പാലക്കാട്: പാലക്കാടിന്റെ ഉദ്യാന സുന്ദരിയാണ് മലമ്പുഴ. പുഷ്പമേളയുടെ ആവേശവും കൂടിയായതോടെ ആറുദിവസം കൊണ്ട് ഉദ്യാനത്തിലെത്തിയത് ലക്ഷത്തിൽ പരം ആളുകൾ. കളക്ഷനിലും ഇത്തവണ റെക്കോർഡാണെന്ന് ജീവനക്കാർ പറയുന്നു. 28ന് മാത്രം 14 ലക്ഷത്തിലധികം രൂപയാണ് പ്രവേശന നിരക്കിൽ ലഭിച്ചത്. മിക്ക ദിവസങ്ങളിലും തുക 10 ലക്ഷം കടന്നതോടെ ഇക്കുറി ആകെ കളക്ഷനിലും ഉദ്യാനസുന്ദരി റെക്കോർഡിടും.
പച്ചപ്പുൽത്തകിടികൾക്ക് മുകളിൽ നിറപ്പൊട്ടുകൾ വാരി വിതറിയതാണ് ഡാമിന് മുകളിൽ നിന്നും ഗാർഡനിലേക്ക് നോക്കിയാൽ ഉള്ള കാഴ്ച. വർണശബളമായ പൂക്കളും ഉത്സവാന്തരീക്ഷവും ഫെസ്റ്റുകളും മലമ്പുഴ ഉദ്യാനത്തെ വിനോദസഞ്ചാരികളുടെ ഹൃദയങ്ങളിലേക്ക് എത്തിക്കുകയാണെന്ന് ജീവനക്കാർ പറയുന്നു.
കഴിഞ്ഞ 23നാണ് മലമ്പുഴയിൽ പൂക്കാലമൊരുക്കിക്കൊണ്ട് പുഷ്പമേളക്ക് തുടക്കം കുറിച്ചത്. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും ജലസേചന വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പുഷ്പമേള സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഉദ്യാനത്തിലേക്കെത്തുന്നുണ്ട്.
വിവിധതരം പൂക്കൾ ഉൾപ്പെടുത്തിയ ഉദ്യാനത്തിൽ പ്രത്യേകതരം ഫ്ലവർ ബഡ്സ്, ഓർക്കിഡ് ഫാം തുടങ്ങിയവ ഫ്ലവർ ഷോയിൽ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ഉദ്യാനത്തിലെ തൊഴിലാളികൾ നട്ടുവളർത്തിയ ഓർക്കിഡ്, നാടൻ പൂക്കൾ എന്നിവയും പ്രദർശനത്തിന് ഒരുക്കിയിരുന്നു.
അമ്യുസ്മെന്റ് പാർക്കും ഉദ്യാനവും കാണാൻ സാധാരണ ദിവസങ്ങളിലും ധാരാളം സന്ദർശകരെത്താറുണ്ട്. ഈ ദിവസങ്ങളിൽ തിരക്കേറിയതോടെ പാർക്കിങ് വലിയ വെല്ലുവിളിയാവുന്നതായിരുന്നു കാഴ്ച.
തൊട്ടടുത്ത് സൗകര്യങ്ങൾ സജ്ജീകരിക്കാമായിരുന്നിട്ടും ഇത്തവണ സംഘാടകർ അതിന് തയ്യാറാവാതിരുന്നത് സന്ദർശകരെ ഒട്ടൊന്നുമല്ല വലക്കുന്നത്. ആളൊഴുകുന്നതോടെ റോഡിൽ ഗതാഗതതടസ്സവും പതിവായി. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും അപര്യാപ്തതകൾ ഇക്കുറിയും മുഴച്ചുനിന്നു. റിപ്പബ്ലിക് ദിനത്തിൽ മുതിർന്നവരും കുട്ടികളുമടക്കം 27,000 പേരാണ് ഉദ്യാനം സന്ദർശിച്ചത്. 28ന് പ്രാഥമിക കണക്കുകൾ ലഭ്യമാവുമ്പോൾ ഇത് 30,000 കടന്നിട്ടുണ്ട്.
ഉദ്യാനത്തിലെ ഉത്സവാന്തരീക്ഷത്തിലും കുടിവെള്ളം മുതൽ ശുചിമുറികൾ വരെ സന്ദർശന ബാഹുല്യം മുന്നിൽ കണ്ട് ഏകോപിപ്പിക്കാതിരുന്നത് സന്ദർശകരെ നെട്ടോട്ടമോടിക്കുന്നതാണ് കാഴ്ച. ഇത്തവണത്തെ പോരായ്മകൾ പരിഹരിച്ച് വരും വർഷം കൂടുതൽ മികവോടെ ഫെസ്റ്റ് നടത്താനാവുമെന്നാണ് സംഘാടകർ പങ്കുവെക്കുന്ന പ്രതീക്ഷ.
മലമ്പുഴ: ഉദ്യാനത്തില്‍ കഴിഞ്ഞ ആറ് ദിവസങ്ങളിലായി നടന്നുവന്ന ‘പൂക്കാലം’ ഫ്ലവര്‍ ഷോ സമാപിച്ചു. അവസാന ദിവസമായ ഇന്നത്തെ കലക്ഷൻ 15.33 ലക്ഷം റെക്കോർഡാണ്.സമാപനം എ. പ്രഭാകരന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മലമ്പുഴ ഉദ്യാനത്തിലെ പോരായ്മകള്‍ പരിഹരിക്കുന്നതിനും പഴയ പ്രതാപം വീണ്ടെടുക്കുന്നതിനും പരീക്ഷണമെന്ന നിലയിലാണ് പുഷ്പമേള സംഘടിപ്പിച്ചത്.
വരും വര്‍ഷങ്ങളില്‍ പഴയപ്രതാപം വീണ്ടെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും എം.എല്‍.എ പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷത വഹിച്ചു. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ്, പഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവന്, ഡി.ടി.പി.സി സെക്രട്ടറി ഡോ. എസ്.വി. സില്‍ബര്‍ട്ട് ജോസ്, സിനിമാതാരം മോക്ഷ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.