പ്രതീകാത്മക ചിത്രം

നി‌ർബന്ധിത ലിംഗമാറ്റ ചികിത്സ​: സ്വവർഗാനുരാഗികളുടെ ഹരജിയിൽ ആശുപത്രിക്ക്​ നോട്ടീസ്​

കൊച്ചി: സ്വവർഗാനുരാഗികളിൽ ഒരാളെ നി‌ർബന്ധിത ലിംഗമാറ്റ ചികിത്സക്ക്​ വിധേയയാക്കിയെന്ന്​ ആരോപിച്ച്​ ഇരുവരും ഹൈകോടതിയിൽ. മൂന്നരവർഷത്തെ പ്രണയശേഷം വീടുവിട്ട്​ ഒന്നിച്ച്​ ജീവിക്കുന്ന ഇവരെ വേ‌ർപിരിക്കാൻ ബന്ധുക്കളടക്കം മർദിക്കുകയും ഒരു യുവതിയെ നിർബന്ധിത ലിംഗമാറ്റത്തിന് പ്രേരിപ്പിക്കുകയും ചെയ്തെന്ന്​ ആരോപിച്ചാണ് ഹരജി. ഹരജിയിൽ വിശദീകരണം തേടിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിക്ക്​ അടക്കം നോട്ടീസ്​ അയച്ചു. ഹരജി ഏപ്രിൽ ഒമ്പതിന്​ വീണ്ടും പരിഗണിക്കും.

കാണാതായശേഷം പൊലീസ് കണ്ടെത്തി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾ ഇരുവരുടെയും ആഗ്രഹ പ്രകാരം ഒന്നിച്ചുജീവിക്കാൻ അനുവദിച്ചിരുന്നു. പിന്നീട്​ ഒരാളെ വീട്ടുകാർ തടങ്കലിലാക്കിയതിനെത്തുടർന്ന്​ പങ്കാളി കഴിഞ്ഞ വർഷം ഹൈകോടതിയിൽ ഹേബിയസ് കോർപസ് ഹരജി നൽകിയിരുന്നു. വീട്ടുകാർ‌ക്കൊപ്പം പോകാനാണ് താൽപര്യമെന്ന്​ ഒന്നാമത്തെ യുവതി അന്ന് കോടതിയെ അറിയിച്ചെങ്കിലും പിന്നീട് ഒരുമിക്കാനായെന്ന്​ ഹരജിയിൽ പറയുന്നു.

മുസ്​ലിം സമുദായാംഗങ്ങളായതിനാൽ സ്വവർഗ ലൈംഗികത പാപമാണെന്ന്​ പറഞ്ഞ് ഡോക്ടർമാർ സ്വാധീനിക്കാൻ ശ്രമിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹരജിക്കാരിൽ ഒരാളെ സമ്മതം കൂടാതെ പലതരം ചികിത്സക്ക്​ വിധേയയാക്കുകയും ചെയ്തു. മൗലികാവകാശ ലംഘനമായതിനാൽ നിർബന്ധിത ലിംഗമാറ്റം നിയമവിരുദ്ധമായി പ്രഖ്യാപിക്കുക, ഇതിനായി മാ‌ർഗരേഖ രൂപവത്​കരിക്കാൻ സർക്കാറുകളോട്​ നി‌ർദേശിക്കുക തുടങ്ങിയ ആവശ്യങ്ങളും ഹരജിയിൽ ഉന്നയിച്ചിട്ടുണ്ട്. 

Tags:    
News Summary - Forced sex reassignment treatment: Notice to hospital on plea of homosexuals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.