കട്ടപ്പന: ഇടുക്കിക്കവല ഹോട്ടലിൽ വിളമ്പിയ കപ്പബിരിയാണിയിൽ ജീവനുള്ള പുഴു. തിങ്കളാഴ്ച വൈകീട്ട് കാഞ്ചിയാർ സ്വദേശികളായ ദമ്പതികൾക്ക് വിളമ്പിയ കപ്പ ബിരിയാണിയിലാണ് ജീവനുള്ള പുഴുക്കളെ കണ്ടതായി പരാതി ഉയർന്നത്. ഉടമയെ വിവരം ധരിപ്പിച്ച ശേഷം ഭക്ഷണം കഴിക്കാതെ ദമ്പതികൾ മടങ്ങി. കട്ടപ്പന നഗരസഭ ആരോഗ്യവിഭാഗത്തിന് പരാതി നൽകി.
ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ ഹോട്ടലിൽ പരിശോധന നടത്തിയെങ്കിലും അപ്പോഴേക്കും പഴയ ഭക്ഷണസാധനങ്ങൾ മുഴുവൻ മാറ്റിയിരുന്നതിനാൽ കണ്ടെത്താനായില്ല. അടുക്കള വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയതിനാൽ ഉടമക്ക് ഇതുസംബന്ധിച്ച് നോട്ടീസ് നൽകുമെന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.
കട്ടപ്പനയിലെ ഹോട്ടലുകളിൽ തുടർച്ചയായി പഴകിയ ഭക്ഷണം കണ്ടെത്തുന്ന സാഹചര്യത്തിൽ മിന്നൽപരിശോധന നടത്തണമെന്നും കർശന നടപടി സ്വീകരിക്കണമെന്നും പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് ആവശ്യം ഉയർന്നു. ഈ ആവശ്യമുന്നയിച്ച് സി.പി.എം ബുധനാഴ്ച കട്ടപ്പന നഗരസഭ ആരോഗ്യ വിഭാഗത്തിലേക്ക് മാർച്ച് നടത്താനും തീരുമാനിച്ചു.
ഒരുമാസം മുമ്പ് കട്ടപ്പന പള്ളിക്കവലയിലെ ഹോട്ടലിൽ വിളമ്പിയ ഭക്ഷണത്തിലും ജീവനുള്ള പുഴുക്കളെ കണ്ടെത്തിയിരുന്നു. തുടർന്ന് നഗരസഭ ഹോട്ടൽ അടപ്പിച്ചെങ്കിലും പിറ്റേന്ന് മുതൽ തുറന്ന് പ്രവർത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.