ആലപ്പുഴ: കേരള രാഷ്ട്രീയത്തിലെ വിപ്ലവ നക്ഷത്രം കെ.ആർ. ഗൗരിയമ്മ ഇനി ജ്വലിക്കുന്ന ഓർമ. പൂർണ ഔദ്യേഗിക ബഹുമതികളോടെ കെ.ആർ. ഗൗരിയമ്മയുടെ മൃതശരീരം ആലപ്പുഴ വലിയ ചുടുകാട് ശ്മശാനത്തിൽ സംസ്കരിച്ചു. പ്രിയപ്പെട്ട ടി.വി. തോമസിന്റെ ശവകുടീരത്തിന് തൊട്ടടുത്താണ് ഗൗരിയമ്മക്കും അന്ത്യവിശ്രമം ഒരുക്കിയത്.
രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ ഗൗരിയമ്മക്ക് അന്ത്യോപചാരം അർപ്പിക്കാനെത്തിയിരുന്നു. കോവിഡ് ചട്ടങ്ങൾ നിലനിൽക്കുന്നതിനാൽ പൊലീസ് ഇടപെട്ടാണ് ജനത്തിരക്ക് നിയന്ത്രിച്ചത്.
കേരളത്തിെൻറ വിപ്ലവപഥങ്ങൾക്ക് അതിരില്ലാത്ത സമരവീര്യങ്ങളാൽ കരുത്തുപകർന്ന ഒരു യുഗമാണ് അസ്തമിച്ചത്. സംസ്ഥാനം ഇന്നേവരെ കണ്ട പ്രമുഖരായ രാഷ്ട്രീയ നേതാക്കളിൽ മുൻനിരയിൽ നിലയുറപ്പിച്ച ഗൗരിയമ്മയുടെ അന്ത്യം രാവിലെ ഏഴുമണിക്കായിരുന്നു. കേരളത്തിന്റെ കമ്യൂണിസ്റ്റ് രാഷ്ട്രീയ ചരിത്രത്തിൽ പോരാട്ടത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും പടിയിറക്കത്തിന്റെയുമൊക്കെ സമാനതകളില്ലാത്ത ഏട് എഴുതിച്ചേർത്താണ് ഗൗരിയമ്മയുടെ മടക്കം.
രക്തത്തിലെ അണുബാധയെ തുടർന്ന് കരമന പി.ആർ.എസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പനിയും ശ്വാസംമുട്ടലും കാരണമാണ് ഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് ബാധയില്ലെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു. കേരള രാഷ്ട്രീയത്തിലെ സ്ത്രീ പ്രാതിനിധ്യത്തിലെ ഏറ്റവും ശ്രദ്ധേയമായ പേരായിരുന്നു ഗൗരിയമ്മയുടേത്. ഇന്ത്യയിൽ തന്നെ കൂടുതൽ കാലം സംസ്ഥാന മന്ത്രിപദവിയിലിരുന്ന വനിതക്കുള്ള റെക്കോർഡ് ഗൗരിയമ്മക്കാണ്. കേരള നിയമസഭയിൽ രണ്ടുതവണ ചേർത്തല നിയോജകമണ്ഡലത്തെയും എട്ടുതവണ അരൂർ നിയോജകമണ്ഡലത്തെയും പ്രതിനിധീകരിച്ചിട്ടുണ്ട്.
1919 ജൂൈല 14ന് ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് വില്ലേജിൽ കളത്തിപ്പറമ്പിൽ രാമെൻറയും പാർവതിയമ്മയുടെയും മകളായാണ് ജനനം. തുറവൂർ തിരുമല ദേവസ്വം സ്കൂളിലും ചേർത്തല ഇംഗ്ലീഷ് സ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ്, സെൻറ് തെരേസാസ്, തിരുവനന്തപുരം ഗവ. ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു ഉന്നത പഠനം.
വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ ഗൗരിയമ്മ 1946ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. തൊഴിലാളി-കർഷക പ്രക്ഷോഭങ്ങളിൽ അണിനിരന്നതിന്റെ പേരിൽ നിരവധി തവണ തടവു ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
1948ൽ തിരു-കൊച്ചി നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും 1952ൽ തിരു -കൊച്ചി സഭയിലേക്കു തന്നെ നടന്ന തെരഞ്ഞെടുപ്പിൽ കന്നിവിജയം സ്വന്തമാക്കി. '54ലും ജയം ആവർത്തിച്ചു. കേരള നിയമസഭയിലേക്ക് ആദ്യമായി നടന്ന 1957ലെ തെരഞ്ഞെടുപ്പിൽ ചേർത്തലയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടു. ഇ.എം.എസ് നേതൃത്വം നല്കിയ പ്രഥമ കേരള മന്ത്രിസഭയില്‍ റവന്യൂ, എക്സൈസ്, ദേവസ്വം വകുപ്പുകളുടെ മന്ത്രിയായി. അതേ വർഷം തന്നെയായിരുന്നു കമ്യൂണിസ്റ്റ് നേതാവ് ടി.വി. തോമസുമായുള്ള വിവാഹം.
