.7 ശതമാനം വർധിച്ച് 39.54 ലക്ഷമായി. 15-16ൽ 30.95 ലക്ഷമായിരുന്നു ആഭ്യന്തര യാത്രക്കാർ.
വിമാന സർവിസുകളിലും വർധനയുണ്ട്. ലാൻഡിങ്ങും ടേക്ക്ഒാഫും അടക്കം തൊട്ടുമുമ്പത്തെ വർഷം 56,180 ആയിരുന്നത് ഇത്തവണ 61,688 ആയി. കാർഗോയിൽ 2.8 ശതമാനം വർധനയും രേഖപ്പെടുത്തി.
തിരുവനന്തപുരം വിമാനത്താവളം വഴി ഇൗ സാമ്പത്തികവർഷം സഞ്ചരിച്ചവരുടെ എണ്ണം 38.81 ലക്ഷമാണ്. കഴിഞ്ഞ വർഷം 34.70 ലക്ഷമായിരുന്നു. വർധന 11.8 ശതമാനം. ഇതിൽ 23.09 ലക്ഷം അന്താരാഷ്ട്ര യാത്രക്കാരും 15.71 ലക്ഷം ആഭ്യന്തര യാത്രക്കാരുമാണ്. അന്താരാഷ്ട്ര യാത്രക്കാരിൽ 1.5 ശതമാനവും ആഭ്യന്തര യാത്രക്കാരിൽ 31.4 ശതമാനവുമാണ് വർധന. വിമാന സർവിസുകൾ 26,000ത്തിൽനിന്ന് 29,117 ആയി വർധിച്ചപ്പോൾ ചരക്കുനീക്കത്തിൽ പിന്നാക്കം പോയി. 20 ശതമാനം ഇടിവാണ് ഇത്തവണ തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നത്.
കോഴിക്കോട് വിമാനത്താവളം വഴി 26.51 ലക്ഷം പേരാണ് 16-17ൽ സഞ്ചരിച്ചത്. തൊട്ടുമുമ്പത്തെ വർഷം ഇത് 23.05 ലക്ഷമായിരുന്നു. വലിയ വിമാനങ്ങളുടെ സർവിസുകൾക്ക് നിയന്ത്രണം തുടരുേമ്പാഴും 15 ശതമാനം വർധനയാണ് കരിപ്പൂരിൽ ഉണ്ടായത്. 22.11 ലക്ഷം അന്താരാഷ്ട്ര യാത്രക്കാരും 4.39 ലക്ഷം ആഭ്യന്തര യാത്രക്കാരുമാണ്. 15-16ൽ ഇത് യഥാക്രമം 19.39 ലക്ഷവും 3.66 ലക്ഷവുമായിരുന്നു. വിമാന സർവിസുകൾ 17,260 ആയിരുന്നത് 19,726 ആയി ഉയർന്നു. ചരക്കുനീക്കത്തിൽ അഞ്ച് ശതമാനം വർധനയും രേഖപ്പെടുത്തി.
രാജ്യത്തെ 24 അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ എണ്ണത്തിൽ നെടുമ്പാശ്ശേരി ഏഴ്, തിരുവനന്തപുരം 12, കോഴിക്കോട് 15 സ്ഥാനങ്ങളിലാണ്. കഴിഞ്ഞ വർഷം തിരുവനന്തപുരം 11ഉം കോഴിക്കോട് 16ഉം സ്ഥാനത്തായിരുന്നു. വലിയ വിമാനങ്ങളുടെ സർവിസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിന് മുമ്പ് കോഴിക്കോട് 12ാം സ്ഥാനത്തായിരുന്നു. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ നെടുമ്പാശ്ശേരി -നാല്, തിരുവനന്തപുരം -ആറ്, കോഴിക്കോട് -എട്ട് സ്ഥാനങ്ങളിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.