ഭക്ഷ്യവിഷബാധ : സമഗ്രമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി നിർദേശം നൽകി

കോഴിക്കോട് : കായംകുളത്തും ഉച്ചക്കടയിലും ഭക്ഷ്യവിഷബാധ ഉണ്ടായെന്ന സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ മന്ത്രി വി.ശിവൻകുട്ടിയുടെ നിർദേശം. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ.ജീവൻബാബുവിനാണ് അന്വേഷണ ചുമതല.

ആരോഗ്യ വകുപ്പില്‍ നിന്നും മെഡിക്കല്‍ ആഫീസര്‍ നിര്‍ദ്ദേശം നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ സ്കൂള്‍ അഞ്ച് ദിവസം അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കി. രണ്ട് വിഷയങ്ങളെ കുറിച്ചും പ്രാഥമിക അന്വേഷണം നടത്തിയിട്ടുണ്ട്. കായംകുളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന്‍റെ പരിധിയില്‍ വരുന്ന കായംകുളം ടൗണ്‍ ഗവ.യു.പി സ്കൂളിലെ ഏതാനും വിദ്യാർഥികള്‍ക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടാവുകയും ഇവരെ അടിയന്തിരമായി കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ഈ സ്കൂളില്‍ പ്രീ പ്രൈമറി വിഭാഗത്തില്‍ 93 കുട്ടികളും ഒന്നു മുതല്‍ ഏഴ് വരെ 511 കുട്ടികളും പഠിക്കുന്നുണ്ട്. ജൂൺ മൂന്നിന് ഈ കുട്ടികളില്‍ ഉച്ചഭക്ഷണം കഴിച്ചവര്‍ 593 ആണ്. സ്കൂള്‍ അധ്യാപകരും ഇതേ ഉച്ചഭക്ഷണം തന്നെയാണ് കഴിച്ചത്. രാത്രി ഒമ്പതോടെ വയറിളക്കവും ചര്‍ദ്ദിയുമായി രണ്ട് കുട്ടികള്‍ ചികിത്സ തേടിയതായി എസ്.എം.സി ചെയര്‍മാന്‍ സ്കൂള്‍ പ്രഥമാധ്യാപികയെ അറിയിച്ചു.

പിന്നീട് രാവിലെ 11 മണിയോടുകൂടിയാണ് 14 കുട്ടികള്‍ കായംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടുകയും ആരോഗ്യ വകുപ്പില്‍ അറിയിച്ച് കാര്യകാരണങ്ങള്‍ തേടുകയും ചെയ്തിരുന്നു. ചികിത്സ തേടിയ കുട്ടികള്‍ക്ക് ആര്‍ക്കും കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്ന് താലൂക്ക് ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചിട്ടുണ്ട്.

ആരോഗ്യ വകുപ്പിന്റെ മെഡിക്കല്‍ റിപ്പോർട്ട് കിട്ടുന്നതിനനുസരിച്ച് മാത്രമേ കാരണമെന്തെന്ന് കണക്കാക്കാൻ ആകൂ. ഉച്ചക്കട എല്‍.എം.എല്‍.പി. സ്കൂളില്‍ 420 കുട്ടികളുള്ളതില്‍ നിന്നും 375 കുട്ടികള്‍ അതേദിവസം ഉച്ചഭക്ഷണം കഴിച്ചിരുന്നു. 31 കുട്ടികള്‍ക്ക് ചര്‍ദ്ധിയും പനിയും തലവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാത്രി 10 ന് ശേഷം ചികിത്സ തേടിയതായി പ്രഥമാദ്ധ്യാപിക വ്യക്തമാക്കി.

സ്കൂളില്‍ നിന്നും കഴിച്ചത് കൂടാതെ വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ടുവന്ന് കഴിച്ച കുട്ടികള്‍ക്കും സ്കൂളില്‍ വരാത്ത കുട്ടികള്‍ക്കും അസുഖം ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടിയതായി റിപ്പോർട്ടുണ്ട്. നാല് കുട്ടികള്‍ രണ്ടാം തീയതി രാത്രി 10 മുതല്‍ അഡ്മിറ്റ് ആയെങ്കിലും അന്ന് രാത്രി തന്നെ ഡിസ്ചാര്‍ജ്ജ് ആയി.

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ഫുഡ് ആൻഡ് സേഫ്റ്റി ആഫീസര്‍, ബാലരാമപുരം ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ എന്നിവര്‍ സ്കൂള്‍ സന്ദര്‍ശിച്ചു. ഫുഡ് ആൻഡ് സേഫ്റ്റി ആഫീസര്‍ സ്കൂളില്‍ നിന്ന് അരി, മുളക് പൊടി എന്നിവയുടെ സാമ്പിള്‍ പരിശോധനയ്ക്കായി എടുത്തതിനുശേഷം സ്റ്റോര്‍ റൂം സീല്‍ ചെയ്തുവെന്ന് മന്ത്രി ഓഫിസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

തിങ്കളാഴ്ച ഭക്ഷ്യ പൊതുവിതരണ മന്ത്രിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ചർച്ച നടത്തും. സ്‌കൂളുകളിൽ ഉച്ചഭക്ഷണം തയാറാക്കുമ്പോൾ ഏറെ ശ്രദ്ധ ചെലുത്തണമെന്ന് മന്ത്രി വി.ശിവൻകുട്ടി പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരോടും സ്കൂൾ അധികൃതരോടും നിർദേശിച്ചു.

Tags:    
News Summary - Food poisoning: The Minister directed to conduct a thorough investigation and submit a report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.