തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തി മൃതദേഹം കുറ്റിക്കാട്ടിൽ തള്ളിയ കേസിൽ രണ്ട് പ്രതികളുടെയും ശിക്ഷ ഇന്ന് കോടതി പ്രഖ്യാപിക്കും. കോവളം സ്വദേശികളായ ഉദയൻ, ഉമേഷ് എന്നിവരെ കഴിഞ്ഞദിവസം കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊലക്കുറ്റം, കൂട്ടബലാത്സംഗം, തെളിവുനശിപ്പിക്കൽ, മയക്കുമരുന്ന് നൽകി ഉപദ്രവിക്കുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെയുള്ളത്.
തിരുവനന്തപുരം ഒന്നാം അഡീ. സെഷൻസ് കോടതി ജഡ്ജി സനിൽ കുമാറാണ് കേസ് പരിഗണിക്കുന്നത്. 2018ൽ സഹോദരിയോടൊപ്പം കേരളത്തിൽ ചികിത്സക്കെത്തിയ ലാത്വിയൻ വനിതയാണ് കൊല്ലപ്പെട്ടത്. ചികിത്സ നടത്തിയിരുന്ന സ്ഥലത്ത് നിന്നും കോവളത്തെത്തിയ യുവതിയെ ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേന സമീപവാസികളായ ഉദയൻ, ഉമേഷ് എന്നിവർ സമീപിച്ചു. ബോട്ടിങ് നടത്താമെന്ന പേരിൽ വള്ളത്തിൽ പ്രതികൾ യുവതിയെ സമീപത്തെ കുറ്റിക്കാട്ടിലെത്തിച്ചു. തുടർന്ന് ലഹരി പദാർഥങ്ങൾ നൽകിയ ശേഷം ബലാത്സംഗം ചെയ്യുകയും തുടർന്ന് വള്ളികൾ കൊണ്ട് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയശേഷം മൃതദേഹം കുറ്റിക്കാട്ടിൽ തള്ളുകയുമായിരുന്നു. 104 സാക്ഷികൾ കുറ്റപത്രത്തിലുണ്ടായിരുന്നെങ്കിലും പ്രോസിക്യൂഷൻ 30 സാക്ഷികളെയാണ് വിസ്തരിച്ചത്. 28 സാക്ഷികൾ പ്രോസിക്യൂഷനെ അനുകൂലിച്ചപ്പോൾ രണ്ടുപേർ കൂറുമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.