ചിറയിൻകീഴ്: തിരുവനന്തപുരം ചിറയിന്‍കീഴിൽ ദുരഭിമാന മര്‍ദനത്തിനിരയായ മിഥുൻ കൃഷ്ണന്റെ മൊഴി പുറത്ത്. ക്രൂരമായി മർദിച്ച പ്രതിയായ ഭാര്യ സഹോദരനായ ഡോക്ടര്‍ക്കും പള്ളി വികാരിക്കുമെതിരെയാണ് മിഥുന്‍ കൃഷ്ണൻ മൊഴി നൽകിയിരിക്കുന്നത്.
പ്രതിയായ ഡോ.ഡാനിഷ് ജോര്‍ജിനും അരയതുരുത്തി ഓള്‍ സെയ്ൻസ് പള്ളി വികാരി ജോസഫ് പ്രസാദിനും എതിരെയാണ് മൊഴി നൽകിയിരിക്കുന്നത്.
പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാമെന്ന് പറഞ്ഞാണ് ഭാര്യാസഹോദരനായ ഡോ.ഡാനിഷും ബന്ധുക്കളും വീട്ടിലെത്തിയത്. തുടർന്ന് എന്നെയും ഭാര്യയെയും ദീപ്തിയെയും അരയതുരുത്ത് പള്ളിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് മിഥുൻ പറയുന്നു. പള്ളി വികാരി പറഞ്ഞതനുസരിച്ചാണ് അവിടേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയതെന്നാണ് അവർ പറഞ്ഞത്. വിവാഹം നടത്താമെന്നും മതം മാറേണ്ടെന്നും കാറിൽ വെച്ചു പറഞ്ഞു. എന്നാൽ പള്ളിയിലെത്തിയതോടെ പട്ടികജാതി വിഭാഗത്തിലുള്ള മിഥുന്‍ മതംമാറണമെന്ന് വികാരിയുൾപ്പടെയുള്ളവർ ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ അത് നിരസിച്ചതോടെ പണം വാഗ്ദാനം ചെയ്തു. തുടർന്ന് ജനിക്കുന്ന കുഞ്ഞിനെ ക്രിസ്തു മതത്തില്‍ ചേര്‍ക്കണമെന്നും ഡാനിഷിന് പുറമേ പള്ളി വികാരിയും ആവശ്യപ്പെട്ടു.
തുടർന്ന് ഭാര്യയുടെ മനസ് മാറ്റാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് മകളെ അമ്മയ്ക്ക് കാണണമെന്ന് പറഞ്ഞ് കാറിൽ കയറ്റിക്കൊണ്ടുപോയി. പാതി വഴിയിൽ കാർ നിർത്തി പുറത്തിറക്കി മർദ്ദിക്കുകയായിരുന്നു. തെരുവിൽവെച്ച് ഏൽക്കേണ്ടി വന്നത് കൊടിയ മർദ്ദനമാണ്. ബോധം നഷ്ടപ്പെട്ട ശേഷവും റോഡിലിട്ട് തലങ്ങും വിലങ്ങും മർദ്ദിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മിഥുന്‍റെ തലച്ചോറിൽ രക്തസ്രാവവും നട്ടെല്ലിന് പരിക്കുമുണ്ട്.
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് തടയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അവിടെയുണ്ടായിരുന്ന ആരും പിടിച്ചു മാറ്റാൻ ശ്രമിച്ചില്ല. മരക്കഷ്ണങ്ങൾ കൊണ്ടുള്ള അടിയിൽ ബോധം നശിച്ചിട്ടും മർദ്ദനം തുടർന്നുവെന്നാണ് മിഥുൻ ഡി.വൈ.എസ്.പി സുനീഷ് ബാബുവിന് നൽകിയ മൊഴിയിൽ പറയുന്നത്.
എന്നാൽ പൊലീസ് എടുത്ത കേസില്‍ നിർബന്ധിത മതപരിവര്‍ത്തന ശ്രമത്തിനോ ദുരഭിമാന മര്‍ദത്തിനോ ഉള്ള വകുപ്പുകള്‍ ചുമത്തിയിട്ടില്ലെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.