സാധാരണക്കാർക്ക് മോദി ഈശ്വര തുല്യൻ, എ.എൻ ഷംസീർ പൊട്ടക്കിണറ്റിലെ തവള - കേന്ദ്ര മന്ത്രി വി. മുരളീധരൻ

പാലക്കാട്: സിപിഎം നേതാക്കൾ നിയമസഭയിൽ പോലും വ്യാജ പ്രചരണം നടത്തുന്നവരാണെന്ന് കേന്ദ്ര വിദേശ- പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രി വി. മുരളീധരൻ. ബി.ജെ.പി സംസ്ഥാന പഠനശിബിരം പാലക്കാട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇന്ത്യയിലെ സാധാരണ ജനങ്ങൾക്ക് നരേന്ദ്രമോദി ഈശ്വര തുല്യനാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിച്ച എഎൻ ഷംസീർ എംഎൽഎ പൊട്ടക്കിണറ്റിലെ തവളയാണ്. ലോകരാജ്യങ്ങൾ നരേന്ദ്രമോദിയെ ഉറ്റുനോക്കുകയാണ്. പി.വി. സിന്ധു പ്രധാനമന്ത്രിയെ പറ്റി പറഞ്ഞത് സി.പി.എം നേതാക്കൾ കേൾക്കാൻ തയ്യാറാവണം. പല മേഖലയിലെ ഏറ്റവും മികച്ചവർ പ്രധാനമന്ത്രിയെ അഭിനന്ദിക്കുകയാണ്' -മുരളീധരൻ പറഞ്ഞു.

ദേശീയപാത വികസനത്തിന് വേണ്ടി കേന്ദ്രം സംസ്ഥാനത്തിന് കൂടുതൽ വിഹിതം നൽകുന്നുണ്ടെന്ന് വി.മുരളീധരൻ അവകാശപ്പെട്ടു. സഭയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്ന സമീപനമാണ് മന്ത്രി മുഹമ്മദ് റിയാസിന്റേത്. കാശ്മീരിലെ ഭീകരവാദികൾ പോലും കേന്ദ്രമന്ത്രിമാർ അവിടത്തെ വികസന പ്രവർത്തനങ്ങൾ സന്ദർശിക്കുന്നത് ചോദ്യം ചെയ്യാറില്ല. എന്നാൽ, കേരളത്തിലെ ചിലർക്ക് ഭീകരരേക്കാൾ ഭീകരമായ മനസാണുള്ളത്.

ഫെഡറൽ തത്വങ്ങളെ കുറിച്ച് ധാരണയുണ്ടെങ്കിൽ ഇത്തരം പരാമർശം മുഖ്യമന്ത്രിയും റിയാസും നടത്തില്ല. സ്വയം റിപ്പബ്ലിക്കായി പ്രഖ്യാപിച്ച് വിദേശ രാജ്യങ്ങളുട കോൺസുലേറ്റുമായി ബന്ധം പുലർത്തുന്നവരാണ് ബി.ജെ.പിയെ ഫെഡറൽ തത്വം പഠിപ്പിക്കുന്നത്. കേന്ദ്രം തരുന്ന ഭക്ഷ്യധാന്യങ്ങൾ പോലും കിറ്റിലാക്കി സ്വന്തം ചിത്രം വെച്ച് വിതരണം ചെയ്യുന്നവരാണ് ഫെഡറൽ തത്വം പറയുന്നതെന്നും വി. മുരളീധരൻ പറഞ്ഞു.

ഞങ്ങളുടെ സർക്കാർ ദേശീയപാതയ്ക്ക് ഭൂമിയേറ്റെടുക്കാൻ 25% തുക തന്നിട്ടുണ്ട്. അതുകൊണ്ട് കേന്ദ്ര മന്ത്രിമാർ ആ വഴിക്ക് വരരുത് എന്ന നിലപാട് മറ്റൊരു സംസ്ഥാനത്തിനുമില്ല. ദേശീയ പാത വികസനത്തിന് ഭൂമി വിലയുടെ 30% തുകയാണ് കർണ്ണാടക നല്കുന്നത്. റിങ് റോഡ് ബൈപാസ് ഭൂമി ഏറ്റെടുക്കലിന് 50% കർണ്ണാടക നൽകുന്നുണ്ട്.

ബീഹാർ ഭൂമി ഏറ്റെടുക്കാൻ മുഴുവൻ പണവും നല്കുന്നു. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ എന്തൊക്കെ ചെയ്തിട്ടുണ്ട് എന്ന് പരിശോധിച്ചാൽ സത്യം മനസ്സിലാവും.

ലോകത്ത് കേരളത്തിന് അപ്പുറത്ത് എന്ത് നടക്കുന്നു എന്ന് പിണറായി വിജയൻ അറിയുന്നില്ല. മുഴുവൻ സർക്കാറിന്റെയും പ്രതിനിധി എന്ന നിലയിൽ പ്രവർത്തിക്കണം എന്നാണ് കേന്ദ്രമന്ത്രിമാർക്ക് പ്രധാനമന്ത്രി മോദിയുടെ നിർദ്ദേശം എന്നും മുരളീധരൻ പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. മുതിർന്ന നേതാവ് ഒ. രാജഗോപാൽ, നാഷണൽ എക്സിക്യൂട്ടിവ് അംഗങ്ങളായ കുമ്മനം രാജശേഖരൻ, പികെ കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എംടി രമേശ്, സി. കൃഷ്ണകുമാർ, പി സുധീർ, സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ രാധാകൃഷ്ണൻ തുടങ്ങി സംസ്ഥാന- ജില്ലാ നേതാക്കൾ മൂന്ന് ദിവസം പാലക്കാട് നടക്കുന്ന പഠന ശിബിരത്തിന്  നേതൃത്വം നൽകും.

Tags:    
News Summary - For common people, Modi is equal to God, AN Shamseer is a Frog in the well- Union Minister V. Muralidharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.