മലപ്പുറം: എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ 99.47 ശതമാനം വിദ്യാർഥികളും വിജയിച്ച പശ്ചാത്തലത്തിൽ മുൻ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബിന്റെ കുറിപ്പ് വൈറലാവുന്നു. അദ്ദേഹം മന്ത്രിയായിരിക്കേ 2014 ൽ 95.47 ശതമാനം പേർ വിജയിച്ചതിന് ഇടതുപക്ഷ സംഘടനകൾ അബ്ദുറബ്ബിനെ കണക്കറ്റ് പരിഹസിച്ചിരുന്നു. ''സ്കൂളിന്റെ ഓടുമാറ്റാൻ വന്ന ബംഗാളിക്കും ഫുൾ എപ്ലസ്, മഴയത്ത് സ്കൂളിൽ കയറിയ ഗോപാലേട്ടന്‍റെ പശുവിനും വിജയം...'' തുടങ്ങിയ ട്രോളുകൾ അന്ന് വ്യാപകമായി പരിഹസിച്ചിരുന്നു. ഇതിനൊക്കെ അക്കമിട്ട് മറുപടി പറയുകയാണ് അബ്ദുറബ്ബ്.
''ഗോപാലേട്ടൻ്റെ പശുവില്ല, ആമിനത്താത്തയുടെ പൂവൻ കോഴിയില്ല, സ്കൂളിൻ്റെ ഓട് മാറ്റാൻ വന്ന ബംഗാളിയുമില്ല. റിസൾട്ട് പ്രഖ്യാപിച്ചത് ഞാനല്ലാത്തത് കൊണ്ട് ഇജ്ജാതി ട്രോളുകളൊന്നുമില്ല'' -എന്നു തുടങ്ങുന്ന കുറിപ്പിൽ സംസ്ഥാനത്തെ വിജയശതമാനത്തിലെ ക്രമാനുഗത വളർച്ച കണക്കുകൾ സഹിതം വിശദീകരിക്കുന്നുണ്ട്. 'വിജയശതമാനം കൂടിയത് മന്ത്രിയുടെ കഴിവു കേടല്ല. വിദ്യാർത്ഥികളേ, നിങ്ങളുടെ മിടുക്കു കൊണ്ടാണ്. നിങ്ങളുടെ വിജയത്തെ വില കുറച്ചു കാണുന്നില്ല. ഉപരിപഠന യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ'' എന്നുപറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
SSLC വിജയശതമാനം 99.47.
ഗോപാലേട്ടന്‍റെ പശുവില്ല,
ആമിനത്താത്തയുടെ പൂവൻ കോഴിയില്ല,
സ്കൂളിൻ്റെ ഓട് മാറ്റാൻ വന്ന ബംഗാളിയുമില്ല.
റിസൾട്ട് പ്രഖ്യാപിച്ചത് ഞാനല്ലാത്തത് കൊണ്ട്
ഇജ്ജാതി ട്രോളുകളൊന്നുമില്ല.
2011 ൽ എം.എ.ബേബി വിദ്യാഭ്യാസ മന്ത്രിയായ സമയത്ത് 91.37 ആയിരുന്നു വിജയശതമാനം. പിന്നീട് ഞാൻ മന്ത്രിയായിരുന്ന കാലത്തും SSLC
വിജയശതമാനം കൂടിക്കൂടി വന്നു.
2012 ൽ 93.64%
2013 ൽ 94.17%
2014 ൽ 95.47 %
2015 ൽ 97.99%
2016 ൽ 96.59%
UDF ന്‍റെ കാലത്താണെങ്കിൽ വിജയശതമാനം ഉയരുമ്പോൾ വിദ്യാർത്ഥികളുടെ കഴിവിനെ
വില കുറച്ചു കാണിക്കുക, മന്ത്രിയെ ട്രോളുക, കുറ്റപ്പെടുത്തുക.. ഇതൊക്കെയാണ് ഇടത് സൈബർ പോരാളികളുടെ സ്ഥിരം പണി.
2016 മുതൽ പ്രഫസർ രവീന്ദ്രനാഥ് മന്ത്രിയായ ശേഷമുള്ള വിജയശതമാനവും ഉയരത്തിൽ തന്നെയായിരുന്നു.
2017 ൽ 95.98%
2018 ൽ 97.84%
2019 ൽ 98.11%
2020 ൽ 98.82%
ഇപ്പോഴിതാ 2021 ൽ 99.47% പേരും SSLC ക്ക് ഉപരിപഠന യോഗ്യത നേടിയിരിക്കുന്നു.
വിജയശതമാനം കൂടിയത് മന്ത്രിയുടെ കഴിവു കേടല്ല, വിദ്യാർത്ഥികളേ നിങ്ങളുടെ മിടുക്കു കൊണ്ടാണ്. നിങ്ങളുടെ വിജയത്തെ വില കുറച്ചു കാണുന്നില്ല.
ഉപരിപഠന യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.