കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ച് മരിച്ച സിസ്റ്റർ ലിനിയെ അനുസ്മരിച്ച് മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റ്. ലിനിയുടെ ഓർമ്മകൾക്ക് മരണമില്ലെന്ന് കെ.കെ. ശൈലജ എഫ്.ബിയിൽ കുറിച്ചു.
ലിനിയുടെ ഓർമ്മകൾക്ക് മരണമില്ല. ഈ ദിനം ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല. അത്രയേറെ തീവ്രതയോടെ ഉള്ളിനുള്ളിൽ പതിഞ്ഞിട്ടുണ്ട് ലിനി എന്ന ജീവത്യാഗിയായ മാലാഖയുടെ മുഖം. ആദ്യ ഘട്ടത്തിൽ വൈറസ് ബാധിച്ച 18 പേരിൽ 16 പേരെയും നമുക്ക് നഷ്ടപ്പെട്ടിരുന്നു. രോഗപ്പകർച്ച കൂടിയ വൈറസ് ആയിരുന്നിട്ടും കൂടുതൽ ആളുകളിലേക്ക് രോഗപ്പകർച്ച തടയാൻ കഴിഞ്ഞത് വലിയ നേട്ടമാണ്.
ആരോഗ്യ വകുപ്പിലേയും മൃഗസംരക്ഷണ വകുപ്പ് അടക്കമുള്ള വ്യത്യസ്ത വകുപ്പുകളിലേയും, മുൻ മന്ത്രി ടി.പി. രാമകൃഷ്ണന്‍, മറ്റ് ജനപ്രതിനിധികള്‍ അടക്കമുള്ളവരുടെ സഹകരണത്തോടെ പഴുതടച്ച പ്രചാരണ പ്രവര്‍ത്തനങ്ങളാണ് ഈ നേട്ടത്തിന് ആധാരം.
നിപ്പ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെയാണ് ലിനി സിസ്റ്റർക്ക് രോഗം ബാധിക്കുന്നത്. താൻ മരണത്തിലേക്ക് അടുക്കുകയാണെന്ന് അറിഞ്ഞിട്ടും പ്രിയ ഭർത്താവിന് എഴുതിയ കത്ത് ഇന്നും ഏറെ വേദന നിറയ്ക്കുന്നു. കേരളത്തിന്‍റെ പോരാട്ട ഭൂമിയിലെ ഒരു ധീരനക്ഷത്രമായ ലിനിയുടെ ഓർമകൾക്ക് മുൻപിൽ ഒരുപിടി രക്തപുഷ്പങ്ങൾ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.