1964ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ ഗൗരിയമ്മ സി.പി.എമ്മിലും ടി.വി തോമസ് സി.പി.ഐയിലുമായി. ഇതോടെ ജിവിതത്തിലും ഇരുവരും വേർപിരിഞ്ഞു. 1967ലെ രണ്ടാം ഇ.എം.എസ് മന്ത്രിസഭയിലും 1980ലെ ഒന്നാം നായനാർ മന്ത്രിസഭയിലും 1987ലെ രണ്ടാം മന്ത്രിസഭയിലും അംഗമായിരുന്നു. പാർട്ടിക്കെതിരാത പരാമർശങ്ങളെ തുടർന്ന് 1994 ജനുവരിയിൽ സി.പി.എമ്മിൽ നിന്നും പുറത്താക്കി. തുടർന്ന് ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്) എന്ന പാർട്ടിയുണ്ടാക്കി അതിെൻറ പ്രഥമ ജനറൽ സെക്രട്ടറിയായി.
1996ലും 2001ലും യു.ഡി.എഫ് മുന്നണിക്കൊപ്പം ചേർന്ന് അരൂരിൽ നിന്ന് നിയമസഭയിലെത്തിയ ഗൗരിയമ്മ ആൻറണി മന്ത്രിസഭയിലും ഉമ്മൻ ചാണ്ടി മന്ത്രിസഭയിലും അംഗമായി. 2006ലെ തെരഞ്ഞെടുപ്പിൽ അരൂരിൽ ദീർഘകാലത്തിനുശേഷം തോൽവിയറിഞ്ഞു. 2011ലും തോൽവി ആവർത്തിച്ചു. അവസാന കാലത്ത് ഇടതുമുന്നണിയുമായി അടുത്തെങ്കിലും അർഹമായ പരിഗണന ലഭിച്ചില്ലെന്ന് ഗൗരിയമ്മ പരിഭവിച്ചിരുന്നു. ഗൗരിയമ്മ സ്വന്തം ജീവിതം പറഞ്ഞ 'ആത്മകഥ'ക്ക് 2011ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
14.7.1919: ആലപ്പുഴ പട്ടണക്കാട്ട് കളത്തിപ്പറമ്പിൽ രാമെൻറയും പാർവതിയമ്മയുടെയും മകളായി ജനനം.
1946: കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു.
1952, 1954: ട്രാവന്‍കൂര്‍ കൊച്ചിന് ലെജിസ്ലേറ്റിവ് അസംബ്ലി മെംബര്‍
1957: കേരളത്തിെൻറ ആദ്യ നിയമസഭയിൽ അംഗമായി ചേര്‍ത്തലയിൽനിന്ന് ജയിച്ചു.
05.04.1957: പ്രഥമ കേരള മന്ത്രിസഭയില്‍ റവന്യൂ, എക്സൈസ്, ദേവസ്വം മന്ത്രി.
30.5.1957: കമ്യൂണിസ്റ്റ് നേതാവ് ടി.വി. തോമസുമായുള്ള വിവാഹം.
1960: ചേർത്തലയിൽ നിന്ന് വീണ്ടും ജയം.
1967, 1970, 1980, 1982, 1987, 1991, 1996, 2001: അരൂരിൽനിന്ന് നിയമസഭയിൽ.
1967: രണ്ടാം ഇ.എം.എസ് മന്ത്രിസഭയില്‍ റവന്യൂ, ഭക്ഷ്യ മന്ത്രി.
1980: ഒന്നാം നായനാര്‍ മന്ത്രിസഭയില്‍ കൃഷി, സാമൂഹികക്ഷേമ മന്ത്രി.
1987: രണ്ടാം നായനാര്‍ മന്ത്രിസഭയില്‍ വ്യവസായം, സാമൂഹികക്ഷേമ മന്ത്രി.
1.1.1994: സി.പി.എമ്മിൽനിന്നു പുറത്താക്കി.
20.03.1994: ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്) എന്ന പാർട്ടിയുണ്ടാക്കി. ജെ.എസ്.എസിെൻറ പ്രഥമ ജനറൽ സെക്രട്ടറി.
2001: മൂന്നാം ആൻറണി മന്ത്രിസഭയില്‍ കൃഷി, കയര്‍ മന്ത്രി.
2004 : ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ കൃഷി, കയര്‍ മന്ത്രി.
2006:തുടർച്ചയായി ആറുതവണ വിജയിച്ച ശേഷം അരൂരിൽ സി.പി.എമ്മിലെ എ.എം. ആരിഫിനോട് പരാജയപ്പെട്ടു.
2011:അരൂരിൽ വീണ്ടും പരാജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.