തിരുവനന്തപുരം: കേസ് നടത്തിപ്പിൽ വനംവകുപ്പിെൻറയും സർക്കാർ അഭിഭാഷകെൻറയും പരാജയത്തിലൂടെ കോഴിക്കോട് ജില്ലയിലെ തുഷാരഗിരിയിൽ രണ്ടു വെള്ളച്ചാട്ടം ഉൾപ്പെടുന്ന 270 ഏക്കർ അതി പരിസ്ഥിതി ദുർബല പ്രദേശം (ഇ.എഫ്.എൽ) സ്വകാര്യ വ്യക്തികളുടെ കൈകളിലേക്ക്. 2000 ത്തിൽ 71 പേരിൽ നിന്ന് സർക്കാർ നഷ്ടപരിഹാരം നൽകാതെ ഇ.എഫ്.എൽ നിയമപ്രകാരം ഏറ്റെടുത്ത 24 ഏക്കർ ഭൂമി തിരിച്ച് നൽകണമെന്നാവശ്യപ്പെട്ട് നാലു മുൻ ഉടമകൾ നൽകിയ കേസിലാണ് വിട്ടുകൊടുക്കാൻ ഹൈകോടതി ഉത്തരവ്. ഇ.എഫ്.എൽ ൈട്രബ്യൂണലിലും ഹൈകോടതിയിലും നടന്ന വിചാരണയിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും സർക്കാർ അഭിഭാഷകനും വാദം അവതരിപ്പിക്കുന്നതിൽ വരുത്തിയ വീഴ്ചയാണ് തിരിച്ചടിയായത്. ഹൈകോടതി വിധിക്ക് എതിരായ അപ്പീൽ സമയം വൈകി നൽകിയതിനാൽ സുപ്രീംകോടതി തള്ളിയതോടെ സ്വകാര്യവ്യക്തികൾക്ക് കേസ് ജയം ഉറപ്പാക്കി. ബാക്കി 65 ഉടമകളും ഉടൻ നിയമ നടപടി ആരംഭിക്കും.
കോഴിക്കോട് താമരശ്ശേരി താലൂക്കിൽ കോടഞ്ചേരി, നെല്ലിപൊയിൽ വില്ലേജുകളിലായി കിടക്കുന്ന ജീരകപ്പാറയിൽ 1998 മുതൽ വൻ മരംകൊള്ളെക്കതിരെ കർഷകരും പരിസ്ഥിതി പ്രവർത്തകരും നടത്തിയ ജീരകപ്പാറ പ്രക്ഷോഭമാണ് 270 ഏക്കർ ഭൂമി ഇ.എഫ്.എൽ ആയി ഏറ്റെടുക്കുന്നതിലെത്തിച്ചത്. മഴവിൽ വെള്ളച്ചാട്ടം, ഇൗരാറ്റ്മുക്ക് വെള്ളച്ചാട്ടം, തുമ്പിതുള്ളുംപാറ വെള്ളച്ചാട്ടം എന്നിവ ഉൾപ്പെടുന്ന ജീരകപ്പാറയെ പിന്നീട് തുഷാരഗിരിയായി പുനർനാമകരണം ചെയ്തു.
ഏറ്റെടുക്കലിനെതിരെ 2006 ൽ നാലു പേർ ഇ.എഫ്.എൽ ൈട്രബ്യൂണലിനെ സമീപിച്ചു. ഇ.എഫ്.എൽ കമീഷൻ പ്രദേശം പരിസ്ഥിതി ദുർബല പ്രദേശമല്ലെന്ന് റിപ്പോർട്ട് നൽകി. പക്ഷേ, പ്രദേശത്തിനു ചുറ്റും വനപ്രദേശമെന്ന റിപ്പോർട്ടിലെ വൈരുധ്യത്തിൽ അടക്കം വകുപ്പ് മൗനംപാലിച്ചു. 2014 ൽ ഭൂമി പതിച്ചു കിട്ടാൻ കക്ഷികൾ ഹൈകോടതിയെ സമീപിച്ചു.
കോടതി നിയോഗിച്ച കമീഷനാവെട്ട ഒറ്റ ദിവസംകൊണ്ട് താൻ 8008 മരങ്ങൾ എണ്ണിത്തിട്ടപ്പെടുത്തിയെന്ന വിചിത്ര കണ്ടെത്തലോടെയാണ് റിപ്പോർട്ട് നൽകിയത്. ഒരു ദിവസംകൊണ്ട് ഒരാൾ എങ്ങനെ എണ്ണായരത്തിൽപരം മരം എണ്ണുമെന്ന യുക്തി സർക്കാർ അഭിഭാഷകൻ ചോദ്യം ചെയ്തില്ല. ഇ.എഫ്.എൽ, ഹൈകോടതി കമീഷൻ റിപ്പോർട്ടുകളിലെ വൈരുധ്യത്തിലും മൗനമായിരുന്നു.
ഏക സാക്ഷി താമരശ്ശേരി റേഞ്ച് ഒാഫിസറുടെ മൊഴിയും സർക്കാറിെനതിരായി. 2018 നവംബർ 11ന് 24 ഏക്കർ ഭൂമി വിട്ടുകൊടുക്കാൻ ഹൈകോടതി വിധിച്ചു. ഇൗരാറ്റുമുക്ക്, തുമ്പിതുള്ളുംപാറ വെള്ളച്ചാട്ടങ്ങൾ ഇൗ ഭൂമിയിലാണ്.
വിധിെക്കതിരെ മൂന്നു മാസത്തിനകം അപ്പീൽ കൊടുക്കണമെന്നിരിക്കെ 22 മാസം കഴിഞ്ഞ് 2020 സെപ്റ്റംബറിലാണ് സുപ്രീംകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.