മൂന്നാര്‍: ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് സ്വകാര്യ റിസോര്‍ട്ടില്‍ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി. 22 വിദേശികളടക്കം 59 സഞ്ചാരികളാണ് രണ്ട് ദിവസമായി മൂന്നാർ പള്ളിവാസലിലെ പ്ലം ജൂഡി റിസോര്‍ട്ടില്‍ കുടുങ്ങിയത്. സൈന്യത്തിെൻറ സഹായത്തോടെയായിരുന്നു രക്ഷപെടുത്തല്‍. മണ്ണിടിഞ്ഞു വീണ ഭാഗത്ത് പലകകളും കല്ലുകളും പാകി റോപ്പ് കെട്ടിയാണ് സഞ്ചാരികളെ രക്ഷപ്പെടുത്തിയത്. ഇന്ത്യന്‍ എംബസിയുടെ നിർദേശപ്രകാരം സൈന്യത്തിെൻറ 16 അംഗ സംഘം ഇതിനായി മൂന്നാറില്‍ എത്തിയിരുന്നു.
റിസോര്ട്ടിെൻറ പ്രധാന പ്രവേശന കവാടത്തിന് സമീപം കുത്തനെയുള്ള ചെരിവില്‍നിന്ന് കൂറ്റന്‍ പാറകളും ചരലും അടര്‍ന്നു വീഴുകയും റിസോര്‍ട്ടിലേക്കുള്ള പാതയില്‍ മീറ്ററുകളോളം മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെടുകയും ചെയ്തതോടെയാണ് സഞ്ചാരികള്‍ കുടുങ്ങിയത്. അമേരിക്ക, റഷ്യ, സൗദി, യു.എ.ഇ, സിങ്കപ്പൂര്‍, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു വിദേശികള്‍. ഏറെ ദുഷ്‌കരമായ രക്ഷ പ്രവര്‍ത്തനങ്ങള്‍ക്കുശേഷമാണ് വെള്ളിയാഴ്ച വൈകീട്ട് ആറോടെ ഇവരെ രക്ഷപ്പെടുത്തിയത്.
ബുധനാഴ്ച രാവിലെയാണ് പ്ലംജൂഡി റിസോര്‍ട്ടിന് സമീപത്തെ അതീവ സുരക്ഷമേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായത്. എന്നാല്‍, സംഭവം പുറത്തറിഞ്ഞത് വ്യാഴാഴ്ച ഉച്ചയോടെയാണ്.
റിസോര്‍ട്ട് അധികൃതര്‍ വിവരം പുറത്തറിയിക്കാൻ വൈകിയത് വിനോദ സഞ്ചാരികളുടെ പ്രതിഷേധത്തിനിടയാക്കി. വിനോദ സഞ്ചാരികളില്‍ ഒരാള്‍ മൊബൈലിൽനിന്ന് അയച്ച വിഡിയോ സന്ദേശം മാധ്യമങ്ങളില്‍ എത്തിയതോടെയാണ് സഞ്ചാരികള്‍ കുടുങ്ങിയത് പുറത്തറിഞ്ഞത്. സിംഗപ്പൂര്‍ സ്വദേശിനിയായ യുവതി എംബസിയുമായി ബന്ധപ്പെട്ട് വിവരം അറിയിച്ചതോടെ പ്രശ്‌നം വഷളായി. തുടര്‍ന്ന് വെള്ളിയാഴ്ച 11 ഒാടെ ഉദ്യോഗസ്ഥരും സൈന്യവും സ്ഥലത്തെത്തി. സബ് കലക്ടർ പ്രേംകുമാറും റിസോര്‍ട്ടിലെത്തി. പൊലീസ്, അഗ്‌നിശമന സേന, റവന്യൂ, ജില്ല ടൂറിസം പ്രമോഷൻ കൗണ്‍സില്‍ എന്നീ വകുപ്പുകളുടെ മേല്‍നോട്ടത്തിലായിരുന്നു രക്ഷാ പ്രവര്‍ത്തനം.
ഉരുള്‍പൊട്ടലുണ്ടായ ഭാഗങ്ങളില്‍ പാറക്കല്ലുകളും പലകകഷണങ്ങളും ഉപയോഗിച്ച് നടപ്പാതകള്‍ നിർമിച്ചും റോപ്പുകള്‍ കെട്ടിയുമാണ് സന്ദര്‍ശകരെ പുറത്തെത്തിച്ചത്. സൈനീക സംഘത്തിനുപുറമേ മൂന്നാര്‍ ഡിവൈ.എസ്.പി സുനീഷ് ബാബു, സി.ഐ സാംജോസ്, എസ്.ഐ പ്രതീപ്, തഹസില്‍ദാര്‍ പി.കെ. ഷാജി, ഫയര്‍ ഫോഴ്‌സ്, ഡി.ടി.പി.സി പ്രവര്‍ത്തകര്‍ തുടങ്ങിയവരും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നൽകി. അപകട സാധ്യത നിറഞ്ഞ റിസോര്ട്ടിെൻറ പ്രവര്‍ത്തനം നിര്‍ത്തിവെക്കാൻ റവന്യൂ വകുപ്പ് നോട്ടീസ് നല്‍കി. പള്ളിവാസലിലെ പരിസ്ഥിതി ലോല പ്രദേശത്ത് വൈദ്യുതി വകുപ്പിെൻറ ടണല്‍ നിര്‍മാണം നടക്കുന്ന അതീവ സുരക്ഷ മേഖലയില്‍ സ്ഥിതിചെയ്യുന്ന റിസോര്‍ട്ടിൽ സമാനഅപകടം മൂലം മുമ്പും രണ്ടു തവണ പ്രവര്‍ത്തനം നിര്‍ത്തിെവച്ചിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.