കൊച്ചി: കേരളത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ കറങ്ങി, ഡൽഹിയിലേക്ക് പോകാനൊരുങ്ങിയ ഫ്രഞ്ച് മാധ്യമപ്രവർത്തക ‘ആരുടെയോ’ കോവിഡ് ആശങ്കയെത്തുടർന്ന് കുടുങ്ങി. പഴ്സ് നഷ്ടപ്പെട്ടതിനാൽ കൈയിൽ പണമൊന്നുമില്ലാതെയും പെട്ട ഈ യുവതിക്കും മൂന്നുവയസ്സുള്ള മകനും സഹായമായത് കളമശ്ശേരി പൊലീസും പുതുച്ചേരിയിലെ ഫ്രഞ്ച് കോൺസുലേറ്റും. ഡീസ് മെസ്യൂർ ഫ്ലൂറിൻ എന്ന 27കാരിയും മകൻ താവോയുമാണ് ആശങ്കയുടെ മണിക്കൂറുകളിലൂടെ കടന്നുപോയത്. ജനുവരി 21നാണ് ചെന്നൈയിലെത്തിയത്. തുടർന്ന് വർക്കലയിലും മറ്റും സന്ദർശിച്ചിരുന്നു.
ഞായറാഴ്ച ഇവരുടെ അമ്മയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് ഡീസ് മെസ്യൂർ ഫ്രാൻസിലേക്ക് പറഞ്ഞയച്ചിരുന്നു. വർക്കലയിൽ രണ്ടാഴ്ച ചെലവഴിച്ചതിനാൽ യുവതിയെയും മകനെയും വിമാനത്താവളത്തിൽനിന്ന് ആദ്യം ആലുവ ജില്ല ആശുപത്രിയിലേക്കും തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോയി കോവിഡ് പരിശോധന നടത്തി. ഇതിനിെട, വിമാനത്താവളത്തിൽ പണവും ക്രെഡിറ്റ് കാർഡുമടങ്ങുന്ന പഴ്സ് നഷ്ടപ്പെട്ടു. പരിശോധനഫലം നെഗറ്റിവാണെന്നറിയിച്ച ആശുപത്രി അധികൃതർ ഇവരെ പറഞ്ഞുവിട്ടെങ്കിലും എന്തുചെയ്യണമെന്നറിയാതെ ആശുപത്രിക്ക് പുറത്തിരുന്ന യുവതിയെയും മകനെയും കണ്ട ആരോ കളമശ്ശേരി പൊലീസിനെ ബന്ധപ്പെട്ട്, ‘നിരീക്ഷണത്തിലുള്ള വിദേശി രക്ഷപ്പെടുന്നതായി’ സംശയം അറിയിച്ചു.
പൊലീസെത്തി അന്വേഷിച്ചപ്പോൾ ഫലം നെഗറ്റിവാണെന്നും പണമില്ലാത്തതിനാൽ മടങ്ങാനാവാതെ വിഷമിക്കുകയാണെന്നും യുവതി അറിയിച്ചു.
തുടർന്ന്, നേരേത്ത ടൂറിസം പൊലീസിലായിരുന്ന കളമശ്ശേരി സി.പി.ഒ പി.എസ്. രഘു തെൻറ പരിചയത്തിെൻറ അടിസ്ഥാനത്തിൽ എഫ്.ആർ.ആർ.ഒയെയും അതുവഴി പുതുച്ചേരിയിലെ ഫ്രഞ്ച് എംബസിയുമായും ബന്ധപ്പെട്ടു.
എംബസി ഉദ്യോഗസ്ഥർ വെസ്റ്റേൺ യൂനിയൻ വഴി 7500 രൂപ ഇവർക്ക് അയച്ചു. ആശങ്ക ആശ്വാസത്തിലേക്ക് വഴിമാറിയ യുവതിയെയും കുഞ്ഞിനെയും പൊലീസ് എറണാകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷനിലെത്തിച്ചു.
പൊലീസുകാർക്കൊപ്പം കളിച്ചുചിരിച്ച് ‘ഹാപ്പി’യായിരുന്നു താവോ. ഇതിനിടെ പൊലീസുകാർ ഭക്ഷണവും വാങ്ങിക്കൊടുത്തു. മറക്കാനാവാത്ത അനുഭവമായിരുെന്നന്നും നാട്ടിൽ ചെന്നാൽ ഇതേക്കുറിച്ച് എഴുതുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.