കൗണ്‍സില്‍ യോഗങ്ങളിൽ പങ്കെടുത്തില്ല; തൃക്കാക്കര ന​ഗരസഭ മുൻ അധ്യക്ഷ അജിത തങ്കപ്പനെ അയോ​ഗ്യയാക്കി

കൊച്ചി: തൃക്കാക്കര നഗരസഭ മുന്‍ അധ്യക്ഷ അജിത തങ്കപ്പനെ കൗൺസിലർ സ്ഥാനത്തുനിന്ന് അയോഗ്യയാക്കി. തുടര്‍ച്ചയായി കൗണ്‍സില്‍ യോഗങ്ങളിൽ പങ്കെടുക്കാത്തതിനെ തുടര്‍ന്നാണ് നടപടി. അയോഗ്യയാക്കിയ നോട്ടീസ് നഗരസഭ സെക്രട്ടറി ടി.കെ. സന്തോഷ് അജിതയുടെ വീട്ടിലെത്തി കൈമാറുകയായിരുന്നു. അവധി അപേക്ഷയോ മറ്റു കാര്യങ്ങളോ ബോധ്യപ്പെടുത്താതെ മൂന്നുമാസം തുടർച്ചയായി സ്ഥിരം സമിതിയോഗത്തിൽ പങ്കെടുക്കാതിരുന്നതാണ് നടപടിക്ക് കാരണം.

കോൺഗ്രസ് കൗൺസിലറായ അജിത തങ്കപ്പൻ ഒമ്പത് മാസം തുടര്‍ച്ചയായി വിദ്യാഭ്യാസ സ്ഥിരംസമിതി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. കഴിഞ്ഞ വര്‍ഷം തുടക്കത്തിലാണ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തുനിന്ന് രാജിവെച്ചത്. എല്‍.ഡി.എഫും സ്വതന്ത്ര കൗണ്‍സിലര്‍മാരും ചേര്‍ന്ന് യു.ഡി.എഫ് ഭരണം അട്ടിമറിക്കാനുള്ള ശ്രമം നടത്തിയതിന് പിന്നാലെയായിരുന്നു അജിതയുടെ രാജി.

സ്ത്രീ സംവരണ സീറ്റായ ചെയര്‍പേഴ്സണ്‍ സ്ഥാനം രണ്ടര വര്‍ഷത്തിന് ശേഷം എ ഗ്രൂപ്പിന് നല്‍കണമെന്ന ധാരണയിലാണ് ഐ ഗ്രൂപ്പുകാരിയായ അജിത തങ്കപ്പന്‍ സ്ഥാനമേറ്റെടുത്തത്. എന്നാല്‍ ഈ ധാരണ തങ്ങളെ അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സ്വതന്ത്ര കൗണ്‍സിലര്‍മാര്‍ എല്‍.ഡി.എഫിനൊപ്പം നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

അതേസമയം, ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയിൽ ചെയര്‍പേഴ്സണും വൈസ് ചെയര്‍പേഴ്സണും രാജിവെച്ചു. നഗരസഭ ചെയർപേഴ്സൻ സുശീലാ സന്തോഷും വൈസ് ചെയർപേഴ്സൻ യു. രമ്യയുമാണ് രാജിവെച്ചത്. ബുധനാഴ്ച എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം നടക്കാനിരിക്കെയാണ് ചൊവ്വാഴ്ച വൈകിട്ട് നാടകീയമായി രാജി പ്രഖ്യാപിച്ചത്. ബി.ജെ.പിയുടെ കൗൺസിലർ കെ.വി. പ്രഭയുടെ പിന്തുണയോടാണ് എൽ.ഡി.എഫ് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്.

News Summary - Former Chairperson of Thrikkakara Municipal Corporation Ajitha Thankappan disqualified

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.