കോഴിക്കോട്: വന്യജീവി ആക്രമണങ്ങളിൽ വയനാട്ടിൽ ജീവൻ പൊലിയുമ്പോഴും ‘ഉത്തരവാദപ്പെട്ട’ വനംമന്ത്രി എ.കെ. ശശീന്ദ്രൻ ജില്ലയിലേക്കു പോകാത്തത് വിമർശനത്തിനിടയാക്കുന്നു. കാട്ടാനയുടെ ചവിട്ടേറ്റ് കുറുവ ദ്വീപ് ഇക്കോ ടൂറിസം കേന്ദ്രത്തിലെ ഗൈഡ് വാച്ചർ പോൾ മരിച്ചത് വിദഗ്ധ ചികിത്സ ലഭിക്കാതെയാണെന്നതടക്കമുള്ള ആരോപണം വലിയ പ്രതിഷേധമാണ് സൃഷ്ടിച്ചത്.
ആനക്കൊലകൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ രാഷ്ട്രീയവ്യത്യാസം മറന്ന് ജനം തെരുവിലിറങ്ങുകയും ചെയ്തു. എന്നിട്ടും വയനാട് ജില്ലയുടെ ‘ചുമതലക്കാരൻ’കൂടിയായ മന്ത്രി സംഭവസ്ഥലത്തേക്കു പോകാതെ കോഴിക്കോട്ടുതന്നെ തങ്ങുകയും, വിവിധ പരിപാടികളിൽ പങ്കെടുത്ത് ആളുകൾക്കു മുന്നിൽ ‘പരിഹാസ്യ’നാവുകയാണ് എന്നാണ് വിമർശനം.
ജില്ലയുടെ പ്രധാന വികസനകാര്യങ്ങൾ, പ്രശ്നങ്ങൾ എന്നിവയിൽ മുന്നിൽനിന്ന് ഇടപെടുന്നതിനാണ് മന്ത്രിമാർക്ക് ഓരോ ജില്ലയുടെ ചുമതല നൽകിയത്. ഈ ഉത്തരവാദിത്തത്തിൽനിന്നുപോലും ശശീന്ദ്രൻ ഒഴിഞ്ഞുമാറുകയാണെന്നാണ് പരാതി. വനംമന്ത്രിയുടെ രാജിക്കായുള്ള മുറവിളികളും സജീവമാണ്. ജനങ്ങളുടെ ശക്തമായ പ്രതിഷേധം ജില്ല കലക്ടർക്കും വനം ഉദ്യോഗസ്ഥർക്കുമെതിരെ ഉണ്ടായിട്ടും മന്ത്രി സംഭവസ്ഥലത്തേക്കു പോകാതെ കോഴിക്കോട്ടുനിന്ന് ചാനലുകൾക്ക് പ്രതികരണം നൽകുകയാണ് ചെയ്തത്. ശനിയാഴ്ച എൽ.ഡി.എഫും യു.ഡി.എഫും ആഹ്വാനംചെയ്ത ഹർത്താലായിരുന്നു വയനാട്ടിൽ.
കൊല്ലപ്പെട്ട പോളിന്റെ സംസ്കാരവും. ഇതടക്കം മുൻനിർത്തി ജനരോഷം ‘ഭയന്ന’ മന്ത്രി വയനാട്ടിലേക്കു പോയില്ല. എന്നാൽ, ഇതേദിവസം എരഞ്ഞിക്കലിൽ പുത്തൂർ നഗര ജനകീയ ആരോഗ്യകേന്ദ്രം ഉദ്ഘാടനം, കുടുംബശ്രീയുടെ ഡി.ഡി.യു-ജി.കെ.വൈ- യുവകേരളം അലുമ്നി മീറ്റ് ഉദ്ഘാടനം, ജില്ല വ്യവസായ കേന്ദ്രത്തിന്റെ നിക്ഷേപസംഗമം ഉദ്ഘാടനം എന്നിവയെല്ലാം കോഴിക്കോട്ട് ‘ഓടിനടന്ന്’ നിർവഹിച്ചു. ഇതിനിടെ മന്ത്രിക്കെതിരെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്ത് അഞ്ചു മണിക്കൂറോളം കരുതൽ തടങ്കലിലാക്കുകയും ചെയ്തു. ഞായറാഴ്ച മുഖ്യമന്ത്രി വിദ്യാർഥികളുമായി നടത്തിയ മുഖാമുഖത്തിലും ‘പ്രത്യേക റോൾ’ ഒന്നുമില്ലാതിരുന്നിട്ടും വനംമന്ത്രി അവസാനംവരെ പങ്കെടുത്തു.
വെള്ളിയാഴ്ചയാണ് പോൾ മരിച്ചത്. അന്ന് വൈകീട്ടോടെ കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റിയ മൃതദേഹം സന്ദർശിക്കാനും മന്ത്രി സമയം കണ്ടെത്തിയില്ല. രാത്രി പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ശനിയാഴ്ചയാണ് നാട്ടിലേക്കു കൊണ്ടുപോയത്.
അതേസമയം, വയനാട്ടിലെ വന്യജീവി ആക്രമണ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം സ്ഥിതിഗതി വിലയിരുത്തി. 250 കാമറ സ്ഥാപിക്കാനും വനം, പൊലീസ്, റവന്യൂ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതുപ്രകാരം ചൊവ്വാഴ്ച വയനാട്ടിൽ ചേരുന്ന മന്ത്രിതലയോഗത്തിൽ പങ്കെടുക്കുമെന്നറിയിച്ച വനംമന്ത്രി, പ്രതിഷേധം മറ്റൊരു തലത്തിലേക്കു പോകാതെ ജനപ്രതിനിധികൾ ശ്രദ്ധിക്കണമെന്നാണ് മാധ്യമങ്ങൾക്കു മുന്നിൽ പറഞ്ഞത്. വയനാട്ടിലേക്ക് പോകുന്നില്ലേ എന്നത് ശ്രദ്ധയിൽപെടുത്തിയപ്പോൾ കാര്യങ്ങള്‍ ചെയ്യാന്‍ വയനാട്ടില്‍ പോകണമെന്നില്ലെന്നായിരുന്നു മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.