മുസ്‍ലിം ലീഗ് നേതാവും മുൻ എം.എൽ.എയുമായ ഡോ. എ. യൂനുസ്​ കുഞ്ഞ് അന്തരിച്ചു

കൊല്ലം: മുൻ എം.എൽ.എയും മുസ്​ലിംലീഗ്​​ ദേശീയ അസി.സെക്രട്ടറിയുമായ ഡോ. എ. യൂനുസ്​ കുഞ്ഞ് ​(82) അന്തരിച്ചു. കോവിഡാനന്തര ചികിത്സക്കിടെ ഹൃദയാഘാതത്തെ തുടർന്ന്​ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച പുലർച്ചയായിരുന്നു അന്ത്യം. ജനുവരി 23ന്​ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. കോവിഡ്​ മുക്തനായെങ്കിലും ന്യുമോണിയബാധ ഗുരുതരമായി.

കൊല്ലൂര്‍വിള പള്ളിമുക്കില്‍ ഷാജഹാന്‍ മന്‍സിലില്‍ രാവിലെ എത്തിച്ച മൃതദേഹം തുടർന്ന്​ യൂനുസ് കോളജ് ഓഫ് എൻജിനീയറിങ്​ അങ്കണത്തില്‍ പൊതുദര്‍ശനത്തിന് വെച്ചു. വൈകീട്ട് ഔദ്യോഗിക ബഹുമതികളോടെ കൊല്ലൂര്‍വിള ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കം നടത്തി. പാണക്കാട്​ മുനവ്വറലി ശിഹാബ്​ തങ്ങൾ മയ്യത്ത്​ നമസ്കാരത്തിന്​ നേതൃത്വം നൽകി.

1991ൽ മലപ്പുറത്തുനിന്ന്​ അന്നത്തെ റെക്കോഡ്​ ഭൂരിപക്ഷത്തിൽ വിജയിച്ചാണ്​ നിയമസഭയിലെത്തിയത്​. ഒരേസമയം എം.എൽ.എ, ജില്ല കൗൺസിൽ അംഗം, വടക്കേവിള പഞ്ചായത്ത്​ പ്രസിഡന്‍റ്​ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇരവിപുരം, പുനലൂർ നിയോജക മണ്ഡലങ്ങളിൽനിന്ന്​ നിയമസഭയിലേക്ക്​ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

നാൽപതുവർഷത്തോളം മുസ്​ലിംലീഗ്​ ജില്ല പ്രസിഡന്‍റ്​ ആയിരുന്നു. കൊല്ലം കോര്‍പറേഷന്‍ കൗണ്‍സിലറുമായിരുന്നു. കശുവണ്ടി വ്യവസായിയും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകനുമായ അദ്ദേഹം​ നിലവിൽ ഫാത്തിമ മെമ്മോറിയല്‍ എജുക്കേഷനല്‍ ട്രസ്റ്റ് (എഫ്​.എം.ഇ.ടി) ചെയര്‍മാന്‍, ജമാഅത്ത്​ ​ഫെഡറേഷൻ സംസ്ഥാന ട്രഷറർ എന്നീ നിലകളിലും പ്രവർത്തിക്കുകയായിരുന്നു.

സ്റ്റീൽ ഇൻഡസ്​ട്രീസ്​ കേരള ലിമിറ്റഡ് ​(സിൽക്​) ചെയർമാൻ, കാഷ്യൂ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍, കേരള അൺ എയ്​ഡഡ്​ ബി.എഡ്​ മാനേജ്​മെന്‍റ്​ അസോസിയേഷൻ പ്രസിഡന്‍റ്​, കേരള ​സ്വാശ്രയ എൻജിനീയറിങ്​ കോളജ്​ മാനേജ്​മെന്‍റ്​ അസോസിയേഷൻ പ്രസിഡന്‍റ്​ പദവികളും വഹിച്ചു.

പരേതരായ അബ്​ദുല്ല-ഫാത്തിമ ദമ്പതികളുടെ മകനാണ്​. ഭാര്യ: ദരീഫബീവി (എഫ്​.എം.ഇ.ടി​ സെക്രട്ടറി). മക്കൾ: ഷാജഹാൻ (എഫ്​.എം.ഇ.ടി വൈസ് ചെയർമാൻ), വൈ. നൗഷാദ് (എഫ്​.എം.ഇ.ടി വൈസ് ചെയർമാൻ), അഡ്വ. വൈ. അൻസാർ, വൈ. ഹാഷിം, നൂർജഹാൻ, മുംതാസ്, റസിയ (എല്ലാവരും എഫ്​.എം.ഇ.ടി ഡയറക്ടർ)

മരുമക്കൾ: സുജ ഷാജഹാൻ, ഡോ. നൗഫൽ (ബെൻസിഗർ ഹോസ്​പിറ്റൽ, കൊല്ലം), സജീന നൗഷാദ്, ഷറഫുദീൻ (കശുവണ്ടി വ്യവസായി), സീനു അൻസാർ, ഡോ. നസ്മൽ (ദുബൈ), പ്രഫ. മുനീറ ഹാഷിം.

Tags:    
News Summary - former MLA and Muslim league leader A Younus Kunju passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.