തിരുവനന്തപുരം: എഴുത്തുകാരൻ ഇ. വാസുവിന്റെ മകനും കേരള കാര്‍ഷിക സര്‍വകലാശാല തൃശൂര്‍ മണ്ണുത്തി ഫോറസ്റ്ററി കോളജ് ഡീനുമായ ഡോ.ഇ.വി. അനൂപ് (56) തീവണ്ടി മുട്ടി മരിച്ചനിലയിൽ. ഞായറാഴ്ച രാവിലെ 6.10ന് പേട്ടക്ക് സമീപം റെയില്‍വേ പാളത്തിലാണ് മൃതശരീരം കണ്ടത്. വനവിഭവങ്ങളെ മൂല്യവര്‍ധിതമാക്കുന്ന മേഖലയില്‍ ദേശീയതലത്തില്‍ ശ്രദ്ധേയനായ ശാസ്ത്രജ്ഞനാണ്.
തൃശൂര്‍ കാര്‍ഷിക സര്‍വകലാശാലക്ക് സമീപം താമസിക്കുന്ന അദ്ദേഹം പിതാവിന്റെ അസുഖവിവരമറിഞ്ഞ് തലസ്ഥാനത്തെത്തിയതായിരുന്നു. ഇ. വാസു അസുഖബാധിതനായി ആശുപത്രിയിലാണ്. സഹപ്രവര്‍ത്തകന്റെ കാറിലാണ് അനൂപ് തിരുവനന്തപുരത്തെത്തിയത്. ഇ. വാസുവിന്റെ വസതിയായ ബേക്കറി ജങ്ഷന് ഊറ്റുകുഴി ഓഫിസേഴ്‌സ് നഗര്‍ ഹൗസ് നമ്പര്‍ ഒന്ന് മഞ്ജുഷയില്‍ പുലര്‍ച്ചക്ക് രണ്ടോടെ അദ്ദേഹം എത്തി. പിന്നീട് വീട്ടില്‍നിന്ന് പുറത്തു പോയി. ഞായറാഴ്ച രാവിലെ ഭാര്യാവസതിയായ ആനയറ കല്ലുംമൂടിന് സമീപത്തെ തീവണ്ടിപ്പാളത്തിലാണ് മൃതദേഹം കണ്ടത്. പോക്കറ്റില്‍നിന്ന് കണ്ടെത്തിയ ഫോണ്‍ നമ്പറില്‍ പൊലീസാണ് മരണവിവരം അറിയിച്ചത്.
വെള്ളാനിക്കര ഫോറസ്റ്ററി കോളജില്‍നിന്ന് 1990ല്‍ ബിരുദവും 1993ല്‍ ബിരുദാനന്തര ബിരുദവും എടുത്ത അദ്ദേഹം 1994ല്‍ സര്‍വകലാശാല സര്‍വിസില്‍ പ്രവേശിച്ചു. 2005ല്‍ ഡറാഡൂണിലെ ഫോറസ്‌റ്റ് റിസര്‍ച് ഇൻസ്റ്റിറ്റ്യൂട്ടില്‍നിന്ന് ഡോക്ടറേറ്റ് നേടി.
2021 മുതല്‍ വെള്ളാനിക്കരയിലെ ഫോറസ്റ്ററി കോളജ് ഡീനായി പ്രവര്‍ത്തിക്കുകയാണ്. ഫോറസ്‌റ്റ് പ്രോഡക്ട് ആന്‍ഡ് യൂട്ടിലൈസേഷന്‍ ഡിപ്പാര്‍ട്‌മെന്റ് മേധാവി കൂടിയാണ്. വുഡ് അനാട്ടമി, ടിംബര്‍ ഐഡന്റിഫിക്കേഷന്‍, വുഡ് ക്വാളിറ്റി ഇവാല്വേഷന്‍ ഡെന്‍ഡ്രോക്രോണോളജി എന്നീ മേഖലകളില്‍ ദേശീയതലത്തില്‍ അറിയപ്പെടുന്ന വിദഗ്ധനാണ്.
തെങ്ങിൻ തടി വ്യവസായിക അടിസ്ഥാനത്തില്‍ ഉൽപാദിപ്പിക്കുന്നതില്‍ വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മാതാവ്: പത്മിനി സി.എസ്. ഭാര്യ: രേണുക വിജയന്‍. മക്കള്‍: അഞ്ജന, അര്‍ജുന്‍. സഹോദരങ്ങള്‍: മനോജ് (റിട്ട. അസോ. പ്രഫസര്‍, യൂനിവേഴ്‌സിറ്റി കോളജ്, തിരുവനന്തപുരം), മഞ്ജുഷ (മെഡിക്കല്‍ ഓഫിസര്‍, ഐ.എ.എം). സംസ്‌കാരം തിങ്കളാഴ്ച 11.30ന് തൈക്കാട് ശാന്തികവാടത്തില്‍. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.